(1173) ഹോജയുടെ കൈക്കൂലി!
ഒരിക്കൽ, ഹോജ മുല്ല ഒരു ധനികനുമായി വഴക്കുണ്ടാക്കി. അതിനിടയിൽ, ഹോജ അയാളെ ചീത്ത വിളിക്കുകയും ചെയ്തു.
ഉടൻ, ധനികൻ ന്യായാധിപൻ്റെ അടുക്കലെത്തി പരാതി ബോധിപ്പിച്ചു. അതിനെ തുടർന്ന് ഭടന്മാർ വന്ന് ഹോജയെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടുപോയി.
ന്യായാധിപൻ വലിയൊരു കൈക്കൂലിക്കാരനെന്ന് ഹോജയ്ക്ക് അറിയാമായിരുന്നു. അതിനാൽ, വരുന്ന വഴിയിൽ നിന്നും രണ്ട് ഉരുളൻ കല്ലുകൾ ഓരോ കീശയിലും ഇട്ടു.
ന്യായാധിപൻ ഹോജയെ വിസ്തരിക്കാൻ തുടങ്ങിയപ്പോൾ കോപിച്ചു. അതേസമയം, ഹോജ തൻ്റെ കീശയിലെ കല്ലുകൾ പുറമെ കാണാതെ നേരെ വയ്ക്കുന്നതായി ഭാവിച്ചു.
ഉടൻ, ന്യായാധിപൻ പിറുപിറുത്തു - "ഇവൻ്റെ രണ്ടു കീശയിലും നാണയങ്ങളുണ്ടന്ന് എന്നെ സൂചിപ്പിച്ചതാണ്"
അദ്ദേഹം ശബ്ദമുയർത്തി ധനികനെ ശകാരിച്ചു - "ഹോജ വളരെ നല്ല മനുഷ്യനാണ്. അയാൾ ചീത്ത വാക്കുകൾ പറയുന്ന ആളല്ല. അതിനാൽ നിങ്ങൾക്കു പോകാം"
ധനികൻ നിരാശയോടെ നടന്നു നീങ്ങിയപ്പോൾ ന്യായാധിപൻ ഹോജയുടെ അടുക്കലെത്തി ചോദിച്ചു - "താങ്കൾ ചീത്ത വിളിച്ചെന്ന് എനിക്കറിയാം. തീർച്ചയായും ശിക്ഷ അർഹിക്കുന്ന കാര്യമാണ്. ഞാൻ ഇളവു ചെയ്തതിൻ്റെ പ്രതിഫലമായി തൻ്റെ കീശയിൽ ഉള്ളത് എനിക്കു തരിക"
ഉടൻ, ഹോജ രണ്ട് ഉരുളൻ കല്ലുകൾ കീശയിൽ നിന്നും പുറത്തെടുത്തു. എന്നിട്ട്, പറഞ്ഞു -"ഈ കല്ലുകൾ കൈക്കൂലിക്കാരനായ താങ്കൾക്ക് തരാൻ ഞാൻ കരുതിയതാണ്. എന്തിനെന്നോ? എനിക്ക് എതിരായ ശിക്ഷ വിധിച്ചാൽ തൻ്റെ തല എറിഞ്ഞു പൊട്ടിക്കാനായിരുന്നു. എന്തായാലും അതിൻ്റെ ആവശ്യം വന്നില്ല. താങ്കൾക്കു നന്ദി!"
ന്യായാധിപൻ ഞെട്ടിത്തരിച്ച സമയത്ത് ഹോജ വേഗം സ്ഥലം വിട്ടു.
Written by Binoy Thomas, Malayalam eBooks-1173 - Hoja stories - 102-PDF-https://drive.google.com/file/d/1tT4SjN_x3ATZck8Vv05vWV7v_zoif8ka/view?usp=drivesdk
Comments