(1189) സന്യാസിയുടെ മാമ്പഴം!
സിൽബാരിപുരം ദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സന്യാസിയുണ്ടായിരുന്നു. അയാൾ അയൽ രാജ്യത്തെ പൗരനാണെന്നാണ് ആളുകൾ പറയുന്നത്. മിക്കവാറും ഏതെങ്കിലും മരത്തണലിൽ ആകും വിശ്രമവും ഉറക്കവും.
ഒരു ദിവസം, ചന്തയിലേക്ക് കുതിരവണ്ടിയിൽ പോകുകയായിരുന്നു ആ നാട്ടിലെ പ്രഭു. അയാൾ ഒട്ടും വിട്ടുവീഴ്ചയില്ലാതെ അമിത ലാഭത്തിൽ കച്ചവടം ചെയ്യുന്നവനാണ്. അയാൾ നോക്കിയപ്പോൾ സന്യാസി ചില തൈകൾക്ക് വെള്ളം ഒഴിക്കുന്നതു കണ്ടു.
ഈ സന്യാസി എന്താണു ചെയ്യുന്നതെന്ന് അറിയാൻ വേണ്ടി പ്രഭു കുതിരവണ്ടിയിൽ നിന്നും ഇറങ്ങി. അദ്ദേഹം ചോദിച്ചു - "ഇത് വഴിയോരമാണ്. നിങ്ങൾ ഇവിടെ എന്തു ചെയ്യുകയാണ്?"
സന്യാസി പറഞ്ഞു -"ഇത് നല്ല രുചിയുള്ള ഇനം മാമ്പഴത്തിൻ്റെയും ചക്കപ്പഴത്തിൻ്റെയും കുരു കുഴിച്ചിട്ട് ഞാൻ വളർത്തിയ തൈയാണ്. അതു വാടിപ്പോകാതെ അടുത്തുള്ള കുളത്തിലെ വെള്ളം കൊണ്ടു വന്ന് ഒഴിക്കുകയാണ് "
ഉടൻ, പ്രഭു പരിഹാസത്തോടെ ചോദിച്ചു - "താങ്കൾ എന്തൊരു മണ്ടനാണ്? ഈ മാവും പ്ലാവും ഫലം തരുന്നതിനു മുൻപ് വയസ്സായ ഇയാൾ മരിക്കില്ലേ? എന്നെ നോക്കൂ. ഞാൻ ലാഭം കിട്ടാത്ത ഒന്നിലും സമയം കളയില്ല"
സന്യാസി പറഞ്ഞു -"ഈ പ്രവൃത്തി കൊണ്ട് മറ്റുള്ളവർക്കു ലാഭം കിട്ടുമല്ലോ. എനിക്കത് മതി. കാരണം, പലപ്പോഴും ഞാൻ എൻ്റെ ജീവനെ പിടിച്ചു നിർത്തുന്നതിൻ്റെ കാരണം, മറ്റാരോ ഇതുപോലെ നട്ടു വളർത്തിയ പഴവർഗ്ഗങ്ങളാണ്. ഇനി വരുന്ന തലമുറയ്ക്കും കൂടി അങ്ങനെ കൊടുക്കേണ്ട കടമ എനിക്കുണ്ട് "
പ്രഭു ഒന്നും മിണ്ടാതെ കുതിരവണ്ടിയിൽ കയറി അവിടം വിട്ടു. പക്ഷേ, സന്യാസിയുടെ വാക്കുകൾ അയാളെ സ്വാധീനിച്ചു. അയാൾ പോകുന്ന വഴിയിൽ കണ്ടതൊക്കെ അനേകം ആളുടെ ശ്രമഫലമായി ഉണ്ടായതാണെന്ന് മനസ്സിലാക്കുകയും ചെയ്തു. പലതും പലരും പണം വാങ്ങാതെ ചെയ്തതുമായിരുന്നു.
തൻ്റെ ശൈലിയിൽ മാറ്റം വരുത്താൻ അയാൾ തീരുമാനിച്ചു. കച്ചവടത്തിലെ കൊള്ളലാഭം വേണ്ടെന്ന് വച്ചു. മാത്രമല്ല, കിട്ടിയ ലാഭത്തിലെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചു തുടങ്ങി.
ആശയം: മഹാനായ സയൻ്റിസ്റ്റ് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ ആശയവും ഇതുപോലെയായിരുന്നു - "ഞാൻ അനുഭവിക്കുന്ന കാര്യങ്ങളിൽ അനേകം ആളുകളോട് കടപ്പെട്ടിരിക്കുന്നു. അതിനാൽ, ഈ ലോകത്തിൽ പലതും തിരികെ കൊടുക്കാനും എനിക്കു ബാധ്യതയുണ്ട്"
Written by Binoy Thomas, Malayalam eBooks-1189 - Goodness - 54, PDF-https://drive.google.com/file/d/1vj7QwG6JM_6LZpVhGutzSdxFT2-J83t3/view?usp=drivesdk
Comments