(1172) സന്യാസിയും ഉണ്ണിക്കുട്ടനും!
സിൽബാരിപുരം ദേശത്തുള്ള പ്രശസ്തമായ അമ്പലത്തിൻ്റെ അടുത്താണ് ഉണ്ണിക്കുട്ടൻ്റെ വീട്. ആ പ്രദേശമാകെ ഗ്രാമത്തിൻ്റെ ഭംഗി നിറഞ്ഞു നിന്നിരുന്നു.
അവൻ്റെ വീടിനു മുന്നിലുള്ള വഴിയിലൂടെ അമ്പലത്തിലേക്ക് ധാരാളം ആളുകൾ എത്താറുണ്ട്. പ്രധാനമായും ഓരോ മാസത്തിൻ്റെയും ആദ്യ ദിവസത്തിൽ ആളുകൾ ദൂരെ ദിക്കിൽ നിന്നു പോലും എത്തുന്നത് പതിവാണ്.
ഒരു ദിവസം, പ്രായമേറിയ സന്യാസി അതുവഴി പോയപ്പോൾ ഉണ്ണിക്കുട്ടൻ പാതയോരത്തുള്ള ഒരു മരച്ചുവട്ടിൽ നിൽക്കുകയാണ്. ഇലയുടെ അടിയിലെ വെളുത്ത പ്യൂപ്പകൾ ശലഭങ്ങളായി പറന്നു പോകുന്നുണ്ടായിരുന്നു.
സന്യാസി അവനെ കണ്ടപ്പോൾ അവൻ എന്തു ചെയ്യുകയാണെന്ന് ശ്രദ്ധിച്ചു. കയ്യിലെ ചെറിയ കമ്പുകൊണ്ട് ഇലയുടെ അടിയിലുള്ള പൊതിഞ്ഞ് ഇരിക്കുന്ന പ്യൂപ്പയുടെ ആവരണത്തെ പൊട്ടിക്കുകയായിരുന്നു.
പക്ഷേ, പൊട്ടിച്ചവ ശലഭമായി പറന്നു പൊങ്ങിയില്ല. അതെല്ലാം ചത്തുവീണു. ഉണ്ണിക്കുട്ടൻ അമ്പരന്നു നിന്നപ്പോൾ സന്യാസി അവനെ വിളിച്ചു -
"മോനെ, ശലഭമായി പറന്നു പൊങ്ങാൻ അവർക്കു തനിയെ അറിയാം. എന്നാൽ, നീ സഹായിച്ചതിനാൽ അവറ്റകളുടെ ജീവൻ നഷ്ടമായി. കാരണം, പൂർണ്ണ വളർച്ച എത്താതെ കുറച്ചു നേരത്തേ ആയിപ്പോയി"
ചിന്തിക്കുക - പ്രകൃതിയുടെ കൃത്യനിഷ്ഠയും ചിട്ടവട്ടങ്ങളുമെല്ലാം മനുഷ്യൻ അനുസരിക്കണം. അല്ലാത്ത പക്ഷം പലവിധ പ്രകൃതി ദുരന്തങ്ങളും നാശനഷ്ടങ്ങളും വന്നേക്കാം.
Written by Binoy Thomas, Malayalam eBooks - 1172- Folk tales - 67. PDF-https://drive.google.com/file/d/1O2IHEXtSMiVK_eBhj0LGRj-ZpezD4iNc/view?usp=drivesdk
Comments