(1179) രാജ്യത്തിൻ്റെ പകുതി!
പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്തിൻ്റെ പകുതിയോളം മരുഭൂമിയായിരുന്നു. ഒരിക്കൽ, അവിടത്തെ വിക്രമൻരാജാവിന് കോസലപുരം രാജ്യത്തിലേക്ക് യാത്ര പോകേണ്ടതായി വന്നു. കോസല രാജാവിനെ കാണുന്നതിനാൽ വില പിടിച്ച വജ്ര കിരീടവും പട്ടുവസ്ത്രങ്ങളും സ്വർണമാലകളും അയാൾ അണിഞ്ഞിരുന്നു.
അതേ സമയം, വേഗത്തിൽ പോയി തിരിച്ചു വരേണ്ടതായ കൊട്ടാരത്തിലെ ആവശ്യവും രാജാവിനു വന്നു. അതിനാൽ, രാജാവ് ദൂരക്കുറവുള്ള മരുഭൂമിയിലൂടെയുള്ള വഴി തെരഞ്ഞെടുത്തു.
പക്ഷേ, അതൊരു വേനൽക്കാലമായിരുന്നു. മണൽപ്പരപ്പിലെ ചൂട് രാജാവ് വിചാരിച്ചതിലും കൂടുതലായിരുന്നു.
പാതി ദൂരം കുതിരപ്പുറത്ത് പോയപ്പോൾത്തന്നെ പരവേശം മൂലം കയ്യിലെ വെള്ളമെല്ലാം വേഗം കുടിച്ചു തീർത്തു. എന്നിട്ടും ഉടൻ തന്നെ വീണ്ടും അയാളുടെ തൊണ്ട വരണ്ടു.
മാത്രമല്ല, കുതിരയും ക്ഷീണിച്ചിരുന്നു. രാജാവ് വിഷമിച്ച് മുന്നോട്ട് മെല്ലെ പോകവേ, അകലെ മരുഭൂമിയിൽ കാണപ്പെടുന്ന ഒരു വൃക്ഷം കണ്ടു. അവിടെ എത്തിയപ്പോൾ ഒരു വൃദ്ധൻ തുണിസഞ്ചിയും വടിയുമായി ഇരിക്കുന്നതു കണ്ടു.
രാജാവിനെ കണ്ട മാത്രയിൽ വൃദ്ധൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അതുകണ്ട്, രാജാവ് കോപം കൊണ്ട് ജ്വലിച്ചു.
"ഞാൻ ഈ രാജ്യത്തെ രാജാവ് ആണെന്ന് നിനക്കറിയാമോ?"
വൃദ്ധൻ ചിരി നിർത്താതെ തുടർന്നു - "ഈ മരുഭൂമിയിൽ ഞാനും നീയും എല്ലാം ഒരു പോലെയാണ്. ഇവിടെ ആവശ്യമാണ് രാജാവ്. താങ്കൾക്ക് എന്താണു വേണ്ടത്?"
രാജാവ് പരവേശത്തോടെ പറഞ്ഞു -"എനിക്ക് കുടിക്കാൻ ഉടനെ വെള്ളം വേണം"
അന്നേരം, വൃദ്ധൻ ചോദിച്ചു - "ഞാൻ വെള്ളം തന്നാൽ പകരം എന്തു തരും?"
രാജാവ് തുടർന്നു - "എൻ്റെ കിരീടവും ആഭരണങ്ങളും തരാം"
വൃദ്ധൻ നിരസിച്ചു - "അതു സാദ്ധ്യമല്ല. പകുതി പാത്രം വെള്ളം തരാൻ അതിലും കൂടുതൽ എനിക്കു വേണം"
രാജാവ് തളർച്ചയോടെ പറഞ്ഞു -"ഞാൻ പകുതി രാജ്യം കൂടി തരാം"
വൃദ്ധൻ ഒട്ടും മനസ്സലിവ് കാട്ടിയില്ല. ആ കൊടുംചൂടിൽ താൻ തളർന്നു വീണു മരിക്കുമെന്ന് രാജാവിനു മനസ്സിലായി. രാജാവ് അതിനാൽ വീണ്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി.
"എൻ്റെ മുഴുവൻ രാജ്യവും ഞാൻ തനിക്കു തരാം. വേഗം വെള്ളം തരൂ. എനിക്കു ബോധം മറയുന്നു"
ഉടൻ, വൃദ്ധൻ ആ പാത്രത്തിലെ വെള്ളം മുഴുവനും രാജാവിനു കുടിക്കാൻ കൊടുത്തു. രാജാവിന് പുതുജീവൻ കിട്ടിയതുപോലെ തോന്നി. അദ്ദേഹം പറഞ്ഞു -"താങ്കളോടു പറഞ്ഞ വാക്കു പാലിക്കാൻ നമ്മൾ തിരികെ എൻ്റെ കൊട്ടാരത്തിലേക്കു പോകുന്നു"
ഉടൻ, വൃദ്ധൻ പറഞ്ഞു -"താങ്കളുടെ രാജ്യത്തിൻ്റെ വില എൻ്റെ ഒരു പാത്രം വെള്ളത്തിനു സമമാണ്. എനിക്ക് താങ്കൾ യാതൊന്നും തിരികെ തരേണ്ടതില്ല"
ഉടൻ, രാജാവ് വൃദ്ധൻ്റെ കാലിൽ തൊട്ടു വന്ദിച്ചു. രാജാവിനെ അയാൾ അനുഗ്രഹിച്ചു - "അഹങ്കാരം വെടിഞ്ഞ് നല്ല രാജാവായി ഈ നാടു ഭരിക്കുക. യാത്ര മുടക്കേണ്ടതില്ല"
രാജാവ് സന്തോഷത്തോടെ കോസലപുരത്തേക്കു യാത്രയായി.
ആശയം: ഈ ലോകത്ത് നാം അമിതവില കൽപ്പിക്കുന്ന പദവിയും അധികാരവും സമ്പത്തും സൗന്ദര്യവും തറവാടിത്തവുമൊക്കെ വെറും നശ്വരങ്ങളാണ് എന്നു ചിന്തിക്കണം. അനശ്വരമായ ദൈവ സ്നേഹവും മനുഷ്യത്വവും ജീവിത നിയോഗവും കണ്ടെത്തുക.
Written by Binoy Thomas, Malayalam eBooks- 1179 - folk tales - 70, PDF-https://drive.google.com/file/d/1ytY_jNfgHUYyBmzcgoizwZMh1T8Yl6vm/view?usp=drivesdk
Comments