(1175) പണത്തിൻ്റെ സന്തോഷം!
ഒരിക്കൽ, അകലെയുള്ള ഒരു സ്ഥലത്തേക്ക് ഹോജ നടന്നു പോകുകയായിരുന്നു. കുറെ ദൂരം ചെന്നു കഴിഞ്ഞപ്പോൾ പാതയോരത്തുള്ള ഒരു മരത്തണലിൽ ഒരാൾ ഇരിക്കുന്നതു കണ്ടു.
അയാളുടെ മുഖത്ത് ഏതോ കാരണത്താൽ ദുഃഖം തോന്നിയതിനാൽ ഹോജ കാരണം തിരക്കി.
അയാൾ പറഞ്ഞു -"ഞാനൊരു ധനികനാണ്. പക്ഷേ, ഈ തുണിസഞ്ചിയിലെ പണമൊന്നും എനിക്ക് സന്തോഷം തരുന്നില്ല. അതിനാൽ ഞാൻ സമാധാനവും സന്തോഷവും തേടി അയൽനാട്ടിലേക്കു പോകുകയാണ്"
ഉടൻ, ഹോജയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ഹോജ ആ സഞ്ചി തട്ടിപ്പറിച്ചു കൊണ്ട് വേഗത്തിൽ ഓടി. അയാൾ പിറകെയും.
കുറെ ദൂരം കഴിഞ്ഞപ്പോൾ ഹോജ വഴിയിൽ സഞ്ചി ഉപേക്ഷിച്ച് മരത്തിൻ്റെ മറവിൽ ഒളിച്ചു. കുറെ പിറകിലായി ഓടി അവശനായി വന്ന ധനികൻ വഴിയിൽ കിടന്ന സഞ്ചി എടുത്ത് സന്തോഷത്തോടെ നെഞ്ചോടു ചേർത്ത് പറഞ്ഞു -"ഹോ! യാത്ര പോകാനുള്ള പണം എനിക്കു തിരിച്ചു കിട്ടിയല്ലോ!"
ഉടൻ, മരത്തിൻ്റെ മറവിൽ നിന്നും അയാളുടെ അടുക്കലേക്കു വന്ന് ഹോജ പറഞ്ഞു - "ഏതു കാര്യത്തിനും പണം വേണം. അത് കൈവിട്ടു പോയ കുറച്ചു നിമിഷങ്ങൾ പണത്തിൻ്റെ വിലയും അത് കിട്ടിയപ്പോൾ സന്തോഷവും എന്താണെന്ന് താങ്കൾക്ക് അനുഭവിക്കാനും മനസ്സിലാക്കാനും പറ്റിയില്ലേ?"
അയാൾ ഹോജയോടു നന്ദി പറഞ്ഞ് തിരികെ നടന്നു.
Written by Binoy Thomas, Malayalam eBooks- 1175-Hoja stories - 104, PDF-https://drive.google.com/file/d/1XrXgx6Trp7oUfe9hVvguhCRrgmarIwNo/view?usp=drivesdk
Comments