(1164) പരദേശികളുടെ മോഷണം!
കുറെ കാലം, ഹോജ ഒരു ഗ്രാമത്തിലെ ന്യായാധിപനായി ജോലി ചെയ്തിരുന്നു. ആ കാലത്ത് അദ്ദേഹത്തിൻ്റെ തീരുമാനങ്ങൾ മിക്കവയും ഏറെ വിചിത്രങ്ങളായിരുന്നു. അത്തരം ഒരു കഥയിലേക്ക്...
ഒരു ദിവസം, ആ ഗ്രാമത്തിലെ ഒരാൾ ഓടിക്കിതച്ച് ഹോജയുടെ വീടിനു മുന്നിലെത്തി നിലവിളിച്ചു -
"പ്രഭോ, പാതിരാത്രിയിൽ രണ്ടു കള്ളന്മാർ എന്നെ പിടിച്ചു കെട്ടി തല്ലി അവശനാക്കി. എന്നിട്ട് എൻ്റെ വീട്ടിലെ പണവും ആഭരണവും പാത്രങ്ങളും എല്ലാം അവർ കൊണ്ടുപോയി. കുറച്ചു മുൻപ് അയൽപക്കത്തുള്ളവർ അറിഞ്ഞപ്പോഴാണ് എനിക്ക് അവിടെ നിന്നും അനങ്ങാൻ പറ്റിയത്. അങ്ങ് എന്നെ സഹായിക്കണം. കള്ളന്മാരെ പിടിച്ച് എനിക്ക് നഷ്ടമായത് വീണ്ടെടുക്കണം"
ഉടൻ, ഹോജ മറ്റൊരു ചോദ്യമാണ് അയാളോടു ചോദിച്ചത് - "മറ്റു സാധനങ്ങളുടെ കൂട്ടത്തിൽ താങ്കളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചോ?"
അയാൾ പറഞ്ഞു -"ഇല്ല, പ്രഭോ!"
ഹോജ തുടർന്നു - " അങ്ങനെയെങ്കിൽ, ആ കള്ളന്മാർ ഈ ഗ്രാമത്തിലുള്ളവരല്ല. ഇവിടെയുള്ള കള്ളന്മാർ മോഷണം പാതിവഴിയിൽ നിർത്തി പോകില്ല. മുഴുവൻ സാധനങ്ങളും കൊണ്ടുപോകും"
അയാൾ ചോദിച്ചു - "യജമാനനേ, ഇനി ഞാൻ എന്തു ചെയ്യും?"
ഹോജ പറഞ്ഞു -"അടുത്ത ഗ്രാമത്തിലെ ന്യായാധിപൻ്റെ അടുക്കൽ ചെല്ലുക"
അയാൾ നിരാശയോടെ തിരിഞ്ഞു നടന്നു.
Written by Binoy Thomas, Malayalam eBooks - 1164 - Hoja stories - 95/ PDF-https://drive.google.com/file/d/1YZHkmUVdbyd6fuwxvG6_abyC8-XmctMq/view?usp=drivesdk
Comments