(1176) ഒരു കരാറിൻ്റെ കഥ!
പണ്ടുപണ്ട്, സിൽബാരിപുരം ദേശമാകെ കൊടുംകാടായിരുന്നു. കാട്ടിലെ പരമ്പരാഗത ശത്രുക്കളായി കീരികളും പാമ്പുകളും തുടരുന്ന കാലം.
ഒരിക്കൽ, ശക്തനായ ഒരു കീരിയും ഉഗ്രവിഷമുള്ള പാമ്പും നേർക്കു നേർ വന്നു. എന്നാൽ, പതിവിനു വിപരീതമായി അവർ രണ്ടു പേരും ചിന്തിച്ചു -
"ഈ പോരാട്ടത്തിൽ സ്വന്തം ജീവൻ പോകാൻ സാധ്യതയുണ്ട്. അതിനാൽ ആക്രമണം ഒഴിവാക്കുന്നതാണ് ബുദ്ധി"
അങ്ങനെ അവർ ഒരു സമാധാന സന്ധി ഉണ്ടാക്കി.
പാമ്പ് പറഞ്ഞു -"നിനക്ക് എന്തെങ്കിലും ആപത്ത് വന്നാൽ ഞാൻ നിന്നെ രക്ഷിക്കും. എനിക്ക് ആപത്തുണ്ടായാൽ നീ രക്ഷിക്കണം"
ആ കരാർ കീരിക്കും സമ്മതമായി. അങ്ങനെ കുറെ ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം - ഒരു വേട്ടക്കാരൻ മൃഗശാല നടത്തുന്നവർക്ക് പിടിച്ചു കൊടുക്കാനായി വലിയ പാമ്പിനെ തപ്പി നടക്കുകയായിരുന്നു. പലയിടത്തും അയാൾ വല വിരിച്ചു മുന്നോട്ടു പോയി.
അന്നേരം, ആ വലിയ പാമ്പ് അതിൽ കുടുങ്ങി. പക്ഷേ, വേട്ടക്കാരൻ മറ്റു വലകൾ നോക്കാനായി മുന്നോട്ടു പോയിരുന്നു. പാമ്പ് രക്ഷപ്പെടാനായി വലകൾക്കിടയിൽ കിടന്ന് ചീറ്റി.
ആ സമയത്ത്, കീരിയും അതിൻ്റെ കുഞ്ഞും അവിടെ ഓടിയെത്തി. പക്ഷേ, കീരി വലകൾ കടിച്ചു മുറിക്കുന്നത് വളരെ സാവധാനമായിരുന്നു. കീരിക്കുഞ്ഞ് അതുനോക്കി പറഞ്ഞു -"ഞാൻ കൂടി വല മുറിക്കാൻ സഹായിക്കാം"
പക്ഷേ, കീരി അതിനു സമ്മതിച്ചില്ല. അതിനിടയിൽ, കീരിയാകട്ടെ, വേട്ടക്കാരൻ വരുന്നുണ്ടോയെന്ന് നോക്കുന്നുണ്ടായിരുന്നു. വേട്ടക്കാരനെ കണ്ട നേരത്ത് വളരെ പെട്ടെന്ന് വല മുറിച്ച് കീരിയും കുഞ്ഞും കാട്ടിൽ മറഞ്ഞു! പാമ്പ് വേഗം, മാളത്തിൽ ഒളിച്ചു!
കീരികൾ സ്വന്തം മാളത്തിൽ എത്തിയപ്പോൾ കീരിക്കുഞ്ഞ് ചോദിച്ചു - "വളര വേഗത്തിൽ വല മുറിക്കേണ്ടതിനു പകരം, പതുക്കെ മുറിച്ച്, എന്നെ മുറിക്കാനും സമ്മതിച്ചില്ല. എന്താണ് കാര്യം?"
കീരി പറഞ്ഞു -"ഞാനും പാമ്പും മാത്രമാണ് കരാറിൽ ഉള്ളത്. പക്ഷേ, നേരത്തേ പാമ്പിനെ രക്ഷപ്പെടുത്തിയാൽ നിന്നെ അവൻ വിഴുങ്ങുമായിരുന്നു. വേട്ടക്കാരൻ വരുന്നതു നോക്കി മുറിച്ചതിനാൽ പാമ്പ് സ്വയരക്ഷ മാത്രമേ നോക്കിയുള്ളൂ"
ചിന്തിക്കുക - ബുദ്ധിയും യുക്തിയും ജാഗ്രതയും ഒരുമിച്ചാൽ മാത്രമേ ഒരു വ്യക്തിക്ക് ജീവിത വിജയം കിട്ടുകയുള്ളൂ!
Written by Binoy Thomas, Malayalam eBooks-1176 - folk tales - 68, PDF-https://drive.google.com/file/d/10Y6n7xV4dtlf-Kw5DQhHrvBoPcmckQp1/view?usp=drivesdk
Comments