(1242) സ്‌ഫടിക പാത്രം!
സിൽബാരിപുരത്തെ ആശ്രമത്തിലെ ഗുരുജിയെ കാണാൻ ദൂരെ ദിക്കിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്. അതിൽ ഭൂരിഭാഗവും പഴയകാല ശിഷ്യന്മാരായിരിക്കും. അവർ വരുമ്പോൾ എന്തെങ്കിലും സമ്മാനവുമായിട്ടാകും വരിക. ഒരു ദിവസം, കോസലപുരത്തു നിന്നും ഒരു പ്രഭു ഗുരുവിനെ കാണാനെത്തി. അയാളെ കണ്ടയുടൻ, ഗുരുവിന് ആ ശിഷ്യനെ മനസ്സിലായിരുന്നു. അവർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. അതിനിടയിൽ പ്രഭു പറഞ്ഞു: "ചീനരാജ്യത്തിൽ (ചൈന) നിന്നും വന്ന കച്ചവടക്കാരൻ്റെ കയ്യിൽ നിന്നും ഒരു അപൂർവ്വ സാധനം ഞാൻ വാങ്ങി. അങ്ങ് ദയവായി ഈ സമ്മാനം സ്വീകരിച്ചാലും" ഒരു സ്ഫടിക പാത്രമായിരുന്നു അത്. ചൂടുള്ള പാനീയം എന്തെങ്കിലും അതിൽ ഒഴിച്ചാൽ അനേകം നിറക്കൂട്ടുകൾ അതിൽ തെളിഞ്ഞു വരും! ആ സമ്മാനം ഏറെ സന്തോഷത്തോടെ ഗുരു സ്വീകരിച്ചു. പ്രഭു സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു. ഗുരുജി അതുവരെ ചായയും ചൂടുവെള്ളവും മറ്റും കുടിച്ചിരുന്ന നിറം മങ്ങിയ പോറലുകൾ നിറഞ്ഞ ഒരു സ്റ്റീൽ കപ്പ് എടുത്ത് അടുക്കളയിൽ എവിടെയോ വച്ചു. പകരക്കാരനായി സമ്മാനം കിട്ടിയ സ്ഫടിക പാത്രം ഉപയോഗിക്കാനും തുടങ്ങി. ഓരോ തവണയും ചൂടുള്ളത് നിറയുമ്പോൾ മിന്നിമറയുന്ന നിറങ്ങളിൽ ഗുരുവിന് വല്ലാത്ത ഇഷ്‌ടം തോന്നുകയും ചെയ്തു. ...