(1240) കെട്ടിക്കിടന്ന അറിവ്!
ഒരു കാലത്ത്, ഗുരുവായ സേനകൻ്റെ ആശ്രമം സിൽബാരിപുരം ദേശത്തിലെ പ്രധാന ആശ്രമമായിരുന്നു. അവിടെ നിന്നും മിടുക്കരായ അനേകം ശിഷ്യന്മാർ പ്രശസ്‌തിയോടെ ലോകമെങ്ങും ജോലി ചെയ്യുന്നുണ്ടായിരുന്നു.
അങ്ങനെ, പത്ത് ശിഷ്യന്മാർ ആശ്രമത്തിൽ പഠിച്ചു വരുന്ന സമയത്ത് ഒരു ശിഷ്യൻ ഗുരുവിനോട് സങ്കടമുണർത്തിച്ചു: "ഗുരുവേ, ഞങ്ങളിൽ ഏറ്റവും അറിവുള്ള ശങ്കുവിനോട് എന്ത് സംശയം ചോദിച്ചാലും ഒന്നും പറഞ്ഞു തരില്ല. മാത്രമല്ല, ഞങ്ങളെ പരിഹസിക്കുകയും ചെയ്യും"
അതിനു പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞ് ഗുരു അവനെ ആശ്വസിപ്പിച്ചു. പിന്നീട്, ഗുരു, ശങ്കുവിനെ വിളിപ്പിച്ചു: "നീ എൻ്റെ കൂടെ വരിക"
ഗുരു ശങ്കുവിനെയും കൂട്ടി ആശ്രമത്തിൻ്റെ അതിർത്തിയിലൂടെ ഒഴുകിയിരുന്ന നീർച്ചാലിനു സമീപമെത്തി. അദ്ദേഹം അവനോടു പറഞ്ഞു: "ഈ വെള്ളം ഒരു കവിൾ കുടിച്ചു നോക്കൂ"
അവൻ വെള്ളം കുടിച്ചു: "ഹായ്! എന്തൊരു രുചിയുള്ള ഉറവയാണിത് "
അതിനു ശേഷം, ഗുരുവും ശിഷ്യനും കൂടി കുറെ അകലെയുള്ള കടൽത്തീരത്തെത്തി. ഗുരു പറഞ്ഞു: "നീ ഒരു കവിൾ വെള്ളം കുടിക്കുക"
"ഗുരുവേ, ഉപ്പുരസം കാരണം ഇതു കുടിക്കാൻ പറ്റില്ലാ" എങ്കിലും ഗുരുവിനെ അനുസരിച്ച് വായിൽ കൊണ്ട ശേഷം അവൻ തുപ്പി.
ഗുരു പറഞ്ഞു: "നിസ്സാരനായ നീർച്ചാലിലെ വെള്ളം നിനക്കു രുചിയും വലിയ കടലിലെ വെള്ളം അരുചിയും സമ്മാനിച്ചു. നമ്മുടെ അറിവും ഏതാണ്ട് ഇതുപോലെയാണ്. അറിവ് ശുദ്ധമായ നീരുറവ പോലെ ഒഴുകുന്ന ഒന്നായിരിക്കണം. അത് ഒരാളിൽ നിന്നും മറ്റൊരാളിലേക്കു പകർന്നു കൊടുക്കാൻ പറ്റണം. ഒരാളിൽ കെട്ടിനിന്നാൽ എത്ര സംഭരിച്ചാലും കടൽവെള്ളം പോലെ ഉപയോഗ ശൂന്യമാകും. എൻ്റെ അറിവ് ഞാൻ മാത്രം സ്വന്തമാക്കി വച്ചാൽ ഗുരുവും ശിഷ്യനും ഇവിടെ ഉണ്ടാകില്ല. എന്നിലേക്ക് എവിടെ നിന്നോ ഒഴുകി വന്ന അറിവിൻ്റെ ഒഴുക്ക് തടയാൻ എനിക്ക് അധികാരമില്ല"
ഉടൻ, ശിഷ്യന് വിവേകമുണ്ടായി: "ഗുരുജി ഞാൻ എൻ്റെ തെറ്റ് മനസ്സിലാക്കുന്നു. പണ്ട് മറ്റാരും കാണാതെ മാമ്പഴം വീണ്ടും തിന്നാൻ വേണ്ടി ഞാൻ ഒളിച്ചു വച്ചപ്പോഴും അത് ചീഞ്ഞു പോയതിനാൽ കളഞ്ഞു"
പിന്നീട്, ശങ്കു ഒരിക്കലും സഹപാഠികളെ ചെറുതാക്കാൻ ശ്രമിച്ചില്ല.
ചിന്തിക്കുക: സ്വാർഥതയും അഹങ്കാരവും അറിവില്ലായ്മയാണ്. അറിവ് വർദ്ധിക്കുന്നതിൻ്റെ തെളിവാണ് ഒരാളുടെ വിനയം. ഞാൻ ഈ കഥ ഇപ്പോൾ എഴുതുന്നത് തിരക്കുള്ള ട്രെയിനിൽ സീറ്റിൽ ചാരി നിന്നാണ്. എന്തെന്നാൽ, അറിവ് ചെറുതായാലും വലുതായാലും നമ്മളിൽത്തന്നെ ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല!
Written by Binoy Thomas, Malayalam eBooks - 1240, Gratitude- 34 , PDF-https://drive.google.com/file/d/1sOcrcV3xoY0S5ygZDNNrBBoo31E065Xc/view?usp=drivesdk