(1242) സ്‌ഫടിക പാത്രം!
സിൽബാരിപുരത്തെ ആശ്രമത്തിലെ ഗുരുജിയെ കാണാൻ ദൂരെ ദിക്കിൽ നിന്നു പോലും ആളുകൾ എത്താറുണ്ട്. അതിൽ ഭൂരിഭാഗവും പഴയകാല ശിഷ്യന്മാരായിരിക്കും. അവർ വരുമ്പോൾ എന്തെങ്കിലും സമ്മാനവുമായിട്ടാകും വരിക.
ഒരു ദിവസം, കോസലപുരത്തു നിന്നും ഒരു പ്രഭു ഗുരുവിനെ കാണാനെത്തി. അയാളെ കണ്ടയുടൻ, ഗുരുവിന് ആ ശിഷ്യനെ മനസ്സിലായിരുന്നു.
അവർ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. അതിനിടയിൽ പ്രഭു പറഞ്ഞു: "ചീനരാജ്യത്തിൽ (ചൈന) നിന്നും വന്ന കച്ചവടക്കാരൻ്റെ കയ്യിൽ നിന്നും ഒരു അപൂർവ്വ സാധനം ഞാൻ വാങ്ങി. അങ്ങ് ദയവായി ഈ സമ്മാനം സ്വീകരിച്ചാലും"
ഒരു സ്ഫടിക പാത്രമായിരുന്നു അത്. ചൂടുള്ള പാനീയം എന്തെങ്കിലും അതിൽ ഒഴിച്ചാൽ അനേകം നിറക്കൂട്ടുകൾ അതിൽ തെളിഞ്ഞു വരും! ആ സമ്മാനം ഏറെ സന്തോഷത്തോടെ ഗുരു സ്വീകരിച്ചു. പ്രഭു സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു.
ഗുരുജി അതുവരെ ചായയും ചൂടുവെള്ളവും മറ്റും കുടിച്ചിരുന്ന നിറം മങ്ങിയ പോറലുകൾ നിറഞ്ഞ ഒരു സ്റ്റീൽ കപ്പ് എടുത്ത് അടുക്കളയിൽ എവിടെയോ വച്ചു. പകരക്കാരനായി സമ്മാനം കിട്ടിയ സ്ഫടിക പാത്രം ഉപയോഗിക്കാനും തുടങ്ങി.
ഓരോ തവണയും ചൂടുള്ളത് നിറയുമ്പോൾ മിന്നിമറയുന്ന നിറങ്ങളിൽ ഗുരുവിന് വല്ലാത്ത ഇഷ്‌ടം തോന്നുകയും ചെയ്തു.
എന്നാൽ, കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ പഴയ കപ്പ് എടുത്ത് നന്നായി കഴുകി തുടച്ച് അലമാരയിൽ ഭദ്രമായി സൂക്ഷിച്ചു.
അതിനുശേഷം, ഓരോ തവണ പുതിയ കപ്പിൽ കുടിക്കുമ്പോഴും അദ്ദേഹം ഇങ്ങനെ പറയാൻ തുടങ്ങി: "ഇന്നു കൊണ്ട് നിൻ്റെ ഉപയോഗം തീർന്നിരിക്കുന്നു. എന്നെ സന്തോഷിപ്പിച്ചതിനു നന്ദി. ഞാൻ അലമാരയിൽ നിന്നും പഴയ കപ്പ് എടുക്കാൻ പോകുന്നു"
ഇങ്ങനെ പറയുന്നത് സ്ഥിരമായി കേട്ട ഒരു ശിഷ്യൻ സംശയത്തോടെ ഗുരുവിനെ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു ദിവസം, പതിവു പോലെ സ്ഫടിക പാത്രം എടുത്ത് ഗുരു ആ വാചകം പറഞ്ഞു ചായ ഒഴിക്കാൻ ഒരുങ്ങിയ നിമിഷത്തിൽ അത് താഴെ വീണ് പൊടിച്ചിതറി!
അദ്ദേഹത്തിൻ്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെ അലമാരയിൽ നിന്നും പഴയ സ്റ്റീൽ കപ്പ് എടുത്ത് ചായ അതിൽ ഒഴിച്ച് കുടിച്ചു!
അന്നേരം, ശിഷ്യൻ ഗുരുവിൻ്റെ മുന്നിലെത്തി ചോദിച്ചു: "ഗുരുവേ, ഇപ്പോഴാണല്ലോ ഇത് പൊട്ടിയത്. പക്ഷേ, ഗുരു എന്തിനാണ് കുറെ മാസങ്ങൾക്കു മുൻപു തന്നെ ഇത് പൊട്ടിയതു പോലെ പറഞ്ഞു കൊണ്ടിരുന്നത്?"
ഗുരു ഒരു പുഞ്ചിരിയോടെ പറഞ്ഞു: "എൻ്റെ മനസ്സിന് ഒരുപാട് സന്തോഷം നൽകിയ സമ്മാനം ക്രമേണ മനസ്സിനെ വല്ലാതെ സ്വാധീനിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. സ്ഫടികം എന്നെങ്കിലും ഒരു ദിവസം പൊട്ടും. ആ നിമിഷം എൻ്റെ മനസ്സിനെ പിടിച്ചു നിർത്താൻ ഞാൻ കണ്ടെത്തിയ വിദ്യയായിരുന്നു അത് "
ഗുണപാഠം: മനസ്സിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഏതു കാര്യത്തിൻ്റെ തിരിച്ചടിയും നമ്മെ മുറിവേൽപ്പിക്കും. പരീക്ഷകൾ, ജോലി, ഇഷ്‌ടമുള്ള വസ്തുക്കൾ, സൗഹൃദങ്ങൾ എന്നിങ്ങനെ പലതരം കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ അതിൻ്റെ പരാജയ സാധ്യതയും കൂടി മനസ്സിൽ ഉണ്ടായിരിക്കണം. അന്നേരം, തിരിച്ചടികൾ വന്നാലും താങ്ങാനാകും!
Written by Binoy Thomas, Malayalam eBooks - 1242-Anandam, Happiness-38, PDF -https://drive.google.com/file/d/15mPqv1RqzKA5X13s9UxSM135P_MJYFW_/view?usp=drivesdk