(1237) തേങ്ങയേറ്!
പണ്ടുകാലത്തെ സിൽബാരിപുരം ദേശം. അവിടെ വിക്രമൻ രാജാവായിരുന്നു ഭരിച്ചിരുന്നത്. ഒരിക്കൽ മഴക്കാലം പതിവിലേറെ നീണ്ടുനിന്നപ്പോൾ പലതരം കൃഷികൾക്കും നാശം നേരിട്ടു.
മാമ്പൂവ് മഴയത്ത് പൊഴിഞ്ഞു പോയതിനാൽ മാങ്ങയുടെ ക്ഷാമം കൂടുതലായിരുന്നു. അതേസമയം, ഒരു ദിവസം രാവിലെ എണീറ്റപ്പോൾ രാജാവിന് മാമ്പഴം തിന്നാൻ കൊതി തോന്നി.
അദ്ദേഹം, ഭൃത്യന്മാരോടു പറഞ്ഞെങ്കിലും അവർ വല്ലാത്ത വിഷമത്തിലായി : "നമ്മൾ എവിടെ നിന്നും മാമ്പഴം കൊണ്ടു വരും?"
അവർ പേടിച്ച് പരസ്പരം പിറുപിറുത്തു. എങ്കിലും രാജാവിനോടു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം കോപിക്കുകയാണു ചെയ്തത്. ഭൃത്യന്മാർ നാടെങ്ങും പാഞ്ഞു നടന്നെങ്കിലും കേടുള്ള മാങ്ങയാണു കിട്ടിയത്. അങ്ങനെ, സമയം കടന്നുപോയി വൈകുന്നേരമായി.
അന്നേരം, ഒരു നാടോടി കൊട്ടാര മുറ്റത്തെത്തി. അവൻ്റെ കയ്യിൽ ഒരു ചെറിയ കുട്ടയുണ്ടായിരുന്നു. ഭൃത്യന്മാർ തടഞ്ഞുനിർത്തി: "എന്താടാ, ഈ കുട്ടയിൽ?"
നാടോടി വിറച്ചു കൊണ്ടു പറഞ്ഞു: "രാജാവിനു സമ്മാനിക്കാൻ സേലം മാമ്പഴവുമായി വന്ന ഒരു നാടോടിയാണ് "
ഉടൻ, ഭൃത്യന്മാർ അവനെ സന്തോഷത്തോടെ രാജാവിൻ്റെ മുന്നിലെത്തിച്ചു. രാജാവ് ഒരു സേലം മാമ്പഴം ആർത്തിയോടെ തിന്നുമ്പോൾ പറഞ്ഞു: "ഞാൻ ആഗ്രഹിച്ച സമയത്ത് ഒരു ദൈവദൂതനേപ്പോലെ അകലെ നിന്നും നീ രുചിയേറിയ മാമ്പഴം കൊണ്ടു വന്നതിനാൽ ഇവൻ്റെ കുട്ടയിലെ മാമ്പഴത്തിൻ്റെ എണ്ണം നോക്കിയിട്ട് അത്രയും സ്വർണ്ണ നാണയം കൊടുത്ത് യാത്രയാക്കൂ!"
നാടോടി തിരികെ പോകുന്ന സമയത്ത് വിശന്നപ്പോൾ കവലയിലുള്ള ഒരു ചായക്കടയിൽ കയറി. അന്നേരം, ചായക്കടക്കാരനായ രാമു സൂത്രത്തിൽ ഈ സംഭവം ചോദിച്ച് മനസ്സിലാക്കി.
അവൻ പിറുപിറുത്തു: "മാമ്പഴത്തിൻ്റെ എണ്ണത്തിനു തുല്യമായ സ്വർണ്ണനാണയം ഈ നാടോടിക്ക് കിട്ടിയെങ്കിൽ ഞാൻ ഒരു കുട്ടനിറയെ ചെറുനാരങ്ങയുമായി പോകും"
അടുത്ത ദിവസം കട തുറക്കാതെ ഒരു കുട്ട നാരങ്ങയുമായി അയാൾ കൊട്ടാരത്തിലെത്തി. കുട്ടയിൽ എന്താണെന്നു നോക്കാതെ രാജാവിൻ്റെ മുന്നിലെത്തിച്ചു.
കുട്ടയിൽ നാരങ്ങയാണെന്ന് കണ്ട രാജാവ് ദേഷ്യം കൊണ്ട് അലറി: "ഈ മഴയത്ത് എനിക്ക് നാരങ്ങാവെള്ളം കുടിക്കാൻ തോന്നാറില്ല "
അങ്ങനെ പറഞ്ഞു കൊണ്ട് ഓരോ നാരങ്ങയെടുത്ത് രാമുവിനെ രാജാവ് എറിഞ്ഞു തുടങ്ങി. കുറച്ചു വേദനയെടുത്തെങ്കിലും അവിടെ നിന്ന് രാമു ചിരിക്കാൻ തുടങ്ങി. അന്നേരം, രാജാവ് കൂടുതൽ ശക്തിയിൽ എറിയാൻ തുടങ്ങി.
പക്ഷേ രാമു പിന്നെയും പൊട്ടിച്ചിരിച്ചു. നാരങ്ങാ തീർന്നപ്പോൾ രാജാവ് അവനോടു ചോദിച്ചു: "നീ എന്തിനാണ് നാരങ്ങയേറു കിട്ടിയിട്ടും ചിരിക്കുന്നത്?"
രാമു പറഞ്ഞു: "രാജാവേ, ഈ കാര്യം അറിഞ്ഞ് എൻ്റെ കൂട്ടുകാരൻ ഒരു കുട്ട തേങ്ങയുമായിട്ടാണ് വരുന്നത്. സ്വർണ്ണ നാണയത്തിനു പകരം, രാജാവ് അവനു തേങ്ങയേറ് സമ്മാനിക്കുന്നത് ഓർത്ത് ചിരിച്ചതാണ് "
ആ മറുപടിയിൽ രാജാവും പൊട്ടിച്ചിരിച്ചു.
Written by Binoy Thomas, Malayalam eBooks- 1237 - narmakathakal- 8, PDF -https://drive.google.com/file/d/1h5A_0DUWHw-2WldBMGoEaZ_n4L-_TVd1/view?usp=drivesdk