(1292) മുയലിൻ്റെ ബുദ്ധി!

പണ്ട്, സിൽബാരിപുരം കാട്ടിലെ ഒരു കഥ. ഒരിക്കൽ, സിംഹങ്ങൾ ഇല്ലാത്ത കാട്ടിലേക്ക് കോസലപുരത്തെ കാട്ടിൽ നിന്നും ഒരു സിംഹം അവിടെ എത്തിച്ചേർന്നു. ഒരു ദിവസത്തിനുള്ളിൽ അനേകം മൃഗങ്ങളെ കൊല്ലുന്ന ക്രൂരമായ രീതിയാണ് ഈ സിംഹത്തിനുള്ളത്. കാരണം, ഇരയുടെ മാംസം കുറച്ചു മാത്രം കഴിച്ചിട്ട് വേറെ ഇരയെ തേടി പോകുന്ന കാര്യം അറിഞ്ഞ് മൃഗങ്ങളെല്ലാം പേടിച്ചു വിറച്ചു!

മൃഗങ്ങൾ രഹസ്യ യോഗം ചേർന്ന് തീരുമാനമെടുത്തു: "നമ്മൾ ഓരോ ആളും ഊഴം അനുസരിച്ച് സിംഹത്തിൻ്റെ ഗുഹയിൽ ചെല്ലണം. പകരമായി ഒരു ദിവസം മുഴുവൻ ആ ഇറച്ചി തിന്ന് തൃപ്തിപ്പെടണം"

ഈ കാര്യം അറിഞ്ഞ് സിംഹത്തിന് സന്തോഷമായി. ആദ്യത്തെ ഊഴം മാൻ കൂട്ടങ്ങളുടേതായിരുന്നു. ഓരോ മാനും സിംഹത്തിനു മുന്നിൽ ചെന്നു കൊല്ലപ്പെട്ടു.

എന്നാൽ, ഇതുകണ്ട് മുയലിന് വല്ലാത്ത അമർഷവും ദുഃഖവും തോന്നി അവൻ ദേഷ്യപ്പെട്ടു: "ഇത് കാട്ടിലെ നീതിന്യായങ്ങൾക്ക് എതിരാണ്. വേട്ടയാടാതെ ഗുഹയിൽ ഇരുന്ന് വെറുതെ തിന്നുന്ന മൃഗരാജാവിനെ ഒരു പാഠം പഠിപ്പിക്കണം"

അടുത്ത ദിവസം, ഗുഹയിലേക്കു പോകുന്ന മാനിനെ വിലക്കി സ്വയം ഗുഹയിലേക്കു പോകാമെന്ന് മുയൽ പറഞ്ഞു.

പക്ഷേ, മുയൽ മനഃപൂർവ്വമായി രാവിലെ സിംഹത്തിൻ്റെ മടയിൽ പോയില്ല. പകരം നട്ടുച്ച സമയത്ത് സിംഹത്തിൻ്റെ അടുക്കലെത്തി.

സിംഹം അലറി: "മാനിറച്ചിക്കു പകരം നീയാണോ വരുന്നത്? ഒരു മുയൽ എനിക്കു മതിയാകില്ലെന്ന് നിനക്ക് അറിയില്ലേ? മാത്രമോ? നീ എന്താണ് രാവിലെ വരാത്തത്?"

ഉടൻ, മുയൽ പറഞ്ഞു: "പുതിയ രാജാവ് കാട്ടിൽ എത്തിയിട്ടുണ്ട്. പക്ഷേ, അങ്ങയെ ഒളിച്ചിരുന്ന് വധിക്കാൻ വേണ്ടി കിണറ്റിലാണ് ആ രാജാവ് ഇരിക്കുന്നത്. രാജാവ് എന്നെ കാട്ടിലെ വിവരങ്ങൾ അറിയാൻ പിടിച്ചു നിർത്തിയതാണ്"

അന്നേരം, സിംഹം ദേഷ്യം കൊണ്ട് അലറി ഗുഹയുടെ മുന്നിൽ വന്ന് ചോദിച്ചു: "എവിടെ അവൻ? അവൻ്റെ കഥ കഴിച്ചിട്ടു മാത്രമേ നിന്നെ ഞാൻ തിന്നുന്നുള്ളൂ. അങ്ങോട്ടു പോകാം"

മുയൽ കിണറിൻ്റെ സമീപത്തേക്ക് സിംഹത്തെ കൂട്ടി പോയി. ഉച്ചനേരത്തേ നിഴലിൽ കിണറ്റിലെ വെള്ളത്തിൽ സ്വന്തം രൂപം കണ്ട് സിംഹം അലറി. കിണറ്റിലെ സിംഹരൂപവും അലറി!

ഉടൻ, സിംഹം കിണറ്റിലേക്കു ചാടി! വെള്ളം കുറവായതിനാൽ തലയടിച്ചത് പാറക്കെട്ടിലായിരുന്നു. അവൻ്റെ ജീവൻ പോയി!

ആശയം: ബുദ്ധിശക്തിയിൽ ശരീര വലിപ്പം ഒരു പ്രശ്‌നമേയല്ല! സ്വന്തം ജീവിതത്തിൽ ബുദ്ധിയെ പ്രകാശിപ്പിക്കാൻ തക്കവണ്ണം ജീവിക്കാൻ ഏവർക്കും കഴിയട്ടെ!

Written by Binoy Thomas, Malayalam eBooks: 1292: Bedtime Stories: 35, PDF:https://drive.google.com/file/d/1gqLetM7IYAi7bkacRbeL8oOetNlMeGwb/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം

പഞ്ചതന്ത്രം കഥകള്‍ -1