(1285) ഡോ. ബർണാഡോ!
ഇംഗ്ലണ്ടിൽ അനാഥ കുട്ടികളുടെ ക്ഷേമത്തിനായി ജീവിതം മുഴുവൻ പ്രയത്നിച്ച വിശുദ്ധ ജീവിതമാണ് ഡോക്ടർ ബർണാഡോ ലോകത്തിനു നൽകുന്ന ശ്രേഷ്ഠമായ മാതൃക!
ഒരിക്കൽ, ഇംഗ്ലണ്ടിൽ 150 അനാഥക്കുട്ടികൾ അടങ്ങുന്ന ഒരു സങ്കേതം ഒരുക്കി അദ്ദേഹം മുന്നോട്ടു പോകുന്ന സമയം. നിത്യദിന ചെലവുകൾ ഏറെ ബുദ്ധിമുട്ടിയാണ് കണ്ടെത്തിയിരുന്നത്.
പിന്നീട്, അതിശൈത്യം അവിടമാകെ ആഞ്ഞടിച്ചു. ഈ കുട്ടികൾക്ക് കമ്പിളിപ്പുതപ്പ് വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. പക്ഷേ, അതിനുള്ള പണം കയ്യിൽ ഉണ്ടായിരുന്നില്ല.
എങ്കിലും, കഠിനമായ തണുപ്പിൽ കുട്ടികളുടെ വിറയൽ കണ്ട് ബർണാഡിനു സഹിക്കാനായില്ല. അദ്ദേഹം പട്ടണത്തിലെ പ്രധാന തുണിക്കടയിൽ കയറി കാര്യം പറഞ്ഞു, കടക്കാരൻ പറഞ്ഞു: "പുതപ്പിന് 150 പവൻ വിലയാകും"
വില കേട്ട് ബർണാഡ് ഞെട്ടിയെങ്കിലും പറഞ്ഞു: "നാളെ രാവിലെ പുതപ്പുകൾ ഹോമിലേക്കു കൊടുത്തു വിടണം"
പണമില്ലാത്ത അപ്പോഴും, അദ്ദേഹത്തിന് പുതപ്പില്ലാത്ത കാര്യം ആലോചിക്കാനേ കഴിഞ്ഞില്ല. അടുത്ത ദിവസം 150 പുതപ്പുകൾ എത്തിയപ്പോൾ പണം കൊടുക്കാൻ ഇല്ലാതെ ബർണാഡ് പേടിച്ച് പ്രാർഥനാമുറിയിൽ കയറി വാതിലടച്ചു. കടയിലെ ജോലിക്കാർ വിചാരിച്ചത് പണം എടുക്കാൻ പോയെന്നാണ്.
അദ്ദേഹം, മുറിയിൽ ശക്തമായി പ്രാർഥിക്കുന്ന സമയത്ത് വാതിലിൽ ഒരു മുട്ടു കേട്ടു! പോസ്റ്റ്മാൻ ആയിരുന്നു അത്.
അയാൾ പറഞ്ഞു: "ഇതൊരു മണി ഓർഡറാണ്. 150 പവൻ കൈപ്പറ്റിയിട്ട് രസീതിൽ ഒപ്പിട്ടു തരിക"
ഡോ. ബർണാഡിൻ്റെ ജീവിതത്തിലെ അത്ഭുത നിമിഷമായി ഈ സംഭവം മാറി!
Written by Binoy Thomas, Malayalam eBooks: 1285: Saint Stories: 15, PDF:https://drive.google.com/file/d/1KM-heBzyfMyIXaj2M99bOfXcRrLXzqJ8/view?usp=drivesdk