(1284) കുത്താനായി ജനിച്ചവൻ!
ഒരു കാലത്ത്, കാടും നാടും പുഴയും കുളവും തടാകവും എല്ലാം ഉണ്ടായിരുന്ന മനോഹരമായ പ്രദേശമായിരുന്നു സിൽബാരിപുരം. ഒരു ദിവസം, രാവിലെ വലിയൊരു പച്ചത്തവള പുല്ലിലൂടെ ചാടി നടക്കുകയായിരുന്നു.
അന്നേരം, മറ്റുള്ള പല ജീവികളും ഈ തവളയെ കണ്ടപ്പോൾ വിശേഷങ്ങൾ ചോദിച്ചു. അതിനിടയിൽ, ഇതെല്ലാം കണ്ടുകൊണ്ട് ഒരു കറുത്ത തേൾ പാറപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു.
അവൻ പിറുപിറുത്തു: "ആ തവളയൊരു സുന്ദരനാണ്. പച്ചനിറത്തിൽ ചിത്രങ്ങൾ വരച്ചതു പോലുള്ള അവൻ്റെ തൊലിപ്പുറം കാണാൻ നല്ല ചന്തമുണ്ട്. അതുകൊണ്ട് എല്ലാവരും അവനെ ഇഷ്‌ടപ്പെടുന്നുണ്ട്. എൻ്റെ വിരൂപമായ ആകൃതിയും കറുത്ത നിറവും കാരണം, എല്ലാവരും അറപ്പോടെയാണ് എന്നെ കാണുന്നത്"
ഏതാനും ദിവസങ്ങൾ, തവളയെ കണ്ടപ്പോൾ തേളിന് അസൂയ തുടങ്ങി. അത് വൈരാഗ്യത്തിൽ കലാശിച്ചു.
അടുത്ത ദിവസം, തേൾ പിറുപിറുത്തു: "ഈ പുൽമേട്ടിൽ നിന്നും തവളയെ എങ്ങനെയും ഒഴിവാക്കണം"
അതിനായി തവളയെ കണ്ട് തേൾ സൗഹൃദം നടിച്ചു. ചങ്ങാതികളായി മാറി വിശ്വാസം പിടിച്ചുപറ്റിയപ്പോൾ തേൾ പറഞ്ഞു: "എനിക്ക് നിൻ്റെ പുറത്തു കയറി ഈ തടാകം മുഴുവൻ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്"
തവളയ്ക്ക് യാതൊരു സംശയവും തോന്നിയില്ല. തടാകത്തിലൂടെ തവളയുടെ പുറത്തിരുന്ന് തേൾ യാത്ര തുടങ്ങി. തടാകത്തിൻ്റെ നടുക്ക് എത്തിയപ്പോൾ തേൾ പതിയെ തവളയുടെ കഴുത്തിൽ പിടുത്തമിട്ടു.
ഉടൻ, അപകടം തോന്നിയ തവള ചോദിച്ചു: "നിന്നെ സഹായിച്ച എന്നെ എന്തിനാണ് നീ ഉപദ്രവിക്കാൻ നോക്കുന്നത്?"
അന്നേരം, തേൾ പറഞ്ഞു: "ഞാൻ കുത്താനായി ജനിച്ചവനാണ്. എൻ്റെ സ്വഭാവം നീ കാരണം മാറ്റാനൊന്നും പറ്റില്ല"
പെട്ടെന്ന്, തവള പറഞ്ഞു: "എങ്കിൽ, നിൻ്റെ തീരുമാനം നടക്കട്ടെ. പക്ഷേ, അതിനു മുൻപ്, നീ കഴുത്തിൽ പിടിച്ചാൽ എൻ്റെ അവസാനത്തെ പ്രാർഥന എങ്ങനെ നടക്കും?"
ആ നിർദ്ദേശം തേൾ സമ്മതിച്ച്, പിടിവിട്ടപ്പോൾ മിന്നൽ വേഗത്തിൽ തവള താഴേക്ക് ഊളിയിട്ടു! തേൾ തെറിച്ച് വെള്ളത്തിൽ വീണു. അവന് നീന്താൻ അറിയില്ലാത്തതിനാൽ പതിയെ വെള്ളത്തിലേക്കു താണു.
അതിനിടയിൽ തവള വെപ്രാളത്തോടെ പോകുന്നതു കണ്ട വരാൽമീൻ വിവരം തിരക്കി. അന്നേരം, തവള പറഞ്ഞു: "എന്നെ ചതിച്ച് കൊല്ലാൻ നോക്കിയ തേൾ വെള്ളത്തിൽ വീണിട്ടുണ്ട്"
വരാൽ പറഞ്ഞു: "ചങ്ങാതീ, കുറെ നാളായി ഞാൻ തേളിറച്ചി തിന്നിട്ട്"
ഏതാനും നിമിഷങ്ങൾക്കിടയിൽ, വരാൽ തേളിനെ കണ്ടുപിടിച്ച് വിഴുങ്ങി!
ആശയം: വിരുദ്ധ വികാരങ്ങളിൽ ഏറ്റവും അപകടകാരിയാണ് അസൂയ. അസൂയക്കാരോട് നാം എത്ര നന്നായി പെരുമാറിയാലും എന്തൊക്കെ ചെയ്തു കൊടുത്താലും യാതൊരു ഫലവുമില്ല.
Written by Binoy Thomas, Malayalam eBooks: 1284: Bedtime stories: 31, PDF:https://drive.google.com/file/d/1iXGjN1wXh3tsfzedKabjub2_LlxAC2Mu/view?usp=drivesdk