(1280) ഫ്രാൻസിസ് അസീസി!
ഇറ്റലിയിലെ അസീസി എന്ന സ്ഥലത്താണ് വിശുദ്ധനായ ഫ്രാൻസിസ് അസീസി പിറന്നത്. അദ്ദേഹത്തിൻ്റെ പിതാവ് വലിയ തുണിക്കച്ചവടം ചെയ്യുന്ന സമ്പന്നനായിരുന്നു.
എന്നാൽ, ചെറുപ്പം മുതൽ ഫ്രാൻസിസ് പാവങ്ങളെ സ്നേഹിക്കുന്ന പ്രകൃതമായിരുന്നു. അതേസമയം, പിതാവ് തൻ്റെ മകനെ കച്ചവടത്തിൽ താല്പര്യമുണ്ടാക്കാനായി പലതും ശ്രമിച്ചു.
ഒരിക്കൽ, മകനെ തുണിശാല ഏൽപ്പിച്ച് ഒരു ദിവസത്തെ യാത്രയ്ക്ക് പിതാവ് പോയി. തിരികെ വന്നപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു! ആ തുണിക്കടയിലെ സാധനങ്ങളെല്ലാം കാലിയായിരിക്കുന്നു!
ഉടൻ, അദ്ദേഹം മേശവലിപ്പ് തുറന്ന് പണം നോക്കിയപ്പോൾ യാതൊന്നും അതിൽ ഉണ്ടായിരുന്നില്ല! കാരണം, ഫ്രാൻസിസ് പാവപ്പെട്ടവർക്ക് സൗജന്യമായി തുണി വിതരണം ചെയ്തിരിക്കുന്നു! ഫ്രാൻസിസ് അതു സമ്മതിക്കുകയും ചെയ്തു.
അയാൾ ദേഷ്യം കൊണ്ട് അലറി. മകനെയുമായി ബിഷപ്പിൻ്റെ അടുക്കലെത്തി പറഞ്ഞു: "ഇവൻ എൻ്റെ പണവും വസ്തുക്കളും കൊള്ളയടിക്കുകയാണ്!"
അന്നേരം, ഫ്രാൻസിസ് തൻ്റെ വസ്ത്രങ്ങളും അഴിച്ചു കളഞ്ഞു. എന്നിട്ട്, അത് അപ്പൻ്റെ കാൽക്കീഴിൽ വച്ചിട്ട് ബിഷപ്പിനെ കെട്ടിപ്പിടിച്ച് പറഞ്ഞു: "ഇപ്പോൾ മുതൽ എൻ്റെ അപ്പനായി സ്വർഗ്ഗീയ പിതാവിനെ സങ്കൽപ്പിക്കാമല്ലോ"
അങ്ങനെ വൈദിക പഠനത്തിനായി സമ്പത്തെല്ലാം വലിച്ചെറിഞ്ഞ് ഫ്രാൻസിസ് ചേർന്ന് പിന്നീട് വിശുദ്ധനായി തീർന്നു.
ദാരിദ്യത്തിൻ്റെ മധ്യസ്ഥൻ, പരിസ്ഥിതിയുടെ മധ്യസ്ഥൻ, ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൻ്റെ സ്ഥാപകൻ എന്നിങ്ങനെ ഈ വിശുദ്ധൻ അറിയപ്പെടുന്നുണ്ട്. മാത്രമല്ല, 1224 ൽ വിശുദ്ധൻ്റെ ശരീരത്തിൽ ചില പാടുകൾ (stigmata) ഉണ്ടായത് യേശുവിന് കുരിശുമരണത്തിൽ കണ്ടതിനു സമാനമായിരുന്നു.
Written by Binoy Thomas, Malayalam eBooks: 1280: Saint Story: 14, PDF:https://drive.google.com/file/d/19FZpCyKzToSPKGjEw5styX-DPth8ABqL/view?usp=drivesdk