(1277) മരങ്ങൾക്ക് വേര് വന്ന കഥ!

 പ്രാചീന കാലത്ത്, സിൽബാരിപുരം രാജ്യമാകെ കൊടും കാടുകളും വന്യമൃഗങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു. എങ്കിലും മനുഷ്യർ അവിടെ ഉണ്ടായിരുന്നില്ല. അക്കാലത്ത്, വൃക്ഷങ്ങൾക്ക് വേര് ഉറപ്പിച്ച് നിൽക്കാനും മറ്റൊരിടത്തേക്കു നീങ്ങാനും കഴിവുണ്ടായിരുന്നു.

മാത്രമല്ല, ശബ്‌ദത്തോടെ സംസാരിക്കാനും കഴിവുണ്ട്. മരങ്ങൾ വേനൽക്കാലവും മഴക്കാലവും പ്രകൃതി ദുരന്തങ്ങളും നോക്കി അനുയോജ്യമായ സ്ഥലത്തേക്ക് സഞ്ചരിക്കാറുണ്ട്.

ഒരിക്കൽ, വൻമരങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലത്ത് വനദേവത പ്രത്യക്ഷപ്പെട്ടു!

വനദേവത പറഞ്ഞു: "ബുദ്ധിയിലും ആകൃതിയിലും മനോഹരമായ എൻ്റെ പുതിയ സൃഷ്ടിയായ മനുഷ്യൻ ഇങ്ങോട്ട് വരാൻ പോകുന്നു. അതിനാൽ, അവനെ ഏറെ സ്നേഹത്തോടെ നിങ്ങൾ സ്വീകരിക്കണം"

മരങ്ങൾ ഒന്നടങ്കം പറഞ്ഞു: "തീർച്ചയായും ഹൃദ്യമായ ഒരു സ്വീകരണം ഞങ്ങൾ കൊടുക്കുന്നതായിരിക്കും"

അവർ കുറെ ദിവസങ്ങൾ കാത്തിരുന്നുവെങ്കിലും ആരും വന്നില്ല. പക്ഷേ, ഒരു മാസം കഴിഞ്ഞപ്പോൾ ഒരു മനുഷ്യൻ അവിടെയെത്തി. അതുകണ്ട് ഒരു തേക്കുമരം മറ്റുള്ളവരോടു പറഞ്ഞു: "ദേ, നിങ്ങൾ എല്ലാവരും നോക്കൂ! കുരങ്ങൻ്റെ കൂട്ടത്തിൽ പെട്ട ഏതോ ഒരു ചെറിയ ജീവി ആ കല്ലിൽ കയറി ഇരിപ്പുണ്ട് "

ഉടൻ വലിയ മൃഗങ്ങളെല്ലാം പറഞ്ഞു: "ഈ ജീവിയെ ഇവിടെങ്ങും വേണ്ട. അവനെ തല്ലിയോടിക്കാം"

അവർ മരച്ചില്ലകൾ കൊണ്ട് ആ മനുഷ്യനെ തല്ലി അവശനാക്കി! പൊടുന്നനെ, വനദേവത അവിടെ പ്രത്യക്ഷപ്പെട്ടു!

"നിർത്ത്! മനുഷ്യനെ സ്നേഹത്തോടെ സ്വീകരിക്കാൻ പറഞ്ഞതിന് അവനെ കൊല്ലാനാണോ നിങ്ങൾ നോക്കിയത്?"

ഉടൻ, ചന്ദനമരം പറഞ്ഞു: "ഇത്രയും ഒരു ചെറിയ ജന്തുവിനെ വൻമരങ്ങളായ ഞങ്ങൾ എന്തിന് ബഹുമാനിക്കണം?"

വനദേവത കോപത്തോടെ അവരെ ശപിച്ചു: "നിങ്ങളുടെ കാലുകൾ മണ്ണിൽ ഉറച്ച് വേരുകൾ ആഴത്തിൽ മണ്ണിലേക്ക് ഇറങ്ങട്ടെ. അങ്ങനെ ചലനശേഷി നഷ്‌ടപ്പെട്ട് സംസാരശേഷിയും ഇല്ലാതെ മനുഷ്യരുടെ അടിമയായി ഇനിയുള്ള കാലം കഴിയാനാണ് നിങ്ങളുടെ വിധി! മരങ്ങൾ കൊണ്ട് അവർ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും ഉണ്ടാക്കും!"

അന്നു മുതൽ മരങ്ങൾ നിശ്ചലമായി. മനുഷ്യർ വീടുപണികൾക്ക് മരങ്ങൾ മുറിച്ചുതുടങ്ങി.

ഗുണപാഠം: നമുക്ക് മുന്നിൽ വരുന്നവരെ ബഹുമാനിക്കാൻ പഠിക്കണം. ആരെയും ചെറുതായി കാണുന്ന സങ്കുചിതമായ മനസ്സ് നല്ലതല്ല.

Written by Binoy Thomas, Malayalam eBooks: 1277: Grandma's story: 27, PDF: https://drive.google.com/file/d/1U-HR-Ppxj2bGhJEZ_ylFG--WdfNcNYUS/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം

പഞ്ചതന്ത്രം കഥകള്‍ -1