(1274) പണ്ഡിതന്മാരുടെ മുഖസ്തുതി!
അക്ബർ ചക്രവർത്തി പലപ്പോഴും പ്രശസ്‌തി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു. ആ കാര്യം ബീർബലിന് നന്നായി അറിയാമായിരുന്നു.
ഒരു ദിവസം, കൊട്ടാര സദസ്സിൽ പണ്ഡിതന്മാരും കൊട്ടാരത്തിലെ പ്രമുഖരുമെല്ലാം എത്തിച്ചേർന്നിരുന്നു. അക്ബർ എന്തെങ്കിലും ചോദ്യങ്ങൾ സദസ്സിൽ ചോദിക്കുന്നതു പതിവാണ്. നല്ല ഉത്തരമെങ്കിൽ ഒരു സ്വർണ്ണ നാണയം വീതം ലഭിക്കുകയും ചെയ്യും.
അതിനാൽ, എല്ലാവരും വളരെ ജാഗ്രതയോടെയാവും ഇരിക്കുക. അന്ന് പതിവുപോലെ രാജാവ് ഒരു ചോദ്യം സദസ്യരോടായി ചോദിച്ചു: "ഈ സദസ്സിൽ എല്ലാവർക്കും താടിരോമങ്ങളുണ്ട്. ഇവിടെ ഇപ്പോൾ തീ നമ്മൾ എല്ലാവരുടെയും താടിയിൽ പടർന്നു പിടിച്ചു എന്നു കരുതുക? നിങ്ങൾ ഓരോ ആളും ആരുടെ രോമത്തിലെ തീയാകും ആദ്യം അണയ്ക്കുന്നത്?"
ഉടൻ, എല്ലാവരും വർദ്ധിച്ച ആവേശത്തോടെ വിളിച്ചു കൂവി: "ഞങ്ങൾ ഓടിവന്ന് അങ്ങയുടെ താടിയിലെ തീ കെടുത്തും!"
രാജാവ് എല്ലാവരെയും ശ്രദ്ധിച്ചപ്പോൾ ബീർബൽ മാത്രം മിണ്ടാതെ ഇരിക്കുന്നതു കണ്ടു. അന്നേരം, അദ്ദേഹം ചോദിച്ചു: "ബീർബൽ എന്താണ് മൗനം പാലിച്ചത്?"
ബീർബൽ പറഞ്ഞു: "പ്രഭോ, ഇവരെല്ലാം അങ്ങയുടെ സ്വർണ നാണയം പ്രതീക്ഷിച്ച് വെറുതെ കള്ളം പറയുന്നതാണ്! സ്വന്തം താടിയിലെ തീ കെടുത്താതെ മുഖത്തെ മാംസം വേകുന്ന വേദന അനുഭവിച്ചുകൊണ്ട് അവർക്ക് അങ്ങയുടെ താടിയിലെ തീ കെടുത്താൻ പറ്റില്ല! ഞാൻ എൻ്റെ തീ കെടുത്താനാകും ആദ്യം ശ്രമിക്കുക!"
അക്ബർ ചക്രവർത്തി അതിൽ സംപ്രീതനായി ഒരു സ്വർണനാണയം ബീർബലിനു കൊടുത്തതു കണ്ടപ്പോൾ സദസ്യരെല്ലാം നാണംകെട്ടു!
Written by Binoy Thomas, Malayalam eBooks: 1274 : Birbal Stories: 33, PDF:https://drive.google.com/file/d/1Ls0Bh2CbPlP3KvkaQfTAYrAfvE3dJ1EV/view?usp=drivesdk