(1272) മുറവും അരിപ്പയും!

 ഒരിക്കൽ, സിൽബാരിപുരം ദേശത്തേക്ക് ഒരു ദിവ്യനായ ഗുരു എത്തിച്ചേർന്നു. അവിടെയുള്ള പ്രശസ്തമായ ക്ഷേത്ര ദർശനമായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം.

അയാളിലെ ദൈവിക ചൈതന്യം അവിടെ ക്ഷേത്ര പരിസരത്തുള്ളവരെ ആകർഷിച്ചു. അവരെല്ലാം ചുറ്റിനും കൂടി. ഗുരു ആൽത്തറയിൽ ഇരുന്നു.

അന്നേരം, പലതരം ആവലാതികൾ അദ്ദേഹത്തോടു പറഞ്ഞു. ചങ്ങാതി ചതിച്ചത്, വസ്തു തട്ടിയെടുത്തത്, ആൾമാറാട്ടം നടത്തിയത്, കച്ചവടത്തിലെ ചതി, ജീവിത പങ്കാളിയുടെ ഒളിച്ചോട്ടം, വട്ടിപ്പലിശ വാങ്ങിയത്, കടയിലെ മോഷണം... എന്നിങ്ങനെ പലകാര്യങ്ങൾ ഒരുമിച്ച് ആളുകൾ ചോദിച്ചെങ്കിലും ഗുരു യാതൊരു മറുപടിയും പറഞ്ഞില്ല.

പകരം, തൻ്റെ തുണിസഞ്ചിയിൽ നിന്നും തടിയിൽ കൊത്തിയ ചെറിയ രണ്ടു ശില്പങ്ങൾ പുറത്തെടുത്തു. അത് ആൽത്തറയിൽ വച്ചതിനു ശേഷം അദ്ദേഹം നടന്നകന്നു!

അവർ അതു നോക്കിയപ്പോൾ അമ്പരന്നു. കാരണം, ഒരു മുറവും അരിപ്പയും തടിയിൽ കൊത്തിവച്ചിരിക്കുന്ന ചെറിയ ശിൽപ്പമായിരുന്നു അത്.

ആളുകൾ ചിലർ പിറുപിറുത്തു: "എന്തായിരിക്കും ഗുരു ഒന്നും മിണ്ടാതെ വെറും തടിശില്പം വച്ചിട്ട് പോയത്?"

എല്ലാവരും എന്താണെന്ന് മനസ്സിലാകാതെ നിന്നപ്പോൾ ഒരു പണ്ഡിതൻ അതുവഴി പോയി. അദ്ദേഹത്തെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു.

പണ്ഡിതൻ പറഞ്ഞു: "നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും പ്രശ്നങ്ങളെ കളയാനുമുള്ള ശൈലിയാണ് ഇവിടെ സൂചന തരുന്നത്. മുറത്തിൽ എന്തെങ്കിലും നിറച്ചിട്ട് പേറ്റുമ്പോൾ വേണ്ടാത്തവ വെളിയിലേക്കു തെറിച്ചു വീഴും. എന്നാൽ, അരിപ്പയിൽ നേരെ തിരിച്ചാണു സംഭവിക്കുന്നത്. വേണ്ടത് അരിച്ച് താഴെ വീഴുകയും വേണ്ടാത്തത് അരിപ്പയിൽ കിടക്കുകയും ചെയ്യും"

പലരും നെറ്റി ചുളിച്ചു: "ഇതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനം? എങ്ങനെയാണ് ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരമാകുന്നത്?"

പണ്ഡിതൻ തുടർന്നു: "നിങ്ങളുടെ പല പ്രശ്നങ്ങളുടെയും പ്രധാന കാരണം, നിങ്ങളുടെ മനസ്സ് അരിപ്പയെപ്പോലെ നല്ലതു കളഞ്ഞിട്ട് വേണ്ടാത്തത് പിടിച്ചുവയ്ക്കുന്നതു കൊണ്ടാണ്! അതിനാൽ, നിങ്ങൾ മുറത്തേപ്പോലെ പെരുമാറണം. വേണ്ടാത്തത് കളഞ്ഞ് നല്ലത് മനസ്സിൽ ശേഖരിക്കണം!"

അന്നേരം, പലർക്കും കാര്യങ്ങൾ മനസ്സിലായി. ഉടൻ, പണ്ഡിതൻ ഉച്ചത്തിൽ ചോദിച്ചു: "നിങ്ങൾ മുറമോ? അരിപ്പയോ?"

അപ്പോൾ, സ്വന്തം മനസ്സിൻ്റെ അവസ്ഥകൾ ആലോചിച്ചു കൊണ്ട് അവർ പിരിഞ്ഞു പോയി.

ആശയം: പ്രാധാന്യമുള്ളതിൽ വ്യാപരിക്കാനും മലിനമായത് ഉപേക്ഷിക്കാനും മനസ്സിനെ ഏവരും പരിശീലിപ്പിക്കണം! അതുവഴിയായി സന്തോഷവും ആനന്ദവും ജീവിതത്തിൽ നിറയും!

Written by Binoy Thomas, Malayalam eBooks: 1272: Happiness : 40, PDF:https://drive.google.com/file/d/1OBrKn1x_pjsC6JggRq1NfOY659UsGd9u/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം