(1266) അപ്പൂപ്പൻ്റെ നെയ്യപ്പം!

 പണ്ട്, സിൽബാരിപുരത്ത് ഒരു കവലയിലെ പ്രസിദ്ധമായ ചായക്കടയിലെ പ്രധാന പാചകക്കാരനായിരുന്ന ചെല്ലപ്പന് പ്രായമേറിയതോടെ വല്ലാത്ത ശ്വാസം മുട്ടൽ തുടങ്ങി. അയാൾ പണി നിർത്തി തൻ്റെ കുടിലേക്കു താമസം മാറ്റി. കുട്ടികൾ അപ്പൂപ്പൻ എന്ന് ചെല്ലപ്പനെ വിളിച്ചു തുടങ്ങി.

ഒരു മൈതാനത്തോടു ചേർന്നായിരുന്നു അയാളുടെ വീട്. ഒറ്റയ്ക്കു താമസിക്കുന്ന അയാൾക്ക് ഒരു ദിവസം നെയ്യപ്പം ഉണ്ടാക്കി കഴിക്കണമെന്നു തോന്നി. പക്ഷേ, അടുത്തുള്ള കടയിൽ വരെ പോയി സാധനങ്ങൾ വാങ്ങാൻ കാൽമുട്ടിൻ്റെ വേദന അനുവദിക്കുന്നില്ലായിരുന്നു. മാത്രമല്ല, മറവിയും കൂടുതലാണ്.

സഹായത്തിനായി ആരും ഇല്ലാത്തതിനാൽ കൊതി സഹിക്കാമെന്നു വച്ചു. അന്നേരം, മൈതാനത്തെ കുട്ടികൾ പന്തു കളിച്ചപ്പോൾ അത് വന്നു വീണത് അയാളുടെ കുടിലിനു മുന്നിലാണ്.

ഒരു കുട്ടി അതെടുക്കാൻ വന്നപ്പോൾ അയാൾ ചോദിച്ചു: "എനിക്ക് നെയ്യപ്പം ഉണ്ടാക്കാനുള്ള എണ്ണ കടയിൽ നിന്നും മേടിച്ചു തരാമോ?"

ഉടൻ, അവൻ പറഞ്ഞു: "അപ്പൂപ്പാ, എനിക്കു നേരമില്ല. ഈ കളിയിൽ എനിക്കു ജയിക്കണം"

അയാൾ വാശിയോടെ വേച്ചുവേച്ച് നടന്നു വെളിച്ചെണ്ണ വാങ്ങി തിരികെയെത്തി. അപ്പോഴാണ് ശർക്കര മേടിച്ചില്ലെന്ന് ഓർത്തത്. മൈതാനത്തിലെ ഒരു കുട്ടിയെ കൈ കാട്ടി വിളിച്ചു. അവൻ ഓടി വന്ന് കാര്യം ചോദിച്ചു. അയാൾ പറഞ്ഞു: "എനിക്ക് നെയ്യപ്പം ഉണ്ടാക്കാനുള്ള ശർക്കര മേടിച്ചു തരണം"

അവൻ തിരികെ ഓടുമ്പോൾ വിളിച്ചു കൂവി: "എനിക്ക് ഈ പന്തുകളി മുഴുവൻ കാണണം"

അപ്പൂപ്പനു വാശിയായി. വടി കുത്തി നടന്ന് ശർക്കരയും വാങ്ങി വന്നു. പക്ഷേ, അപ്പോൾ അപ്പൂപ്പന് ശ്വാസംമുട്ടൽ കൂടി.

മറ്റൊരു കുട്ടിയെ വിളിച്ചു വരുത്തി പറഞ്ഞു: "മുറ്റത്തു കിടക്കുന്ന വിറക് അടുപ്പിലൊന്ന് വച്ചു തരാമോ? നെയ്യപ്പം ഉണ്ടാക്കാനാണ്"

അവൻ ദേഷ്യപ്പെട്ടു: "ഞാൻ കളിയിൽ പന്തയം വച്ചിരിക്കുകയാണ്. എനിക്ക് കളിക്കളത്തിൽ നിന്നും മാറാൻ പറ്റില്ല"

പക്ഷേ, അയാൾ വളരെ വിഷമിച്ച് വിറക് എടുത്ത് അടുപ്പിൽ വച്ചു. എന്നാൽ, തീപ്പെട്ടി എടുത്തപ്പോൾ അതിനുള്ളിൽ കാലിയാണെന്ന് മനസ്സിലായി. പിന്നെയും അയാൾ കളി കണ്ടുകൊണ്ടിരുന്ന ഒരു കുട്ടിയെ കൈകൊട്ടി വിളിച്ചു. അയാൾ അവനോടു പറഞ്ഞു: "ഞാൻ നെയ്യപ്പം ഉണ്ടാക്കാൻ പോകുകയാണ്. അടുപ്പു കത്തിക്കാനുള്ള തീപ്പെട്ടി വാങ്ങിച്ചു തരാമോ?"

കുട്ടി പറഞ്ഞു: "ഞാൻ ഇപ്പോൾത്തന്നെ വീട്ടിലേക്കു പോകുകയാണ്"

അയാൾക്ക് ദേഷ്യം വന്നു. വടിയും കുത്തി പോയി തീപ്പെട്ടി വാങ്ങി അടുപ്പ് കത്തിച്ചു. രുചിയേറിയ നെയ്യപ്പം അയാൾ ഉണ്ടാക്കിയതിൻ്റെ മണം അവിടെ വന്ന ഒരു കുട്ടിക്കു കിട്ടി. അവൻ അവിടെ വന്നുപോയ മറ്റുള്ളവരോടു രഹസ്യമായി പറഞ്ഞു: "അപ്പൂപ്പൻ നെയ്യപ്പം ഉണ്ടാക്കിയ മണം വരുന്നുണ്ട് "

അന്നേരം, നാലു പേരും പതുങ്ങി അപ്പൂപ്പൻ്റെ വീട്ടിലെത്തി നെയ്യപ്പം തരാമോ എന്നു ചോദിച്ചു. അപ്പോൾ അപ്പൂപ്പൻ അവരോടു തിരികെ ചോദിച്ചു: "ആരാണ് എനിക്ക് നെയ്യപ്പത്തിനുള്ള എണ്ണ വാങ്ങിയത്?"

ഒന്നാമൻ പരുങ്ങലോടെ പറഞ്ഞു: "അപ്പൂപ്പൻ"

അദ്ദേഹം പിന്നെ ചോദിച്ചു: "ആരാണ് ശർക്കര വാങ്ങിയത്?"

രണ്ടാമൻ പറഞ്ഞു: "അപ്പൂപ്പൻ"

പിന്നെയും അപ്പൂപ്പൻ ചോദിച്ചു: "ആരാണ് വിറക് അടുപ്പത്ത് വച്ചത്?"

മൂന്നാമൻ മെല്ലെ പറഞ്ഞു: "അപ്പൂപ്പൻ"

അയാൾ അടുത്ത ചോദ്യം നാലാമനോട് ചോദിച്ചു: "ആരാണ് തീപ്പെട്ടി വാങ്ങി വന്നത്?"

നാലാമൻ പിറുപിറുത്തു: "അപ്പൂപ്പൻ"

അവസാനം, ഒരു ചോദ്യം കൂടി എല്ലാവരോടുമായി ചോദിച്ചു: "അങ്ങനെയെങ്കിൽ, ഈ നെയ്യപ്പം ആരുടെയാണ് ?"

അവർ പറഞ്ഞു: "അപ്പൂപ്പൻ്റെതാണ്"

അയാൾ തുടർന്നു പറഞ്ഞു: "ഞാൻ ചോദിച്ച സഹായങ്ങളെല്ലാം വളരെ പെട്ടെന്ന് നിങ്ങൾക്ക് ചെയ്യാമായിരുന്നു. പക്ഷേ, നിങ്ങളാരും ചെയ്തില്ല. അതിനാൽ ഈ നെയ്യപ്പത്തിൽ യാതൊരു പങ്കും നിങ്ങൾക്കില്ല"

ആശയം: യാതൊരു അധ്വാനവുമില്ലാതെ ഫലം പറ്റുന്ന ഒരു ചൂഷണ വർഗ്ഗം സമൂഹത്തിൽ അതിവേഗം വളരുകയാണ്. തന്മൂലം പലതരം ചതിയും വഞ്ചനയും കൈക്കൂലിയും അഴിമതിയും ആൾമാറാട്ടങ്ങളുമെല്ലാം സർവ്വ സാധാരണമായി നമ്മെ പേടിപ്പിക്കുന്നു!

Written by Binoy Thomas, Malayalam eBooks: 1266 : bedtime Stories: 23, PDF:https://drive.google.com/file/d/11tjxJ0B0Ff_I_Dspmwsap6IMTTPOTvSe/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം