(1265) തീപ്പെട്ടിയും പെൻസിലും!

പണ്ടത്തെ സിൽബാരിപുരം ദേശത്തെ ഒരു കാൽപനിക കഥ. അവിടത്തെ ഒരു ആശ്രമം വളരെ വലുതാണ്. അതിനു ചുറ്റുമായി മനോഹരമായ വരാന്തയുമുണ്ട്.

ഒരിക്കൽ, ആശ്രമത്തിൻ്റെ അൻപതാം വാർഷിക ആഘോഷങ്ങളുടെ രാവെത്തി. ഗുരുവിൻ്റെ നിർദ്ദേശം അനുസരിച്ച് ശിഷ്യന്മാർ വരാന്തയുടെ അരികിലൂടെ മൺചിരാത് നിരത്തി വച്ച് അതിൽ എണ്ണ ഒഴിച്ച് തിരിയും ഇട്ടു.

നേരം സന്ധ്യ മയങ്ങിയപ്പോൾ ഒരു ശിഷ്യൻ വരാന്തയിലേക്ക് ഒരു തീപ്പെട്ടിയുമായി എത്തി. അവൻ ഒരു തീപ്പെട്ടിക്കൊള്ളി എടുത്ത് തീപ്പെട്ടിയിൽ ഉരച്ച് തീ കത്തിച്ച് ആദ്യത്തെ വിളക്കിനു തീ പകർന്നു.

തുടർന്ന്, ആ തിരിയുമായി നടന്ന് എല്ലാ മൺചിരാതും പ്രകാശമാക്കി. അങ്ങനെ ആശ്രമം മുഴുവൻ മനോഹരമായെന്ന് ശിഷ്യൻ ഉറപ്പാക്കിയ ശേഷം ആദ്യത്തെ മൺവിളക്ക് അയാൾ എടുത്ത സ്ഥലത്തുതന്നെ തിരികെ വച്ചു.

അന്നേരം, നിരാശയോടെ വരാന്തയിൽ വീണു കിടക്കുന്ന തീപ്പെട്ടിക്കൊള്ളി ആ വിളക്കിനെ നോക്കി പറഞ്ഞു: "ആ ശിഷ്യന് ഒരു നിമിഷമേ എൻ്റെ ആവശ്യമുണ്ടായിരുന്നുള്ളൂ. ആ ഒരു പൊട്ടിത്തെറിയോടെ എൻ്റെ കഥ കഴിഞ്ഞു. പക്ഷേ, ആ തീ കൊണ്ട് വീടുമുഴുവൻ പ്രകാശം പരത്താൻ നീ അവൻ്റെ കൂടെ നടന്നു. അതു കഴിഞ്ഞ്, ഇവിടെ കിടന്ന് ആളുകളുടെ ചവിട്ടേൽക്കാനാണ് എൻ്റെ വിധി!"

അതുകേട്ട് മൺചിരാത് പറഞ്ഞു: "നിൻ്റെ കാര്യം എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല"

അവൻ്റെ മറുപടി തീപ്പെട്ടിക്കൊള്ളിയെ കൂടുതൽ വിഷമിപ്പിച്ചതേയുള്ളൂ. അന്നേരം, ഏതാനും ശിഷ്യന്മാർ വരാന്തയിലൂടെ നടന്നു പോയപ്പോൾ പുസ്തകത്തിനിടയിൽ അലക്ഷ്യമായി വച്ചിരുന്ന ഒരു പെൻസിൽ താഴെ വീണു. അത് വീണത് തീപ്പെട്ടിക്കൊള്ളിയുടെ അടുത്താണ്.

തീപ്പെട്ടിക്കൊള്ളി അവനോടു വിഷമം പങ്കിട്ടപ്പോൾ പെൻസിൽ പറഞ്ഞു: "ഈ ആശ്രമത്തിൽ പേന വരുന്നതിനു മുൻപ് എല്ലാവർക്കും എഴുതാൻ ഞങ്ങളെ വേണം. പക്ഷേ, ഇപ്പോൾ ആരും ഞങ്ങളെ പരിഗണിക്കുന്നില്ല കാരണം ഞങ്ങളുടെ എഴുത്തിന് നിറമില്ലാത്തതാണ്. എല്ലാവർക്കും നീല നിറമുള്ളവനെ മതി"

ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചു കൊണ്ട് നിന്നിരുന്ന തൂൺ പറഞ്ഞു: "നിങ്ങൾ എന്നെ നോക്കൂ. ഈ വീടിൻ്റെ ഭാരം പേറി എത്രയോ വർഷങ്ങളായി ഞാൻ നിശബ്ദ സേവനം ചെയ്യുന്നു. പക്ഷേ, ആരും അറിയുന്നില്ലല്ലോ. അതിനാൽ, നമ്മൾ ചെയ്യുന്ന കർമ്മത്തിൽ നിന്നും ഏതെങ്കിലും ഫലം പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം"

ആശയം: എല്ലാ സത്‌കർമ്മങ്ങളും ആളുകൾ കാണണമെന്നും അംഗീകരിക്കണമെന്നും വാശി പിടിക്കരുത്. ഫലം ആഗ്രഹിക്കാത്ത നിഷ്‌കാമ കർമ്മം ഏറെ മഹത്തരമാണ്.

Written by Binoy Thomas, Malayalam eBooks: 1265: Nanmakal :58, PDF :https://drive.google.com/file/d/1jH8RsXyxbtFyCxNpZG8f43ta2ZHKd7EF/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം

പഞ്ചതന്ത്രം കഥകള്‍ -1