(1264) പാദസുഖം!
പണ്ട്, സിൽബാരിപുരം രാജ്യത്ത് ഒരു വലിയ തറവാട്ടിൽ നടന്ന കാല്പനികമായ ഒരു കഥയാവട്ടെ ഇത്തവണ.
ആ മുതലാളിയുടെ വലിയ തറവാട്ടിലേക്ക് ദിവസവും ഒരുപാട് ആളുകൾ വരുന്നതു പതിവായിരുന്നു. സിൽബാരിപ്പുഴയിൽ വന്നടിഞ്ഞ പുഴമണൽ ശേഖരിച്ച് മനോഹരമായ മിനുസമുള്ള ചെറിയ ഉരുളൻകല്ലുകൾ പ്രത്യേകമായി തെരഞ്ഞെടുത്ത് അവിടത്തെ മുറ്റത്ത് വിരിച്ചിട്ടുണ്ട്.
അക്കാലത്ത്, ജന്മിമാരും നാടുവാഴികളും മുതലാളിമാരും അങ്ങനെ ഏതാനും ആളുകൾ മാത്രമേ പാദരക്ഷകൾ ഉപയോഗിച്ചിരുന്നുള്ളൂ. അതായത്, അവിടെ വരുന്നവരെല്ലാം ചെരുപ്പിടാത്തതിനാൽ അവർ ഈ കല്ലുകളിൽ ചവിട്ടുമ്പോൾ പറയും: "ഹൊ! എന്തൊരു പാദസുഖം! എത്ര മനോഹരമായ മുറ്റം!"
എന്നാൽ, മുറ്റത്ത് കാളവണ്ടിയിൽ നിന്നും ചരക്ക് ഇറക്കുന്ന സമയത്ത് മുറ്റത്ത് ഒരു കൂർത്ത കരിങ്കൽ കഷണം വീണു. പിന്നീട്, പലപ്പോഴായി ചില ആളുകൾ കരിങ്കല്ലിൽ ചവിട്ടി ദേഷ്യപ്പെടും: "ഇതൊരു ശല്യമായല്ലോ. കാലിനു വേദനയെടുത്തു"
അങ്ങനെ, ആളുകൾ കരിങ്കല്ലിനെ ശപിക്കുന്നതു കേട്ട് കരിങ്കല്ല് അടുത്തു കിടന്ന ഉരുളൻ കല്ലിനോടു പറഞ്ഞു: "നീ എത്ര ഭാഗ്യം ചെയ്ത ജന്മമാണ് ? മിനുസമേറിയ മനോഹരമായ നിന്നെ ആളുകൾ എല്ലാവരും ഇഷ്‌ടപ്പെടുന്നു. പക്ഷേ, എന്നെ ശപിക്കുന്നു"
അന്നേരം, ഉരുളൻകല്ല് പറഞ്ഞു: "നിനക്ക് എൻ്റെ ദുരന്തകഥ അറിയില്ല. നൂറുകണക്കിനു വർഷങ്ങൾക്കു മുൻപ് വലിയ കല്ലിൽ നിന്നും അടർന്ന് നദിയിൽ വീണപ്പോൾ ഞാൻ വലുതും കൂർത്തതും ആയിരുന്നു. പിന്നെ, വെള്ളത്തിനൊപ്പം തല്ലിയും ഇടിച്ചും ചാടിയും ഉരഞ്ഞും ഞാൻ ഒരുപാടു വേദനിച്ചു. അങ്ങനെ കാലങ്ങൾ പിന്നിട്ടപ്പോഴാണ് ഈ തീരത്ത് ഞാൻ വന്നടിഞ്ഞത്!"
അപ്പോൾ കരിങ്കല്ലിൻ്റെ വിഷമമെല്ലാം മാറി.
ആശയം: ജീവിത നേട്ടങ്ങളും തിളക്കങ്ങളുമെല്ലാം ഒരു സുപ്രഭാതത്തിൽ കിട്ടുന്ന ഒന്നല്ല. അതിന് നിരന്തരമായ കഠിനാധ്വാനം വഴിയുള്ള തേഞ്ഞു മിനുസമാകുന്ന പ്രക്രിയ ആവശ്യമാണ്. യാതൊരു ഘർഷണവും ഇല്ലാതെ എന്തെങ്കിലും നേരായ വഴിയിലൂടെ നേടാൻ പറ്റില്ല.
Written by Binoy Thomas, Malayalam eBooks: 1264 : Nanny tales: 22, PDF:https://drive.google.com/file/d/1WbHfghLq7Qn3Y4Aqdpxm2En-nmQioOHW/view?usp=drivesdk