(1263) മഞ്ഞിലെ സഹായം!

ഒരു കാലത്ത്, സിൽബാരിപുരം ദേശമാകെ മഞ്ഞുമലകളും കുന്നുകളും മനോഹരമായ താഴ്‌വാരങ്ങളും കൊണ്ട് അനുഗൃഹീതമായിരുന്നു. ധാരാളം സഞ്ചാരികളും അവിടെ വന്നുപോകാറുണ്ട്.

ഒരിക്കൽ, കോസലപുരത്തെ സമ്പന്നരായ ഏതാനും വ്യാപാരികൾ മഞ്ഞുമലയിലൂടെ കാഴ്ചകൾ കണ്ട് നടന്നപ്പോൾ പെട്ടെന്ന് ചെറിയ മഞ്ഞിടിച്ചിൽ ഉണ്ടായി. അവർ രക്ഷപെടാനായി താഴേക്കു ചാടിയെങ്കിലും ഒരു കിടങ്ങിൽ കുടുങ്ങിപ്പോയി! ഉച്ചത്തിൽ അവരെല്ലാം നിലവിളിച്ചെങ്കിലും ആരും അതൊന്നും കേട്ടില്ല.

കുറെ മണിക്കൂറുകൾ തണുത്ത് മരവിച്ച് അവർ മരണത്തെ മുഖാമുഖം കണ്ടു! സകല പ്രതീക്ഷകളും അസ്‌തമിച്ച നേരത്ത് അക്കരെയുള്ള ഒരു കുന്നിലൂടെ ചെമ്മരിയാടുകളെ മേയിച്ച് പോകുകയായിരുന്ന ഒരു ബാലന് ഈ കാര്യം ശ്രദ്ധയിൽ പെട്ടു. അവൻ്റെ പേര് ഹോചി എന്നായിരുന്നു.

അവൻ കൂവി വിളിച്ച് ആളുകളുമായി അവിടെയെത്തി കയറിൽ കെട്ടിട്ട് സഞ്ചാരികൾക്ക് ഇട്ടുകൊടുത്തു. പിന്നീട് അവരെ ആശുപത്രിയിലെത്തിച്ചു രക്ഷപെടുത്തി.

ആ സംഭവത്തിനു ശേഷം, അതേ സഞ്ചാരികൾ വീണ്ടും അവിടെയെത്തി. ഇത്തവണ സ്ഥലം കാണാനായിരുന്നില്ല. ഹോചിയെ കാണാനായിരുന്നു അവർ എത്തിയത്.

സമ്പന്നരായ വ്യാപാരികൾ അവനോടു ചോദിച്ചു: "ഞങ്ങൾ തണുത്തു മരവിച്ച് അവിടെ ആരുമറിയാതെ തീരുമെന്നാണു കരുതിയത്. നീയാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്! അതുകൊണ്ട് ഞങ്ങൾ നിനക്ക് എന്താണു ചെയ്തു തരേണ്ടത്?"

അവൻ ഒട്ടും ആലോചിക്കാതെ അവരോടു പറഞ്ഞു: "ഇവിടെ താഴ്‌വരയിൽ ഞങ്ങൾക്കു പഠിക്കാൻ ഒരു വിദ്യാലയം പോലുമില്ല"

രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ താഴ്‌വരയിലെ മികച്ച സ്ഥലത്ത് നല്ലൊരു വിദ്യാലയം സ്ഥാപിതമായി. പിന്നീട്, വ്യാപാരികളുടെ മേൽനോട്ടവും സഹായങ്ങളും ആ വിദ്യാലയത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി വികസിക്കാൻ ഇടയായി.

ആശയം: ഒരാളെ സഹായിക്കാൻ നല്ലൊരു മനസ്സു മാത്രം മതിയാകും. പ്രായമോ വലിപ്പമോ സമ്പത്തോ പദവിയോ അധികാരമോ വേണമെന്നില്ല. തിരികെ ചെന്ന് നന്ദി പറയാനോ കടപ്പാട് തീർക്കാനോ, പകരമുള്ള സഹായം ചെയ്യാനോ നിങ്ങൾക്കു കുടിശ്ശിഖയുണ്ടോ? ഇപ്പോൾ ആലോചിക്കുക!

Written by Binoy Thomas, Malayalam eBooks: 1263: Gratitude :38, PDF : https://drive.google.com/file/d/1TTI1-do1sQyUsNKN0dpufwMML-Erw3y6/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം