(1262) വേരിൻ്റെ ബലം!
സിൽബാരിപുരം ദേശത്തെ ഒരു ആശ്രമം. അവിടെ പഠിച്ചിരുന്ന ശിഷ്യന്മാരിൽ ചിലർക്ക് ഒരു ദുശ്ശീലമുണ്ടായിരുന്നു. ഗുരുവിനെ കാണാൻ പലരും അവിടെ വരുന്നുണ്ട്. അങ്ങനെ ആളുകൾ വരുമ്പോഴും തിരികെ പോകുമ്പോഴും അവരെ വിശകലനം ചെയ്ത് അറിയാൻ വയ്യാത്ത നിഗമനങ്ങളിൽ എത്തുന്ന രീതിയുണ്ട്.
ഈ കാര്യത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളിൽ ചിപ്പോൾ തർക്കവും വരാറുണ്ട്. ഒരു ദിവസം, വളരെ മെലിഞ്ഞ ഒരു സന്യാസി ദൂരെ ദിക്കിൽ നിന്നും അവിടെയെത്തി. അദ്ദേഹം മടങ്ങിയപ്പോൾ ചില ശിഷ്യന്മാർ പിറുപിറുത്തു: "ഇത്തരം ദരിദ്രരായ ആളുകളും നമ്മുടെ സന്യാസിയുടെ ചങ്ങാതിമാരാണോ? അയാൾ എന്തെങ്കിലും സഹായം ചോദിക്കാൻ വന്നതായിരിക്കും"
ഇവർ പറയുന്നത് ഗുരു കേട്ടു. പക്ഷേ, അതേക്കുറിച്ച് യാതൊന്നും ചോദിക്കാതെ അവരോടു പറഞ്ഞു: "നിങ്ങൾ എൻ്റെ കൂടെ പറമ്പിലേക്ക് വരിക"
അവിടെ പേരമരത്തിൻ്റെ ചെറിയ തൈ നിൽപ്പുണ്ടായിരുന്നു. അത് കൈകൊണ്ട് വലിച്ച് പിഴുതെടുക്കാൻ ഗുരു പറഞ്ഞു. പക്ഷേ, ചെറുതായതിനാൽ വളരെ എളുപ്പമാണെന്നു കരുതി ശിഷ്യന്മാർ ഓരോ ആളും വലിച്ചെങ്കിലും അത് ശക്തമായി മണ്ണിൽ നിന്നു.
പിന്നീട്, അല്പം മാറി കുറച്ചു വണ്ണമുള്ള ഒരു മുരിങ്ങ മരം പിഴുതെടുക്കാൻ പറഞ്ഞപ്പോൾ അവർ പിറുപിറുത്തു: "അത്രയും ചെറിയത് പറ്റിയില്ല. അന്നേരം, വലുതിൻ്റെ കാര്യം പറയാനുണ്ടോ?"
ഒന്നാമൻ വലിച്ചപ്പോൾത്തന്നെ ആ മരം പിഴുതു പോന്നു. മാത്രമല്ല, അതിൻ്റെ ശിഖരങ്ങളും വേഗത്തിൽ ഒടിക്കാൻ പറ്റി. അപ്പോൾ ഗുരു പറഞ്ഞു: "പേരമരത്തിൻ്റെ ശിഖരങ്ങൾ മെലിഞ്ഞതും എന്നാൽ, വേരുകൾ ശക്തമായി ആഴങ്ങളിലേക്കു പോയിരുന്നു. പക്ഷേ, മുരിങ്ങ പുറമെ കരുത്തു തോന്നിച്ചെങ്കിലും വേരുകളും ശിഖരങ്ങളും ദുർബലങ്ങളായിരുന്നു. അതായത് ഒറ്റക്കാഴ്ചയിൽ ഒന്നിനെയും വിലയിരുത്താൻ പാടില്ല"
ഗുണപാഠം: ഒരാളുടെ ബാഹ്യ ലക്ഷണം വിലയിരുത്തി അഭിപ്രായം പറയാൻ പാടില്ല. മനക്കരുത്തിനെ അളന്നാൽ പലരും ജയങ്ങളോ പരാജയങ്ങളോ നേരിടേണ്ടി വരും.
Written by Binoy Thomas, Malayalam eBooks: 1262: Folk Tales : 100, PDF: https://drive.google.com/file/d/1GwfLicWe96EvwBHZZTHMmYW6jvW68eK7/view?usp=drivesdk