(1261) കാക്ക വെള്ളം കുടിച്ച കഥ!
ഒരിക്കൽ, സിൽബാരിപുരം ദേശമാകെ കഠിനമായ വരൾച്ച അനുഭവപ്പെട്ടു. ക്രമേണ കൃഷികൾ വെള്ളമില്ലാതെ നശിച്ചു തുടങ്ങി. ആളുകൾ ഒരുപാടു ദൂരം നടന്ന് വെള്ളം പലയിടത്തു നിന്നും കഷ്‌ടപ്പെട്ടു കൊണ്ടു വരാൻ തുടങ്ങി.
അങ്ങനെയിരിക്കെ, ഒരു ദിവസം രണ്ടു കാക്കകൾ വെള്ളം തേടി അലഞ്ഞു. ഒരു വീടിൻ്റെ പിറകിലെ വരാന്തയിൽ ചില്ലുകുപ്പിയിൽ വെള്ളം ഒഴിച്ചു വച്ചിരിക്കുന്നത് ഒന്നാമത്തെ കാക്ക കണ്ടു.
അവൻ പറഞ്ഞു: "നമുക്ക് ആ കുപ്പിയിൽ നിന്നും വെള്ളം കുടിക്കാം"
അന്നേരം രണ്ടാമൻ പറഞ്ഞു: "നീ എന്തു മണ്ടത്തരമാണു പറയുന്നത്? നമ്മുടെ ചുണ്ട് കുപ്പിയിൽ ഇറങ്ങില്ല. വേണമെങ്കിൽ ചിറകടിച്ച് കുപ്പി താഴെയിടാം. പിന്നെ താഴെ വീഴുന്നത് കുടിക്കാം"
ആദ്യത്തെ കാക്ക തുടർന്നു: "അത് അപകടമാണ്. കുപ്പി പൊട്ടുന്ന ഒച്ച കേട്ട് വീട്ടുകാർ ഓടിവരും. മാത്രമല്ല, ചൂടുമണ്ണിലേക്കു വീഴുന്ന വെള്ളം നമ്മൾ കുടിക്കുന്നതിനു മുൻപ് മണ്ണു വലിച്ചെടുക്കും"
രണ്ടാമനു ദേഷ്യം വന്നു. അപ്പോൾ ഒന്നാമൻ മുറ്റത്തു കിടന്ന ചെറിയ ഉരുളൻകല്ല് കൊത്തിയെടുത്ത് കുപ്പിയിലിട്ടു : "ഇങ്ങനെ കല്ലു നിറയുമ്പോൾ വെള്ളം പുറത്തേക്ക് വീഴാൻ തുടങ്ങും"
രണ്ടാമൻ കോപിച്ചു: "നീ ഒരു മണ്ടനാണ്. ഇങ്ങനെ എത്ര നേരം കല്ലിട്ടാലാണ് ഈ കുപ്പി നിറയുക? അതിനിടയിൽ ഈ വീട്ടുകാർ നിന്നെ അടിച്ചു വീഴ്ത്തും"
രണ്ടാമൻ പറന്നു പോയി. പക്ഷേ, ഒന്നാമത്തെ കാക്ക നിരാശനായില്ല. അവൻ കല്ലുകൾ ഓരോന്നായി ദീർഘ ക്ഷമയോടെ ഇട്ട് കുപ്പിയിലെ വെള്ളം നിറഞ്ഞു കവിഞ്ഞു. അവൻ കുടിച്ചിട്ട് പറന്നു പോയി.
അതേസമയം, നേരത്തേ പറന്നുപോയ രണ്ടാമൻ കുറെ പറന്നു കഴിഞ്ഞപ്പോൾ ചൂടു കാരണം കുഴഞ്ഞു വീണു മരിച്ചു.
ആശയം: ഏതു കാര്യം സാധിക്കണമെങ്കിലും തുടർച്ചയായ കഠിനാധ്വാനം ദീർഘ ക്ഷമയോടെ ചെയ്യേണ്ടി വരും. അതിനിടയിൽ പിറകോട്ടു വലിക്കാൻ പലരും വന്നാലും അതിനെ അവഗണിച്ച് മുന്നോട്ടു പോകണം.
Written by Binoy Thomas, Malayalam eBooks: 1261: bedtime stories: 21, PDF :https://drive.google.com/file/d/1NglyPAx41LxqMKCMHat3rcM67CGM3D5a/view?usp=drivesdk