(1260) നെന്മണി സ്വർണ്ണമായ കഥ!

 സിൽബാരിപുരം ദേശത്തെ ഒരു ദരിദ്ര കുടുംബത്തിൽ സാധുക്കളായ കുമാരനും രമണിയും കഴിയുന്ന കാലം. കുമാരന് അടുത്തുള്ള ജന്മിയുടെ പറമ്പിൽ സ്ഥിരമായ പണികൾ ഉണ്ടാവും. എന്നാൽ, കൂലി വളരെ തുച്ഛമായിരുന്നു. കഷ്ടിച്ച് പട്ടിണി മാറ്റാമെന്നു മാത്രം.

എന്നും ഉച്ചസമയത്ത് ഊണുമായി രമണി പറമ്പിലേക്കു പോകും. ഒരു ദിവസം, അവൾ അങ്ങനെ നടന്നു പോകുമ്പോൾ വഴിയരികിലെ മരത്തണലിൽ ഒരു വൃദ്ധ സന്യാസി ഇരിപ്പുണ്ടായിരുന്നു.

അയാൾ രമണിയോടു ചോദിച്ചു: "നീ എവിടെ പോകുകയാണ്?"

അവൾ പറഞ്ഞു: "എൻ്റെ ഭർത്താവിന് ജന്മിയുടെ പറമ്പിൽ പണികളുണ്ട്. ചേട്ടന് ഊണുമായി പോകുകയാണ്"

സന്യാസി ചോദിച്ചു: "അയാൾക്ക് ഉച്ചയ്ക്ക് വീട്ടിൽ വന്ന് ഊണു കഴിക്കാൻ വയ്യേ?"

അവൾ വിഷമത്തോടെ പറഞ്ഞു: "ഊണു കഴിക്കാൻ വീട്ടിലേക്കു പോയാൽ സമയം പോകുമെന്ന് പറഞ്ഞ് ജന്മി വീട്ടിലേക്കു വിടില്ല"

ഉടൻ, സന്യാസി പറഞ്ഞു: "ഓഹോ! കാര്യങ്ങൾ അങ്ങനെയാണ്. പക്ഷേ, ഇപ്പോൾ എൻ്റെ ആവശ്യം ഊണു കഴിക്കണമെന്നാണ്. നിൻ്റെ കയ്യിലുള്ള ഊണ് എനിക്കു തരിക. വല്ലാതെ വിശക്കുന്നു"

അന്നേരം, രമണി വല്ലാത്ത വിഷമത്തിലായി. ഇതു കൊടുത്താൽ, രാവിലെ മുതൽ പണിയെടുക്കുന്ന ചേട്ടൻ പട്ടിണിയാകും. പക്ഷേ, സന്യാസിക്കു കൊടുത്തില്ലെങ്കിൽ അതു ശാപവുമാണ്. ഒടുവിൽ വിഷമത്തോടെ ആ ചെറിയ മൺകലത്തിലെ ചോറും അച്ചാറും സന്യാസിക്കു നീട്ടി പറഞ്ഞു: "ഇതിൽ കറിയൊന്നുമില്ല. നാരങ്ങാ അച്ചാറു മാത്രമേ ചോറിനൊപ്പമുള്ളൂ"

സന്യാസി പറഞ്ഞു: "എനിക്ക് ഇത് സദ്യയാണ്"

അദ്ദേഹം കഴിക്കുന്നത് രമണി നോക്കി നിന്നു. കുറച്ച് ചോറെങ്കിലും മിച്ചം വന്നിരുന്നെങ്കിൽ ചേട്ടന് അതെങ്കിലും കൊടുക്കാമെന്ന് അവൾ കണക്കുകൂട്ടി. പക്ഷേ, ആ പാത്രത്തിൽ ഒന്നും അവശേഷിക്കാതെ അയാൾ കഴിച്ചു.

ഇനി എങ്ങനെ ചേട്ടൻ്റെ അടുത്തേക്കു പോകുമെന്ന് വിഷമിച്ചു നിന്ന രമണിയെ നോക്കി സന്യാസി പുഞ്ചിരിച്ചു! അപ്പോൾ അദ്ദേഹം ആകാശത്തേക്കു നോക്കി.

ഉടൻ, ഒരു പ്രാവ് പറന്നു വന്ന് ഒരു നെന്മണി സന്യാസിയുടെ മടിയിൽ ഇട്ടിട്ട് പോയി. അയാൾ അതെടുത്ത് ആ കലത്തിൽ ഇട്ടിട്ട് പറഞ്ഞു: "നീ പോയി നിൻ്റെ ഭർത്താവുമായി തിരികെ വീട്ടിലെത്തി കലത്തിൽ വെള്ളം നിറച്ച് അടുപ്പത്ത് വയ്ക്കുക"

രമണി ഭർത്താവിനെ കൂട്ടി വീട്ടിൽ ചെന്നു. അടുപ്പിൽ വച്ച് കുറെ കഴിഞ്ഞപ്പോൾ അരികൾ തിളച്ചു ചാടി. അതു നോക്കിയ അവർ ഞെട്ടലോടെ പറഞ്ഞു: "ഇത് സ്വർണ്ണ അരിയാണ്!"

അവർ അതുമായി ചന്തയിൽ ചെന്ന്, വിറ്റുകിട്ടിയ പണവുമായി കോസല ദേശത്തേക്കു പോയി സുഖമായി ജീവിച്ചു.

ആശയം: ഒന്നുമില്ലായ്മയിൽ നിന്നും ദാനം ചെയ്യുന്നത് ഏറെ വിശിഷ്‌ടമാണ്! അങ്ങനെ ഉപകാരം ചെയ്യുന്നവരെ നന്ദിയോടെ ഓർത്തിരിക്കണം, കടപ്പാടുണ്ടായിരിക്കണം.

Written by Binoy Thomas, Malayalam eBooks: 1260: Gratitude : 37, PDF:https://drive.google.com/file/d/1QipB7-MZAui7e31xJAogol2pnOQbRV7w/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം