(1259) കിളിയുടെ ശാപം!

സിൽബാരിപുരം രാജ്യത്ത് ജീവിച്ചിരുന്ന രംഗൻ എന്ന രാജാവിന് വിചിത്രമായ ചില സ്വഭാവ രീതികൾ ഉണ്ടായിരുന്നു. മറ്റുള്ളവരുടെ വിഷമം കാണുമ്പോഴും കേൾക്കുമ്പോഴും ആനന്ദിക്കുന്ന ദുശ്ശീലം അയാൾക്കുണ്ട്. 

ഒരിക്കൽ, പരുന്ത് ആക്രമിക്കാൻ വന്ന നേരത്ത്, ഒരു ചെറിയ കിളി രക്ഷപെടാനായി കൊട്ടാരത്തിലെ വലകളും കയറുകളും പണി സാധനങ്ങളുമൊക്കെ സൂക്ഷിച്ചിരുന്ന മുറിയിലേക്ക്  അതിവേഗം പറന്നു കയറി.

പക്ഷേ, ആ വലയിൽ കുടുങ്ങി അതിനു ചിറകടിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഈ കാഴ്ച രാജാവ് കണ്ടപ്പോൾ ആ കിളിയെ രക്ഷിക്കാൻ കൂട്ടാക്കിയില്ല.

പകരം, അയാൾ കിളിയുടെ ഒരു കാലിൽ കട്ടിയുള്ള ചരടു കെട്ടി. എന്നിട്ട് അത് പറന്നു പോകാൻ ശ്രമിക്കുന്നതും കാലിലെ ചരടു മൂലം പിറകോട്ടു വീഴുന്നതുമൊക്കെ കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത സന്തോഷം തോന്നി. തൻ്റെ വിശ്രമ മുറിയുടെ ജനാലക്കമ്പിയിൽ ചരട് ബന്ധിച്ചിരുന്നു. അയാൾക്ക് അതൊരു ക്രൂരവിനോദമായി മാറി.

വിശ്രമമില്ലാതെ ആ ചെറുകിളി പറന്നുയരാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ, വീഴ്ചയായിരുന്നു ഫലം. അടുത്ത ദിവസം, എവിടെ നിന്നോ വന്ന ഒരു പൂച്ച കൊട്ടാരത്തിൽ കയറി ആഹാരം കട്ടുതിന്നാൻ നടന്നു. അങ്ങനെ, കിളിയുടെ മുറിയിലും കയറി. അന്നേരം, കിളിയുടെ ഈ ദുരവസ്ഥ കണ്ടപ്പോൾ പൂച്ചയുടെ മനസ്സലിഞ്ഞു.

പൂച്ച കിളിയുടെ അരികിലെത്തി കാലിലെ കെട്ട് കടിച്ചു മുറിച്ചു! അന്നേരം, രാജാവ് ഈ കാഴ്ച കണ്ട് അങ്ങോട്ടു വന്ന് അലറി!
"ഹോ! ഈ വൃത്തികെട്ട പൂച്ച വന്ന് എൻ്റെ സന്തോഷം നശിപ്പിച്ചു"

ഉടൻ, കിളി തൂണിൻ്റെ മുകളിൽ പറന്നിരുന്ന് അയാളെ ശപിച്ചു: "എൻ്റെ വേദന കണ്ട് രസിച്ച നീയും ഇതുപോലെ കുടുങ്ങിക്കിടന്ന് അനുഭവിക്കും!"
എന്നിട്ട്, കിളി പറന്നു പോയി.

അടുത്ത ദിവസം, രാജാവും പ്രധാനമന്ത്രിയും കൂടി സിൽബാരിപുരം കാട്ടിൽ നായാട്ടിനു പോയി. അതിനിടയിൽ, രാജാവിൻ്റെ കുതിരയുടെ കാൽ, വള്ളിയിൽ കുരുങ്ങി വീണപ്പോൾ രാജാവ് തെറിച്ച് ആഴമുള്ള ഒരു കിടങ്ങിലേക്കു വീണു! ദേഹമാസകലം മുറിവും ചതവുമായി അവശതയായി. പക്ഷേ, നിറയെ കാട്ടുവള്ളികൾ കാരണം കൈകാലുകൾ കുരുങ്ങിക്കിടന്ന് നിലവിളിച്ചു: "നീ ഒരു വള്ളിയിലൂടെ ഇറങ്ങി എൻ്റെ കുരുക്ക് മുറിച്ചു മാറ്റൂ!"

എന്നാൽ, ഈ കാഴ്ച കണ്ട് മന്ത്രി അട്ടഹസിച്ചു: "നീചനായ നിൻ്റെ അന്ത്യം ഇവിടെയാകട്ടെ. എന്നെയും മറ്റുള്ള എല്ലാവരെയും നീ ഒരുപാട് ബുദ്ധിമുട്ടിച്ചതാണ്. ഞാൻ ഈ കാഴ്ച കണ്ട് ഒന്നു രസിക്കട്ടെ. ഇനി ഞാനാണ് രാജാവ്"
ബോധം മറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷം മന്ത്രി തിരികെ കൊട്ടാരത്തിലെത്തി വിളംബരം നടത്തി:

"നായാട്ടിനു പോയപ്പോൾ ഞങ്ങൾ കണ്ട ഒരു ദിവ്യ സന്യാസിയുടെ നിർദ്ദേശപ്രകാരം നമ്മുടെ പ്രിയങ്കരനായ രാജാവ് ദൂരെ ദേശമായ കോസലപുരത്തെ പുരാതന ക്ഷേത്രത്തിലേക്ക് തീർഥാടനത്തിനു പോയിരിക്കുന്നു. അദ്ദേഹം തിരികെ വരുന്നതു വരെ ഞാനായിരിക്കും രാജ്യം ഭരിക്കുക"

ആശയം: നന്മതിന്മകൾക്ക് പ്രതിഫലം ഉണ്ടെന്നു കരുതി ഓരോ വ്യക്തിയും സൂക്ഷ്‌മതയോടെ ജീവിക്കണം. കിളികളെ കൂട്ടിൽ അടച്ച് വളർത്തിയാൽ ആ വീടിനെ കിളികൾ ശപിക്കുമെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്.

Written by Binoy Thomas, Malayalam eBooks: 1259: Folk Tales: 99, PDF:https://drive.google.com/file/d/1tH5h_QoepSyyYDytPISSPp4yw_U_hdDU/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം