(1258) പവിഴപ്പുറ്റ്!
പണ്ടുകാലത്ത്, സിൽബാരിപുരം ദേശത്തിൻ്റെ പടിഞ്ഞാറ് സമുദ്രമായിരുന്നു. കരയിൽ നിന്നും നോക്കിയാൽ വളരെ അകലെയായി സമുദ്രത്തിൽ അനേകം ചെറുദ്വീപുകളുമുണ്ട്. എന്നാൽ, ഒരു ദ്വീപിൽ പോലും ജനവാസമില്ല. ഈ ദ്വീപുകളുമായി ബന്ധപ്പെട്ട് അനേകം സംഭവ കഥകളും കെട്ടുകഥകളും പ്രേതകഥകളുമൊക്കെ നാട്ടിൽ പ്രായമേറിയവർ പറയാറുണ്ട്.
ഒരിക്കൽ, പുഷ്‌ക്കരൻ എന്നൊരു മുക്കുവൻ മീൻ പിടിക്കാനായി ചെറുതോണിയിൽ കടലിലൂടെ പോകവേ, അപ്രതീക്ഷിതമായി വൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു! അവന് വള്ളം നിയന്ത്രിക്കാനായില്ല. വള്ളത്തിൽ തലയടിച്ച് അവൻ്റെ ബോധവും മറഞ്ഞു!
പിന്നീട്, ഒരു ദിവസം കഴിഞ്ഞ് ബോധം വരുമ്പോൾ ഒരു ദ്വീപിൻ്റെ തീരത്തടിഞ്ഞ വള്ളത്തിൽ അവൻ്റെ കാൽ കുരുങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ, നേരം പുലരാൻ ഏതാനും മണിക്കൂറുകൾ കൂടിയുണ്ട്. എവിടെയും നേരിയ വെളിച്ചം മാത്രം! വളരെ ബുദ്ധിമുട്ടി വിശപ്പിനായി ദ്വീപിലൂടെ അവൻ അലഞ്ഞുതിരിഞ്ഞു. പരിചയമില്ലാത്ത ചില പഴങ്ങൾ തിന്ന് വിശപ്പടക്കി. അതിനിടയിൽ വലിയൊരു പവിഴപ്പുറ്റ് കണ്ടു. അക്കാലത്ത്, ചുവന്ന പവിഴം കിട്ടിയാൽ കൊട്ടാരത്തിൽ ഏൽപ്പിക്കണമെന്ന് രാജകല്പനയുണ്ടായിരുന്നു. മാത്രമല്ല, വളരെ ഉയർന്ന വിലയും കിട്ടും.
ആ കാര്യം മനസ്സിലോർത്ത് നേരിയ നിലാവെളിച്ചത്തിൽ അയാൾ നോക്കാൻ തുടങ്ങി. അന്നേരം ഒരു പവിഴം തിളങ്ങുന്നതു കണ്ടപ്പോൾ അയാൾ അതെടുത്തു. ഉടൻ ഒരു ശബ്‌ദം മുഴങ്ങി: "ഞാൻ കടൽദേവതയാണ്. നിനക്കു കിട്ടിയ ചുവന്ന പവിഴവുമായി എത്രയും പെട്ടെന്ന് ഈ ദ്വീപ് വിടുക. ദ്വീപിൻ്റെ പിറകിലേക്കു തോണിയുമായി പോയാൽ കടലിലെ ഒഴുക്ക് നിന്നെ കരയിലെത്തിക്കും"
ഉടൻ, പുഷ്‌കരൻ വിറച്ചു കൊണ്ട് ചോദിച്ചു: "നേരം പുലരാൻ കുറച്ചു സമയം കൂടിയുണ്ടല്ലോ. വെളിച്ചം വന്നാൽ എനിക്ക് യാത്ര എളുപ്പമാകും?"
കടൽദേവത പറഞ്ഞു: "ഈ ദ്വീപിൽ വിഷമേറിയ കടൽപ്പാമ്പുകൾ അനേകമാണ്. അവർ വിശ്രമത്തിലാണ്. നേരം വെളുത്താൽ ഉണരും. അതിനു മുൻപ് നീ വേഗം പോകൂ!"
ഉടൻ, തോണിയിറക്കി അവൻ സ്ഥലം വിട്ടു. അന്നു വൈകുന്നേരത്തോടെ കൊട്ടാരത്തിൽ ചെന്ന് രാജാവിനെ മുഖം കാണിച്ചപ്പോൾ രാജാവിന് അത്‌ഭുതമായി: "ഹോ! പാമ്പുകൾ നിറഞ്ഞ വിഷദ്വീപിൽ മാത്രമേ ഇത്തരം ചുവന്ന വലിയ പവിഴം കാണുകയുള്ളൂ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നിനക്ക് ഇതിൻ്റെ വിലയായി ആയിരം സ്വർണ്ണ നാണയങ്ങൾ ഖജനാവിൽ നിന്നും വാങ്ങാം"
ആ സമയത്ത്, കൊട്ടാര മുറി വൃത്തിയാക്കുന്ന ആരോഗ്യവാനായ ഭൃത്യൻ ഇതെല്ലാം കണ്ട് അമ്പരന്നു. പിന്നീട്, അവൻ്റെ ചിന്ത മുഴുവൻ ചുവന്ന പവിഴം സ്വന്തമാക്കാൻ എങ്ങനെ പറ്റുമെന്നായിരുന്നു. ആ നാട്ടിലെ പലരോടും പവിഴ ദ്വീപിൻ്റെ ദിശയും സ്ഥാനവും മനസ്സിലാക്കി അവൻ തോണിയിൽ ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങി.
ഒടുവിൽ, അടുത്ത പുലർച്ചെ ദ്വീപിലെത്തി. ഭൃത്യൻ അതിവേഗത്തിൽ പവിഴപ്പുറ്റുകൾ നോക്കി നടന്നു. പല നിറത്തിലുള്ളത് കിട്ടിയെങ്കിലും ചുവന്ന പവിഴം കിട്ടിയില്ല.
അന്നേരം, കടൽദേവത പുഷ്‌കരനോടു പറഞ്ഞ അതേ കാര്യം ഭൃത്യനെ ഓർമ്മിപ്പിച്ച് അവിടെ വലിയ ശബ്‌ദം മുഴങ്ങി. എന്നാൽ, അയാൾ അതു കാര്യമാക്കാതെ ചുവന്ന പവിഴത്തിനായി പവിഴപ്പുറ്റുകൾ ഇളക്കി നോക്കി മുന്നോട്ടു നടന്നു.
അതിനിടയിൽ നേരം വെളുത്തു. പാമ്പുകൾ പുറത്തിറങ്ങിയ സമയത്ത് അവന് ചുവന്ന പവിഴം കിട്ടുകയും ചെയ്തു. പക്ഷേ, തോണിയുടെ അടുത്തേക്ക് ഓടുന്നതിനിടയിൽ പാമ്പ് കടിയേറ്റ് അവൻ മരണമടഞ്ഞു! അന്നേരം, കയ്യിലെ പവിഴങ്ങളെല്ലാം ദ്വീപിലേക്ക് തിരികെ വീണിരുന്നു!
ആശയം: ആരെങ്കിലും എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടെന്നു പറഞ്ഞാൽ ചിലർക്കു കൊതി തോന്നാറുണ്ട്. ഇതുപോലെ അത്യാഗ്രഹങ്ങൾ ആപത്തിൽ കലാശിക്കാതെ എല്ലാവരും ശ്രദ്ധിക്കുമല്ലോ.
Written by Malayalam eBooks: 1258: Katha Sarit Sagaram: 29, PDF:https://drive.google.com/file/d/1stxieLH_aStOh8OftDdP8xwphO_qAJOu/view?usp=drivesdk