(1257) ഭരണിയിലെ അത്ഭുതം!

 പണ്ട്, സിൽബാരിപുരം ഗ്രാമത്തിലെ രാവുണ്ണിയും ദാസനും അയൽക്കാരായിരുന്നു. എങ്കിലും അവർ തമ്മിൽ കാര്യമായ ചങ്ങാത്തമൊന്നും ഇല്ലായിരുന്നു. കാരണം, രാവുണ്ണിയുടെ അസൂയയും അത്യാഗ്രഹവുമായി ദാസന് യോജിച്ച് പോകാൻ പറ്റിയിരുന്നില്ല.

ഒരു ദിവസം, ദാസൻ വിറക് ശേഖരിക്കാൻ കാട്ടിലൂടെ പോയപ്പോൾ കാട്ടാനയുടെ ചിന്നംവിളി കേട്ട് അയാൾ പേടിച്ച് ദിക്കറിയാതെ ഓടി. അതുവരെ പോകാത്ത ഉൾക്കാട്ടിലേക്കു പോയപ്പോൾ ഇടതൂർന്ന മരങ്ങൾ കാരണം സൂര്യപ്രകാശം ഒട്ടും അവിടെ പതിക്കുന്നില്ലായിരുന്നു.

മൃഗങ്ങളെ പേടിച്ച് അയാൾ ഒരു ഗുഹയിൽ കയറി ഒളിച്ചു. പെട്ടെന്ന്, അവൻ്റെ കാൽ തട്ടി

 "ണിം" 

എന്നൊരു മണിശബ്ദം കേട്ടു. നേരിയ വെളിച്ചത്തിൽ നോക്കിയപ്പോൾ അതൊരു വലിയ ഭരണിയാണെന്നു മനസ്സിലായി. അവൻ ഭാരമേറിയ അതും ചുമന്ന് കുറച്ച് വെട്ടമുള്ള സ്ഥലത്തെത്തി.

ദാസൻ നോക്കിയപ്പോൾ ഭരണിക്ക് ശക്തിയായി ഉറപ്പിച്ച ഒരു തടിയുടെ അടപ്പുണ്ടായിരുന്നു. അത് ഏറെ ബലം പ്രയോഗിച്ച് ഇളക്കിമാറ്റി!

അന്നേരം, അവിടമാകെ പുക നിറഞ്ഞു. അതിനൊപ്പം ഭീകരമായ ഒരു അട്ടഹാസവും മുഴങ്ങി!

"ഏറെ നൂറ്റാണ്ടുകൾക്കു മുൻപ് ഒരു മന്ത്രവാദി എന്നെ അടിമയാക്കി ഈ ഭരണിയിൽ അടച്ചതാണ്. ഇന്ന് നീയാണ് എന്നെ സ്വതന്ത്രമാക്കിയത്! അതിനുള്ള പ്രതിഫലമായി ഭരണി ഇനി നിനക്ക് സ്വന്തമാണ്"

ഉടൻ, ദാസൻ ദയനീയമായി പറഞ്ഞു: "എനിക്ക് ഈ കാട്ടിൽ നിന്നും ഒന്നു പുറത്തു കടന്നാൽ മതി. ഈ വലിയ ഭരണിയും ചുമന്ന് എന്തിന് പോകണം?"

ഭൂതം പിന്നെയും അട്ടഹസിച്ചു: "ഇത് അത്‌ഭുത ഭരണിയാണ് "

ദാസൻ പിന്നെ യാതൊന്നും ചോദിക്കാതെ ഭരണിയുമായി നടന്നു. ഭരണിയുടെ ദിവ്യശക്തി മൂലം എളുപ്പവഴിയിലൂടെ കാടു കടന്ന് വീട്ടിലെത്തി. അതു കണ്ട്, ഭാര്യയും കുട്ടികളും പറഞ്ഞു: "ഭൂതം വെറുതെ പറ്റിച്ചതാണ്. ഈ ഭരണിയിൽ യാതൊന്നും ഇല്ല"

അവർ പിറകിലെ മുറ്റത്ത് അത് ഉപേക്ഷിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞ് ഒരു വൈകുന്നേരം കുട്ടികൾ പന്തെറിഞ്ഞ് കളിക്കുകയായിരുന്നു. അതിനിടയിൽ, പന്ത് ഭരണിയിൽ വീണു. ഉടൻ, കുട്ടികൾ അതെടുക്കാൻ വന്നപ്പോൾ പന്തുകൾ കൊണ്ട് ഭരണി നിറഞ്ഞു!

അങ്ങനെ, ഭരണിയിൽ എന്തു വീണാലും അതേ സാധനം നിറഞ്ഞു കവിയുമെന്ന് മനസ്സിലാക്കി വീട്ടുകാർ അകത്തുള്ള മുറിയിൽ ഭരണി വച്ചു. എന്നിട്ട്, അവരുടെ കയ്യിലുള്ള ഒരു വെള്ളിനാണയം ഇട്ട് നിറയെ വെള്ളിനാണയങ്ങൾ കിട്ടി. അതു വിറ്റ് കിട്ടിയ സ്വർണ്ണ നാണയം ഭരണിയിൽ ഇട്ട് അവർ സമ്പന്നരായി.

അതിനിടയിൽ, ഈ രഹസ്യം കുട്ടികൾ പറഞ്ഞ് അയൽക്കാരനായ രാവുണ്ണിയുടെ ചെവിയിലെത്തി. ആ ഭരണി എങ്ങനെയും തട്ടിയെടുക്കാൻ അയാൾ ആലോചിച്ചു പിറുപിറുത്തു: "അതൊരു വലിയ ഭരണിയാണെന്നാണ് കുട്ടികൾ പറഞ്ഞത്. അങ്ങനെയെങ്കിൽ അത് മോഷ്ടിച്ച് ഈ നാട്ടിൽ ഒളിപ്പിക്കാൻ ബുദ്ധിമുട്ടാണ്. അതുമായി കോസലപുരത്തേക്ക് രക്ഷപെടണം!"

അമ്പലത്തിലെ ഉൽസവ ദിനത്തിൽ രാത്രിയിൽ, ദാസനും കുടുംബവും അമ്പലപ്പറമ്പിലാണെന്ന് മനസ്സിലാക്കി രാവുണ്ണി ആ വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറി ഭരണിയും ചുമന്ന് ഇരുട്ടിൽ മറഞ്ഞു!

ആളുകൾ ഇല്ലാത്ത കാട്ടുവഴിയിലൂടെ നടന്നപ്പോൾ മരക്കൊമ്പിൽ നിന്നും ഒരു പാമ്പ് താഴേക്കു വീണു. പക്ഷേ, ലക്ഷ്യം തെറ്റി അത് ഭരണിയിലാണ് വീണത്! ഉടൻ, അനേകം പാമ്പുകൾ ഭരണിയിൽ നിന്നും പുറത്തു വന്ന് രാവുണ്ണിയുടെ കഥ കഴിച്ചു!

ആശയം: മറ്റുള്ളവർക്ക് കഠിനാധ്വാനം, ഭാഗ്യം, യോഗം, പാരമ്പര്യം എന്നിങ്ങനെ കിട്ടുന്ന കാര്യങ്ങളെ തട്ടിയെടുക്കാൻ ശ്രമിക്കരുത്. ചതിയും വഞ്ചനയും കൈക്കൂലിയും അഴിമതിയും പൂഴ്ത്തിവയ്പും വഴിയായി കിട്ടുന്ന നേട്ടങ്ങൾ ഒരു മനുഷ്യൻ്റെ ദയനീയമായ അധ:പതനമാണ്!

Written by Binoy Thomas, Malayalam eBooks: 1257: Thinmakal: 73: PDF:https://drive.google.com/file/d/1wgxwi-rV93Eb0ANwJU_FKcA69LAFHPGR/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം