(1256) തത്ത വരുത്തിയ വിന!

 പണ്ട്, സിൽബാരിപുരം ദേശത്ത് ശങ്കുണ്ണി എന്നു പേരുള്ള ഒരു ജന്മി ജീവിച്ചിരുന്നു. ഏറെ സമ്പത്തുള്ള തറവാട്ടിൽ അനന്തരാവകാശികൾ ആരുമില്ലായിരുന്നു. കുട്ടികൾ ഉണ്ടാകുന്നതിനു മുൻപ് ഭാര്യ മരണപ്പെട്ടതിനാൽ ബന്ധുക്കളില്ലാതെ അദ്ദേഹം ഒറ്റയ്‌ക്കാണു കഴിഞ്ഞിരുന്നത്. ഒരു വളർത്തു നായയും പൂച്ചയും അയാളുടെ ഉറ്റ ചങ്ങാതിമാരാണ്. വീടിനകത്ത് കാര്യസ്ഥനും ഭൃത്യനും, പുറത്ത് കുറെ പണിക്കാരും മിക്കവാറും അവിടെയുണ്ടാകും.

ഒരിക്കൽ, ആ വലിയ തറവാടിൻ്റെ വരാന്തയിൽ അദ്ദേഹം ഒരു കിളിക്കൂട് തൂക്കിയിട്ടു. അതിൽ, മനോഹരമായ ഒരു തത്തയായിരുന്നു ഉണ്ടായിരുന്നത്. അതിനെ സംസാരിക്കാനും ശങ്കുണ്ണി പരിശീലിപ്പിച്ചു.

ഒരു ദിവസം ശങ്കുണ്ണി ചന്തയിൽ പോയ സമയത്ത്  തറവാട്ടിലെ കാര്യസ്ഥനെ സ്വാധീനിക്കാനായി ഭൃത്യൻ ശ്രമം നടത്തി. അവസാനം അവൻ പറഞ്ഞു: "ഈ തറവാട്ടിലെ വലിയ സ്വത്തിന് അനന്തരാവകാശികളായി ആരുമില്ല. അതുകൊണ്ട് വിശ്വസ്തനായ അങ്ങ് പറഞ്ഞാൽ യജമാനൻ എവിടെ വേണമെങ്കിലും വരും. അങ്ങനെ കോസലപുരത്തെ അമ്പലത്തിലേക്ക്  പോകുന്ന വഴി കാട്ടിൽ വച്ച് അയാളെ കൊന്നു കളയാൻ പറ്റും"

അന്നേരം, കാര്യസ്ഥൻ ഞെട്ടലോടെ പറഞ്ഞു: "ആരെങ്കിലും അറിഞ്ഞാൽ രാജാവ് നമുക്ക് ക്രൂരമായ വധശിക്ഷ വിധിക്കും. എങ്കിലും നമ്മൾ വിജയിച്ചാൽ രക്ഷപെട്ടു. പകുതി സ്വത്ത് എനിക്ക്. പകുതി നിനക്ക്"

അന്നേരം ഉറച്ച സ്വരത്തിൽ ഭൃത്യൻ പറഞ്ഞു:  "അയാളെ ഞാൻ കൊല്ലും"

ഈ അവസാനം പറഞ്ഞ വാചകം മാത്രം തത്ത വ്യക്തമായി കേട്ട് അത് ആവർത്തിച്ചു പറഞ്ഞു! ഉടൻ, അവർ രണ്ടുപേരും പേടിച്ചു വിറച്ചു! വേഗം ഒരു മുറിയിൽ കയറി അവർ വാതിലടച്ചു. കാര്യസ്ഥൻ പറഞ്ഞു: "ഇപ്പോൾത്തന്നെ ആ നാശം പിടിച്ച തത്തയെ കൊന്നു കളഞ്ഞാലോ?"

പക്ഷേ, ഭൃത്യൻ പറഞ്ഞു: "തത്തയെ ഒന്നും ചെയ്യാൻ പറ്റില്ല. കാരണം, മുതലാളിയുടെ പൂച്ചയും പട്ടിയും കാണാതെ ഇവിടെ ഒന്നും നടക്കില്ല"

അവർ ഒരു തീരുമാനമെടുത്തു : "തത്തയുടെ മുന്നിലൂടെ പോയാൽ മാത്രമേ അത് ഈ കാര്യം ചിലപ്പോൾ ആവർത്തിക്കൂ! അതിനാൽ, വരാന്തയുടെ കിഴക്കു വശത്തേക്ക് പോകരുത്"

ശങ്കുണ്ണി തിരികെ വന്നപ്പോൾ മുതൽ കാര്യസ്ഥൻ്റെയും ഭൃത്യൻ്റെയും പെരുമാറ്റത്തിൽ എന്തോ ഒരു പന്തികേട് തോന്നി. എങ്കിലും അയാൾ അതു കാര്യമാക്കിയില്ല. വരാന്തയുടെ കിഴക്കുവശത്തേക്ക് ഈ രണ്ടു ജോലിക്കാരും പോകാതെ ശ്രദ്ധിച്ചു.

അടുത്ത ദിവസം, കാര്യസ്ഥൻ പറഞ്ഞു: "യജമാനനേ, ഈ തറവാടിൻ്റെ ഐശ്വര്യത്തിനായി കോസലപുരത്തെ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അത് വലിയ അനുഗ്രഹമാകും"

അപ്പോൾത്തന്നെ ശങ്കുണ്ണി പറഞ്ഞു: "അതു നല്ല കാര്യമാണ്. നാളെ രാവിലെ പുറപ്പെടാനുള്ള കാര്യങ്ങൾ നിങ്ങൾ രണ്ടു പേരും കൂടി ചെയ്യുക"

അടുത്ത ദിവസം പ്രഭാതമായി. യാത്രയ്ക്കുള്ള ഭാണ്ഡക്കെട്ടിൽ മൂർച്ചയേറിയ പിച്ചാത്തി ഭൃത്യൻ ഒളിപ്പിച്ചിരുന്നു. വരാന്തയുടെ പടിഞ്ഞാറു വശത്ത് ഭാണ്ഡക്കെട്ടു വച്ചു. അപ്പോൾ, ശങ്കുണ്ണി ഭൃത്യനെ വിളിച്ച് പറഞ്ഞു: "നീ ആ തുണിസഞ്ചിയിൽ എൻ്റെ മുറുക്കാൻചെല്ലം കൂടി എടുത്തു വയ്ക്ക് "

പക്ഷേ, ഭൃത്യൻ ഞെട്ടി! മുറുക്കാൻചെല്ലം വച്ചിരിക്കുന്നത് തത്തക്കൂടിൻ്റെ താഴെ തിണ്ണയിലാണ്. അവൻ പേടിയോടെ അതെടുത്തപ്പോൾ തത്ത ഉച്ചത്തിൽ യജമാനനെ നോക്കി കൂവി : "അയാളെ ഞാൻ കൊല്ലും!"

ഉടൻ, ഭൃത്യൻ്റെ കയ്യിൽ നിന്നും മുറുക്കാൻ ചെല്ലം താഴെ വീണു! ബുദ്ധിമാനായ ശങ്കുണ്ണി മുറ്റത്ത് നിന്ന് അലറി: "എല്ലാ പണിക്കാരും ഇവിടെ വരിക. മുക്കാലി ഈ മുറ്റത്ത് വയ്ക്കൂ!"

തുടർന്ന്, ഭൃത്യനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് ശങ്കുണ്ണി ചാട്ടവാറു കൊണ്ട് അവനെ അടിക്കാൻ തുടങ്ങി. ആദ്യത്തെ നാല് അടി കഴിഞ്ഞപ്പോൾത്തന്നെ അവൻ സത്യം വിളിച്ചു പറഞ്ഞ് നിലവിളിച്ചു.

 പക്ഷേ, അതിനു മുൻപ്, കാര്യസ്ഥൻ അതിവേഗം കാട്ടിലേക്ക് ഓടിമറഞ്ഞു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വിറക് ശേഖരിക്കാൻ കാട്ടിൽ പോയവർ കണ്ടത് വന്യമൃഗങ്ങൾ തിന്നതിനു ശേഷമുള്ള കാര്യസ്ഥനെയായിരുന്നു. അതേസമയം, ഭൃത്യനെ നാട്ടുകാർ അയൽദേശത്തേക്ക് തല്ലി ഓടിക്കുകയും ചെയ്തു.

ആശയം: ആത്മാർഥതയെ ചൂഷണം ചെയ്യുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. സാധുക്കൾ എല്ലായിടത്തും ഞെരുക്കപ്പെടുന്നു. കഠിന ശിക്ഷ കിട്ടുമെങ്കിൽ അവിടെ എല്ലാവരും വലിയ മര്യാദക്കാരായി നടിക്കും!

Written by Binoy Thomas, Malayalam eBooks: 1256: Folk Tales: 98, PDF: https://drive.google.com/file/d/1MHBoDnzAsva5NBgp9-UwKNS_ncOtQPe0/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം