(1253) അപ്പൂപ്പനും അമ്മൂമ്മയും!

 പണ്ട്, സിൽബാരിപുരം ദേശത്ത് പിശുക്കരായ ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ ഈ ദുരാഗ്രഹം നിമിത്തം മക്കളും കൊച്ചുമക്കളുമെല്ലാം അവരെ ഉപേക്ഷിച്ചു കോസലപുരത്തേക്കു പോയിരുന്നു.

കുറെ പറമ്പുകളും കൃഷികളുമെല്ലാം അവർക്കുണ്ട്. പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട് രണ്ടുപേരും പതിയെ പറമ്പിലെ പണികൾ ചെയ്തു തീർക്കും. കാരണം, പണിക്കാർക്കു കൂലി കൊടുക്കാനും അവരുടെ പിശുക്ക് അനുവദിച്ചിരുന്നില്ല.

ഒരിക്കൽ, റംബുട്ടാൻ പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന മരത്തിൽ നിന്നും അയലത്തെ വികൃതികളായ കുട്ടികൾ സന്ധ്യ മയങ്ങുമ്പോൾ പഴങ്ങൾ പറിക്കാൻ തുടങ്ങി.

അവിടെ തത്തകൾ കൂട്ടമായി വന്ന് റംബുട്ടാൻ തിന്നുന്നത് തടയാനായി കയറുപിരിച്ച് ഉണ്ടാക്കിയ വല മരത്തിന്മേൽ വിരിച്ചിട്ടുണ്ടായിരുന്നു.

പഴങ്ങൾ പോകുന്നത് മനസ്സിലാക്കിയ അപ്പൂപ്പൻ പറഞ്ഞു: "വലയുള്ളതിനാൽ ഇത് പറിക്കുന്നത് ആ കുട്ടികളാകാനാണു സാധ്യത"

അന്നേരം അമ്മൂമ്മ ഒരു പരിഹാരവുമായി രംഗത്തു വന്നു: "ആരായാലും രാത്രിയിലാണു വരുന്നത്. നമുക്കൊരു കാര്യം ചെയ്യാം. നിങ്ങൾ ഒരു വടിയുമായി മരത്തിൽ സന്ധ്യയാകുമ്പോൾ കയറിയിരിക്കുക. കുട്ടികൾ മരത്തിലേക്കു കയറി വരുമ്പോൾ അവരെ തല്ലി താഴെയിടണം. താഴെ ഒളിച്ചു നിൽക്കുന്ന ഞാനും നിലത്തിട്ട് അവരെ തല്ലും"

അവർ രണ്ടുപേർക്കും രാത്രിയിൽ കാഴ്ച നന്നേ കുറവാണ്. അതിനാൽ, അപ്പൂപ്പൻ ഇരുട്ടാകുന്നതിനു മുൻപ് മരത്തിൽ വലിഞ്ഞു കയറി. അമ്മൂമ്മ വീടിൻ്റെ തൂണിൻ്റെ മറവിൽ വടിയുമായി കാത്തിരുന്നു.

രാത്രിയായിട്ടും കുട്ടികൾ അന്നു വന്നില്ല. പക്ഷേ, ക്ഷീണം കാരണം അപ്പൂപ്പൻ മരക്കൊമ്പിൽ ചാരിയിരുന്ന് ഉറങ്ങിപ്പോയി.

"പ്ധും!"

വലിയ ശബ്ദം കേട്ട് അമ്മൂമ്മ വടിയുമായി ഓടിയെത്തി താഴെ വീണ അപ്പൂപ്പനെ പൊതിരെ തല്ലി. ഇതിനിടയിൽ അപ്പൂപ്പൻ്റെ കരച്ചിലൊന്നും അമ്മൂമ്മ ശ്രദ്ധിച്ചില്ല.

എന്നിട്ട്, അമ്മൂമ്മ മുകളിലേക്കു നോക്കി പറഞ്ഞു: "ഇനി നിങ്ങൾ ഇറങ്ങിപ്പോരൂ. ഞാൻ ഇവനിട്ടു ശരിക്കും അടി കൊടുത്തിട്ടുണ്ട്"

അപ്പൂപ്പൻ ദയനീയമായി നിലവിളിച്ചു: "എടീ, ഇതു ഞാനാ. എന്നെ ഒന്നു പിടിച്ചേൽപ്പിക്ക് "

പിന്നീട്, മാസങ്ങൾ നീണ്ട ചികിൽസകൾക്കു ശേഷമാണ് അപ്പൂപ്പന് പഴയതു പോലെ എണീറ്റ് നടക്കാനായത്.

അന്നേരം, രണ്ടു പേരും വിഷമത്തോടെ പറഞ്ഞു: "നമ്മുടെ നാശം പിടിച്ച പിശുക്കാണ് ഈ ആപത്ത് വിളിച്ചു വരുത്തിയത് "

പിന്നീട്, അവർ മക്കളെയും കൊച്ചുമക്കളെയും വിളിച്ച് സമ്പാദ്യമെല്ലാം വീതിച്ചു കൊടുത്തു. അങ്ങനെ ശിഷ്ടകാലം വളരെ സന്തോഷത്തോടെ ജീവിച്ചു എന്നാണു കഥ.

ആശയം: പിശുക്കും ധൂർത്തും ഒരുപോലെ തിന്മയാണ്. പകരം, ഉള്ള സമ്പത്ത് ഉപയോഗിച്ച് ന്യായമായ സുഖസൗകര്യങ്ങളോടെ ജീവിക്കാൻ പറ്റണം.

Written by Binoy Thomas, Malayalam eBooks: 1253 : Nanmakal : 57: PDF :https://drive.google.com/file/d/16mX2UR9EyfvZLdTwF2WUzd-ISpl4hgGe/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം