(1251) ചേർച്ചയില്ലാത്ത കൂട്ട്!

 ഒരിക്കൽ, സിൽബാരിപുരം കാട്ടിലൂടെ ഒരു ആമ പതിയെ നടന്നു നീങ്ങുന്ന സമയം. ഒറ്റയ്ക്കു നടക്കുന്നതിനിടയിൽ വല്ലാത്ത മുഷിപ്പ് അവനു തോന്നിയതിനാൽ ഒരു കൂട്ടിന് ആരെയെങ്കിലും വേണമെന്ന് തോന്നി.

അപ്പോൾ അതുവഴി ഒരു കലമാൻ വന്നു. ആ കലമാൻ അവൻ്റെ സങ്കേതത്തിലെ കൂട്ടുകാരുമായി പിണങ്ങി വന്നവനായിരുന്നു. അതിനാൽ ആമയുമായി ചങ്ങാത്തം കൂടി.

എന്നാൽ, ഇതെല്ലാം കണ്ട് മരത്തിലിരുന്ന കാക്ക ഉപദേശിച്ചു: "വേഗം ഇല്ലാത്ത ആമയും വേഗം കൂടിയ കലമാനും ഒരിക്കലും ചേർന്നു പോകില്ല"

പക്ഷേ, അവർ അതിനെ ചിരിച്ചുതള്ളി. സമയം വൈകുന്നേരം ആയപ്പോൾ, ഒരു കടുവ അതിലെ വന്നു. കലമാൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. കാരണം, ചങ്ങാതിയെ ആപത്തിൽ തനിച്ചാക്കി പോകണമോ എന്നുള്ള ആശങ്കയായിരുന്നു അത്. പക്ഷേ, ആ നിമിഷത്തിൽ കടുവ കലമാനിനെ ചാടി പിടിച്ചു! ആമയാകട്ടെ, സ്വന്തം രക്ഷയ്ക്കായി കയ്യും കാലും തലയുമെല്ലാം കട്ടിയുള്ള തോടിനുള്ളിലാക്കി.

മാനിൻ്റെ കരച്ചിൽ കേട്ട് കാക്ക പറന്നു വന്ന് രംഗം നിരീക്ഷിച്ചു. കടുവ മാനിനെ കടിച്ചു വലിച്ച് ഗുഹയിലേക്കു കൊണ്ടുപോയി. അന്നേരം, കാക്ക ആമയെ ശകാരിച്ചു: "നിൻ്റെ ചങ്ങാത്തം കാരണം ആ മാനിൻ്റെ ജീവൻ പോയതു നീ കണ്ടില്ലേ?"

ഉടൻ, ആമ പറഞ്ഞു: "ഇല്ല. ഇവിടെ എന്താണു സംഭവിച്ചത്? ഞാൻ അകലെ നിന്നും കടുവയെ കണ്ടപ്പോൾത്തന്നെ തോടിനുള്ളിലേക്കു തല വലിച്ചു"

ആമ അവിടെ നിന്നും മുന്നോട്ടു നടന്നു. അല്പം കഴിഞ്ഞ് ഒരു പന്നിയെലി വരുന്നതു കണ്ടപ്പോൾ ആമ അവനെ ചങ്ങാതിയായി കൂട്ടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കാക്ക ഇവരെ കണ്ടപ്പോൾ വീണ്ടും പറഞ്ഞു: "ഈ കൂട്ടും ഒട്ടും നല്ലതല്ല. നിങ്ങൾ രണ്ടും ചേരുന്നവരല്ല"

ആമയും പന്നിയെലിയും അത് കേട്ടതായി ഭാവിച്ചില്ല. ഏതാനും മണിക്കൂറുകൾ അവർ ഒരുമിച്ച് നടന്നപ്പോൾ, ആകാശത്ത് വട്ടമിട്ടു പറന്ന കഴുകൻ്റെ ദൃഷ്ടിയിൽ പന്നിയെലി പെട്ടു.

കഴുകൻ ഊളിയിട്ട് താഴേക്ക് വരുന്നതു കണ്ട് മിന്നൽ പോലെ എലി പാറയിടുക്കിൽ ഒളിച്ചു. പക്ഷേ, കഴുകൻ നിരാശനാകാതെ അരികിൽ കണ്ട ആമയെ റാഞ്ചിയെടുത്ത് പറന്നു പൊങ്ങി. കഴുകൻ പാറക്കെട്ടിൻ്റെ ഏറെ മുകളിലായി എത്തിയിട്ട് കാലിൽ ബലമായി തൂക്കിയ ആമയെ താഴേക്ക് ഇട്ടു! ആമ താഴേക്കു വീണ് തോട് പൊട്ടിച്ചിതറി! കഴുകൻ, ചിതറിയ ആമയിറച്ചി തിന്ന് വിശപ്പടക്കി.

ഇതെല്ലാം കണ്ട് കാക്ക പിറുപിറുത്തു: "ആമയുടെ ആദ്യത്തെ ചങ്ങാത്തം ചങ്ങാതിക്കു നാശമായി. എന്നാൽ രണ്ടാമത് ചങ്ങാതി കാരണം ആമയുടെ കഥ തീർന്നു!"

ഗുണപാഠം: എല്ലാവരും ഒരുമിച്ച് പോകുന്നവരല്ല. ഒരേ വഴി എല്ലാവർക്കും ഇണങ്ങുന്നതല്ല. സാമ്യങ്ങൾ തോന്നുന്ന സൗഹൃദങ്ങൾ ഏറെക്കാലം നിലനിൽക്കും. പ്രഥമ ദൃഷ്ട്യാ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ വഴിമാറി പോകണം.

Written by Binoy Thomas, Malayalam eBooks: 1251: Friendship: 23: PDF: https://drive.google.com/file/d/1VpySjEIXtlpLi7Dqy9pcz0EI9ZQPxRak/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories