(1250) സഞ്ചിയിലെ നിധി!
സിൽബാരിപുരത്തെ ഒരു വലിയ തറവാട്ടിലെ കഥ. ശങ്കുണ്ണിയുടെ തറവാട്ടിൽ നല്ല സ്വത്ത് പാരമ്പര്യമായി ഉള്ളതാണ്. മക്കൾ 3 ആൺകുട്ടികളായിരുന്നു. അവർ വലുതായപ്പോൾ മൂന്നു പേർക്കും ചൂതുകളിയിൽ താല്പര്യം വന്നുതുടങ്ങി. ക്രമേണ ആ ദുശ്ശീലം കൂടി വന്നപ്പോൾ തറവാട്ടിലെ സമ്പത്തെല്ലാം ക്ഷയിച്ചു തുടങ്ങി.
ഇതെല്ലാം കണ്ടുകേട്ട് ശങ്കുണ്ണിയുടെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങിയിരുന്നു. തറവാട്ടിലെ സമ്പത്തെല്ലാം പോയി. മക്കൾ കൃഷിയൊന്നും ചെയ്യാത്തതിനാൽ പറമ്പുകൾ കാടുകയറി തുടങ്ങി. അയാൾക്ക് മക്കളുടെ ഈ അവസ്ഥ ആലോചിച്ച് യാതൊരു സമാധാനവുമില്ലായിരുന്നു.
ഒരു ദിവസം, ശങ്കുണ്ണി മക്കളെ കട്ടിലിൻ്റെ അടുക്കലേക്ക് വിളിച്ച് ഇപ്രകാരം പറഞ്ഞു: "ഞാൻ എൻ്റെ ചങ്ങാതിക്ക് ഒരിക്കൽ കടമായി 100 സ്വർണ്ണ നാണയം കൊടുത്തിരുന്നു. എന്നാൽ, അവൻ അതുമായി നാടുവിട്ടു പോയി. എങ്കിലും കോസലപുരത്ത് വ്യാപാരത്തിൽ ഏർപ്പെട്ട് അവൻ വലിയ വ്യാപാരിയായി മാറി. പിന്നീട് പ്രഭുവായി. ഇപ്പോൾ, ന്യായാധിപനാണ്. എന്നാൽ, അയാൾ കുറ്റബോധം തോന്നി നിങ്ങൾ മൂന്നു മക്കൾക്കായി മൂന്ന് സഞ്ചി നിറയെ സ്വർണ്ണ നാണയങ്ങളുമായി വരുന്നുണ്ട്"
ഇതു പറഞ്ഞതിനു ശേഷം, ശങ്കുണ്ണി അന്ത്യശ്വാസം വലിച്ചു! ശങ്കുണ്ണി പറഞ്ഞതു പോലെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ന്യായാധിപൻ മൂന്ന് സഞ്ചികളുമായി അവിടെയെത്തി. മൂന്നു മക്കൾക്കും വളരെ സന്തോഷമായി.
അദ്ദേഹം പറഞ്ഞു: "ശങ്കുണ്ണി തന്ന നാണയങ്ങൾ കാരണമാണ് എനിക്ക് പ്രഭു പദവിയിലും ന്യായാധിപൻ്റെ അധികാരത്തിലും എത്താൻ കഴിഞ്ഞത്. അതിനാൽ, മൂന്നു മക്കൾക്കും ഇനിയുള്ള കാലം സുഖമായി കഴിയാനുള്ള സ്വർണ്ണ നാണയങ്ങൾ ഈ മൂന്നു സഞ്ചിയിലുമുണ്ട്. എന്നാൽ, ശങ്കുണ്ണി എന്നോട് മക്കളുടെ ചൂതുകളിയേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതിനാൽ, ഉടൻ നാണയങ്ങൾ തന്നാൽ നിങ്ങൾ ഇതു നശിപ്പിക്കും. ഈ തറവാട്ടിലെ നിലവറയിൽ സഞ്ചികൾ ഞാൻ പൂട്ടിയിട്ട് താക്കോലുമായി പോകും. കാരണം, അടുത്ത രണ്ട് വർഷം കഴിഞ്ഞ് ഞാൻ വരുമ്പോൾ നിങ്ങളുടെ ദുശ്ശീലങ്ങൾ മാറിയാൽ താക്കോൽ തരും. അല്ലെങ്കിൽ ഞാൻ സഞ്ചികളുമായി തിരികെ പോകും. രണ്ടു വർഷം തികയുന്ന ചിങ്ങം ഒന്നാം തീയതി ഞാൻ വന്നില്ലെങ്കിൽ നിലവറ തകർത്ത് നിങ്ങൾക്കത് സ്വന്തമാക്കാം"
മക്കൾക്ക് അത് സമ്മതമായിരുന്നു. വ്യാപാരി പോയപ്പോൾ അവർ പലതും ചർച്ച ചെയ്തു. ഒടുവിൽ അവർ ഒരു കാര്യം തീരുമാനിച്ചു: "കേവലം രണ്ടു വർഷക്കാലം നമ്മൾ ചൂതുകളി നിർത്തിവച്ച് പറമ്പിൽ അധ്വാനിച്ചാൽ വ്യാപാരിയുടെ മനസ്സലിഞ്ഞ് പിന്നീട് ആയുഷ്കാലം സുഖിച്ചു ജീവിക്കാം"
മറ്റൊരുവൻ പറഞ്ഞു: "അതു ശരിയാണ്. ന്യായാധിപന് നമ്മൾ തെളിവ് കാട്ടിക്കൊടുത്താൽ മാത്രമേ വിശ്വസിക്കൂ"
അവർ അടുത്ത ദിവസം മുതൽ കുറച്ചു സമയം പറമ്പ് വെട്ടിത്തെളിക്കാൻ പോയിത്തുടങ്ങി. കുറെ ദിവസം കഴിഞ്ഞപ്പോൾ കൂടുതൽ നേരം പണിയാൻ ഒട്ടും മടി തോന്നിയില്ല. കുറെ ആഴ്ചകൾ കഴിഞ്ഞപ്പോൾ പറമ്പിൽ പലതരം കൃഷികൾ തുടങ്ങി.
മാസങ്ങൾ പിന്നിട്ടപ്പോൾ നല്ല വരുമാനവും കിട്ടിത്തുടങ്ങി. രണ്ടു വർഷം കഴിഞ്ഞപ്പോൾ ആ തറവാട് പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചു വന്നു.
ഒരു ദിവസം, മൂന്നാമൻ പറഞ്ഞു: "നിധി നിലവറയിലുള്ള കാര്യം നമ്മൾ മറന്നു പോയിരിക്കുന്നു. നിലവറ പൊളിച്ച് അതെടുക്കണം"
അവർ മൂന്ന് സഞ്ചികളും പുറത്തെടുത്ത് തുറന്നു നോക്കിയപ്പോൾ ഞെട്ടി! അതിനുള്ളിൽ വെറും ഉരുളൻകല്ലുകൾ! അതിനൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു: "ഞാൻ ശങ്കുണ്ണിയുടെ ഒരു ചങ്ങാതിയാണ്. മക്കളും തറവാടും നശിച്ചു പോകാതിരിക്കാൻ അയാൾ എന്നോടു പറഞ്ഞത് ഞാൻ ചെയ്തെന്നു മാത്രം!"
അവർ മൂവരും ഒട്ടും നിരാശപ്പെടാതെ അഭിപ്രായപ്പെട്ടു: "രണ്ടു വർഷം കൊണ്ട് തറവാട് സമ്പന്നമായി. അത് മൂന്ന് നാണയസഞ്ചികൾ കിട്ടിയതിനു തുല്യമാണ്"
ഗുണപാഠം: അധ്വാനത്തിൻ്റെ മഹത്ത്വം അറിയാതെ അലസരായി ജീവിക്കരുത്.
Written by Binoy Thomas, Malayalam eBooks: 1250: Career :38, PDF :https://drive.google.com/file/d/1--N9VBv9o4YJPCQSHsdeRAiI2ete_FEm/view?usp=drivesdk