(1249) രാജാവ് ജോലിക്കു പോയ കഥ!
പണ്ട്, സിൽബാരിപുരം രാജ്യം ഭരിച്ചിരുന്നത് പ്രതാപൻ എന്ന രാജാവായിരുന്നു. കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് വെള്ളിനാണയങ്ങൾ കൂലിയായി കൊടുക്കാൻ അദ്ദേഹത്തിന് വല്ലാത്ത മടിയായിരുന്നു.
അതിനായി അദ്ദേഹം ഒരു മാസത്തെ ശമ്പളം ഒന്നര മാസം കഴിയുമ്പോൾ മാത്രമാണു നൽകുന്നത്. ഒരു ദിവസം, കൊട്ടാരത്തിലെ ഭൃത്യന്മാർക്ക് ശമ്പളം കൊടുക്കുന്ന ദിവസമായി.
പക്ഷേ, രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: "നിങ്ങളുടെ പണികൾ ശരിയായ രീതിയിൽ അല്ല ഇപ്പോൾ നടക്കുന്നത്. കൊട്ടാര മുറികളിൽ എവിടെ നോക്കിയാലും വൃത്തിക്കുറവ് കാണാം. അതിനാൽ ഈ മാസം ശമ്പളമായി 50 നാണയം മാത്രമേ ഉണ്ടാകൂ"
രാജാവിൻ്റെ കല്പന വിഷമത്തോടെ കേട്ടു നിൽക്കാനേ അവർക്കു കഴിഞ്ഞുള്ളൂ. എന്നാൽ, ആ സമയത്താണ് ദൂരെ ദിക്കിലുള്ള സന്യാസി കൊട്ടാരം സന്ദർശിച്ചത്. രാജാവിൻ്റെ ഈ പ്രവൃത്തി സന്യാസിക്ക് ഇഷ്‌ടപ്പെട്ടില്ല.
അദ്ദേഹം രാജാവിനോടു പറഞ്ഞു: "അവരുടെ കുടുംബങ്ങൾ ഇവിടുത്തെ പണിക്കൂലി കാരണമാണ് കഴിയുന്നത്. ജോലിയുടെ മഹത്ത്വം രാജാവിന് അറിയില്ല"
രാജാവ് യാതൊരു പ്രശ്‌നവുമില്ലെന്ന മട്ടിൽ നിന്നപ്പോൾ സന്യാസി പറഞ്ഞു: "രാജാവ് ജോലി ചെയ്ത് പണിക്കൂലി വാങ്ങാനായി നിൽക്കാത്തതിനാൽ ഞാൻ പറഞ്ഞതു മനസ്സിലാകില്ല"
രാജാവ് ഉടൻ തന്നെ തൻ്റെ വേഷം മാറി സാധാരണക്കാരനായി മുറിയിൽ നിന്നും വന്നിട്ട് പറഞ്ഞു: "ഞാൻ പണി ചെയ്ത് ഉടൻ തന്നെ നാണയം കൂലിയായി വാങ്ങിയിട്ടു വരാം"
രാജാവ് ചന്തയിലെത്തി. കാളവണ്ടിയിൽ നിന്നും ചരക്ക് ഇറക്കാൻ ചെന്നെങ്കിലും ആരും അയാളെ അനുവദിച്ചില്ല. പിന്നെ, എന്തെങ്കിലും ജോലി മതിയെന്നു പറഞ്ഞ് അലഞ്ഞു. ഒടുവിൽ, ഒരു ചായക്കടക്കാരൻ പറഞ്ഞു: "നീ ചെന്ന് അടുക്കളയിലെ ഇപ്പോഴുള്ള എച്ചിൽ പാത്രങ്ങൾ വൃത്തിയായി കഴുകിയാൽ 10 നാണയം തരാം"
ആ ജോലി വളരെ ബുദ്ധിമുട്ടായി രാജാവിനു തോന്നിയെങ്കിലും അദ്ദേഹം കഴുകിയിട്ടു വന്ന് 10 നാണയം ചോദിച്ചു. അന്നേരം, ചായക്കടക്കാരൻ 5 നാണയം കൊടുത്തിട്ടു പറഞ്ഞു: "നീ കഴുകിയ പാത്രത്തിനൊന്നും ശരിയായ വൃത്തിയില്ല, കിട്ടിയതു മേടിച്ച് സ്ഥലം വിടാൻ നോക്കടാ"
രാജാവ് 5 നാണയവും വാങ്ങി നടക്കുന്നതിനിടയിൽ പിറുപിറുത്തു: "ഏതാനും മണിക്കൂർ ജോലി ചെയ്ത കഷ്‌ടപ്പാടും കഴിഞ്ഞ് 10 നാണയം പറഞ്ഞിട്ട് തന്നതോ? വെറും 5 നാണയം മാത്രം. ഈ രാജ്യത്ത് സാധുക്കളെ പണിയെടുപ്പിച്ചിട്ട് പറ്റിക്കുകയാണ്. വാസ്‌തവത്തിൽ ഞാനും അതുതന്നെയല്ലേ ഭൃത്യന്മാരോടും ചെയ്യുന്നത്?"
രാജാവ് 5 നാണയങ്ങൾ സന്യാസിയെ കാണിച്ചിട്ട് പറഞ്ഞു: "ശരിയായ കൂലി കൊടുക്കാത്തത് ഞാൻ മാത്രമല്ല, എൻ്റെ രാജ്യത്തും അതുതന്നെയാണ് സംഭവിക്കുന്നത്. ഇതിനൊരു മാറ്റം വന്നേ തീരൂ!"
ഉടനെ, സന്യാസി രാജാവിനെ അനുഗ്രഹിച്ച് പറഞ്ഞു: "മാറ്റം രാജാവിൽ നിന്നും തുടങ്ങുക. പിന്നീട് അത് രാജ്യമെങ്ങും പടരട്ടെ"
അടുത്ത ദിവസം, രാജാവ് സഭ വിളിച്ചു കൂട്ടി കല്പന പുറപ്പെടുവിച്ചു: "കൊട്ടാരത്തിലെ എല്ലാ ജോലിക്കാർക്കും 20% ശമ്പളം വർദ്ധന അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. രാജ്യമെങ്ങും എല്ലാവർക്കും ഒന്നാം തീയതി ശമ്പളം കൊടുക്കണം. ഓരോ പണിസ്ഥലത്തും ഏകീകൃത കൂലി പ്രദർശിപ്പിക്കണം. അതിൻ്റെ ഇനം തിരിച്ച് ഒരേ കൂലി എത്രയെന്ന് പഠിച്ചിട്ട് കൊട്ടാരത്തിൽ നിന്നും ഈ മാസം അറിയിപ്പ് ഉണ്ടാകും"
രാജ്യമെങ്ങും തൊഴിലാളികളുടെ വീടുകളിൽ സന്തോഷം നിറഞ്ഞു!
ഗുണപാഠം: പല തൊഴിലിടങ്ങളിലും എല്ലു മുറിയെ പണിയെടുപ്പിക്കാൻ നല്ല ജാഗ്രതയുണ്ടെങ്കിലും കൂലി കൊടുക്കാൻ വല്ലാത്ത മടിയാണ്! ആരുടെ തലയിലും അത്തരം ശാപം പതിക്കാതെ ശ്രദ്ധിക്കുമല്ലോ.
Written by Binoy Thomas, Malayalam eBooks: 1249: തിന്മകൾ: 71: PDF: https://drive.google.com/file/d/18j3FCvXziJC2BKbMpGfu4uiRZX_Prs2D/view?usp=drivesdk