(1248) കുറുക്കൻ്റെ ശൈലി!

 സിൽബാരിപുരം കാട്ടിലെ ഒരു കഥ. രാജാവായ സിംഹത്തിന് ഒരിക്കൽ കുറുക്കനെ സഹായിയായി കിട്ടി. അന്നു മുതൽ, കുറുക്കൻ ഓരോ മൃഗങ്ങളുടെ സങ്കേതവും, വരുന്ന വഴിയും വ്യക്തമായി മനസ്സിലാക്കി സിംഹത്തിന് ഇരയെ പിടിക്കാൻ വഴിയൊരുക്കി. അതേസമയം, കുറുക്കൻ സൗമ്യനായി മറ്റു മൃഗങ്ങളുടെ മുന്നിൽ അഭിനയിച്ചതിനാൽ മൃഗങ്ങളെ ചതിക്കുന്നത് കുറുക്കനെന്ന് അവർക്കു മനസ്സിലായില്ല.

കുറുക്കൻ മാനുകളുടെ താവളം നോക്കി നടക്കുന്നതിനിടയിൽ, കുറച്ച് വേട്ടക്കാർ വലിയ ഒരു കിടങ്ങ് ഉണ്ടാക്കുന്നതു കണ്ടു. സർക്കസ് പരിശീലനത്തുള്ള മൃഗങ്ങളെ പിടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

അവരുടെ കണ്ണിൽ പെടാതെ കുറുക്കൻ തിരികെ നടന്നു. അവൻ പിറുപിറുത്തു: "കാട്ടിലെ മൃഗങ്ങൾക്ക് ഞാൻ വളരെ മാന്യനാണ്. അവറ്റകളെ ഒറ്റിക്കൊടുക്കുന്നത് ഞാൻ ആണെന്ന് ആർക്കും അറിയില്ല. അതിനാൽ, ഈ സിംഹത്തെ വേട്ടക്കാർ കൊണ്ടുപോയാൽ പിന്നെ എനിക്കു രാജാവാകാൻ പറ്റിയേക്കും"

അവൻ സിംഹത്തോടു പറഞ്ഞു: "രാജാവേ, മാനുകളുടെ പുതിയ സങ്കേതം ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്. നമുക്ക് നാളെ രാവിലെ അങ്ങോട്ടു പോകാം"

അടുത്ത ദിവസം രാവിലെ സിംഹം മുന്നിലായി നടന്നു. കുറുക്കൻ പിറകെയും. പെട്ടെന്ന്, ചതിക്കുഴിയിൽ സിംഹം പതിച്ചു. അവൻ്റെ അലർച്ച കേട്ട് വേട്ടക്കാർ ഓടിയെത്തി വല എറിയാനും മറ്റും ഒരുക്കം തുടങ്ങി.

അതേസമയം, കുറുക്കൻ അല്പം മാറിയുള്ള മരത്തിൻ്റെ മറവിൽ നിന്ന് കാര്യങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഇതിനിടയിൽ, ഒരു കാക്ക ഇതുകണ്ട്, ബഹളം വച്ചു. കാരണം, ഒരിക്കൽ സിംഹം പിടിച്ച പോത്തിൻ്റെ അവശിഷ്‌ടം തിന്ന് ഈ കാക്ക വിശപ്പടക്കിയിട്ടുണ്ട്.

ഉടൻ, കാക്ക ആനകളെ വിവരം അറിയിച്ചു. അന്നേരം ആനകൾ പറഞ്ഞു: "സിംഹം ഞങ്ങളുടെ ശത്രുവാണ്. അതിനാൽ, ഇതൊരു നല്ല കാര്യമായി തോന്നുന്നു"

ബുദ്ധിമാനായ കാക്ക പറഞ്ഞു: "ഈ കാട്ടിലെ സിംഹത്തെ പേടിച്ച് വേട്ടക്കാർ വളരെ ചുരുക്കമായി മാത്രമേ ഇവിടെ വരാറുള്ളൂ. സിംഹം ഇല്ലെന്ന് അറിഞ്ഞാൽ നാട്ടിലെ മനുഷ്യർ വന്ന് മിക്കവാറും മൃഗങ്ങളെയും പിടിക്കും. ആനക്കൊമ്പ് എടുക്കാൻ മനുഷ്യർ പിടിച്ച് നിങ്ങളും നശിക്കും"

അപകടം മണത്ത ആനകൾ കൂട്ടത്തോടെ സിംഹത്തിൻ്റെ കിടങ്ങിൻ്റെ അടുത്തെത്തി. വേട്ടക്കാർ ചിതറിയോടി. ഒരു മരം പിഴുത് ഇട്ടുകൊടുത്ത് ആനകളും ഓടി.

സിംഹം മരത്തിലൂടെ കയറി വന്നപ്പോൾ കുറുക്കൻ ഓടിയെത്തി: "രാജാവേ, ഞാനാണ് ആനകളെ കൊണ്ടുവന്ന് അങ്ങയെ രക്ഷിച്ചത്"

സിംഹം മുകളിൽ കയറി വന്ന് കൈവീശി കുറുക്കനെ അടിച്ചു വീഴ്ത്തി. സിംഹം അലറി: "ഇത്രയും നാളും ഞാൻ പിടിച്ച ഇരയെ തിന്ന് വിശപ്പടക്കിയവനാണു നീ. പക്ഷേ, എന്നോടു കടപ്പാടും നന്ദിയും കാട്ടാതെ ചതിക്കാൻ ശ്രമിച്ച നിനക്ക് മാപ്പില്ല!"

സിംഹം അവനെ തിന്ന് വിശപ്പടക്കി നടന്നു നീങ്ങി.

ഗുണപാഠം: ഇപ്പോൾ നിങ്ങളുടെ വിശ്വസ്തരായി ഉള്ളവരെ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. മുന്നറിവും ജാഗ്രതയും നിങ്ങളെ രക്ഷിക്കും.

Written by Binoy Thomas, Malayalam eBooks: 1248, കടപ്പാടും നന്ദിയും പരമ്പര: 36, PDF: https://drive.google.com/file/d/1t7XB5ke15FBGklRdknJyZO-oDz6kd46a/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories