(1247) കുമാരൻ്റെ ഭക്തി!

 പണ്ട്, സിൽബാരിപുരം ദേശത്ത് ഒരു ഭക്തൻ ജീവിച്ചിരുന്നു. ഭക്തിയോഗത്തെ വളരെ കൂടുതലായി ആശ്രയിച്ചിരുന്ന അയാളുടെ പേര് കുമാരൻ എന്നായിരുന്നു. കുമാരൻ തൻ്റെ കുടുംബത്തിൻ്റെ യാതൊരു ആവശ്യങ്ങളിലും ശ്രദ്ധിക്കാത്തതിനാൽ ഭാര്യയായിരുന്നു വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. 

അതിനായി ആ സ്‌ത്രീ അയലത്തെ വലിയ തറവാട്ടിൽ അടുക്കള ജോലികൾക്കു പോയിട്ടാണ് കുടുംബം പുലർത്തിയത്. അതേസമയം, കുമാരൻ ഏതെങ്കിലും തീർഥാടനത്തിലും ആശ്രമ പരിസരത്തും പ്രാർഥനകളിലും നടന്നിട്ട് ഇടയ്ക്കു മാത്രം പണികൾക്കു പോകും.

ചില രോഗശല്യങ്ങളുള്ള ഭാര്യ മിക്കവാറും കുമാരനോടു വഴക്കു കൂടുകയും ചെയ്യുന്നത് പതിവായിരുന്നു. എന്നാലോ? കുമാരൻ ചില ഭക്തിചിന്തകൾ അവളോടു വിളമ്പുകയും ചെയ്യും.

ഒരു ദിവസം, കുമാരൻ പ്രശസ്തമായ ഒരു ദേവീക്ഷേത്രത്തിലേക്കു നടക്കുകയായിരുന്നു. ക്ഷേത്രത്തിന് ഏറെ സ്ഥലം സ്വന്തമായുണ്ട്. അവൻ ആ പ്രദേശത്ത് എത്തി. അന്നേരം, ഒരു മരത്തിലെ പൊത്തിൽ നിന്നും കുറച്ചു കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് അവൻ അവിടെ നിന്ന് അതു ശ്രദ്ധിച്ചു. പക്ഷേ, അങ്ങോട്ട് പറന്നു വന്നത് വലിയ വേറെ ഏതോ പക്ഷിയായിരുന്നു.

ഈ കുഞ്ഞുങ്ങളെ തിന്നാൻ വന്ന വലിയ പക്ഷിയെ നോക്കിയപ്പോൾ അതിൻ്റെ വലിയ ചുണ്ടിൽ ഒരു പഴമായിരുന്നു. അപ്പോൾ, ആ കിളിക്കുഞ്ഞുങ്ങൾ ആർത്തിയോടെ ആ പഴം കൊത്തിപ്പറിക്കുന്നതു കണ്ട് കുമാരന് അത്ഭുതമായി.

അയാൾ പിറുപിറുത്തു: "മറ്റൊരു പക്ഷിയുടെ കുഞ്ഞുങ്ങൾക്കു തീറ്റി കൊടുക്കാൻ കല്പിച്ചത് ഈ ദേവി തന്നെയായിരിക്കണം. അങ്ങനെയെങ്കിൽ എൻ്റെ ആയുഷ്‌കാലം മുഴുവൻ എന്നെ ശ്രദ്ധിക്കാൻ ദേവി ആരെയെങ്കിലും ചുമതലപ്പെടുത്തും. കാരണം, ഞാനൊരു ഭക്തനായ മനുഷ്യനാണ്"

തുടർന്ന്, കുമാരൻ ക്ഷേത്രത്തിൻ്റെ വിശാലമായ പറമ്പിലൂടെ നടന്ന് വിജനമായ ഒരിടത്ത് മരത്തിൻ്റെ കീഴിൽ ധ്യാനിക്കാൻ തുടങ്ങി. പക്ഷേ, അതിനിടയിൽ അയാൾ മരത്തിൽ ചാരി ഉറങ്ങിപ്പോകുകയാണു ചെയ്തത്!

അയാളുടെ സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ടു! ദേവിയോട് കുമാരൻ അപേക്ഷിച്ചു: "കേവലം, പക്ഷിക്കുഞ്ഞുങ്ങൾക്കു തീറ്റി കൊടുക്കാൻ ഒരു ശത്രുപക്ഷിയെ ഏൽപ്പിച്ച ദേവിക്ക് എന്നോടു ദയവുണ്ടായി എന്നെയും അതുപോലെ സംരക്ഷിക്കണം"

ഉടൻ, ദേവി കോപിച്ചു: "ഹേയ്! മടിയനായ മനുഷ്യാ, അവറ്റകളുടെ അമ്മക്കിളി മരണമടഞ്ഞതിനാൽ മാത്രമാണ് മറ്റൊരു പക്ഷി തീറ്റി കൊടുത്തത്. എന്നാൽ, അധ്വാനിച്ചു ജീവിക്കേണ്ട നീ അലസതയും മടിയും നിലനിർത്താൻ കണ്ടുപിടിച്ച സൂത്രമാണ് കപടഭക്തി! മേലിൽ, ഈ ക്ഷേത്ര പരിസരത്ത് നിന്നെ കണ്ടു പോകരുത്!"

കുമാരൻ ഞെട്ടി എണീറ്റു! വേഗം വീട്ടിലെത്തി അയാൾ ഭാര്യയോടു പറഞ്ഞു: "ദേവി എൻ്റെ കണ്ണു തുറന്നു. നാളെ മുതൽ നാടുവാഴിയുടെ തറവാട്ടിൽ പണിക്കു പോകണം"

ആശയം: യഥാർഥ ഈശ്വര ഭക്തിയെന്നാൽ കർമ്മം ചെയ്യാത്ത ജീവിതമല്ല. ഓരോ കർമ്മവും ദൈവത്തെ ആരാധിക്കുന്ന പോലെ പവിത്രമായി കാണാൻ സാധിക്കണം.

Written by Binoy Thomas, Malayalam eBooks - 1247- Faith in God- 36, PDF -https://drive.google.com/file/d/13F7PwcAvFGdIXCmmLjqbKb35H-YTb2gM/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories