(1235) ഒരു കൊതിയുടെ കഥ!

പണ്ട്, സിൽബാരിപുരം ദേശത്ത് ചെറിയ തോടുകളും നദികളുമെല്ലാം വലിയ കായലിൽ ചെന്ന് പതിച്ചിരുന്ന കാലം. അവിടെയുള്ള ഒരു തോട്ടിൽ ഒരേ തരത്തിലുള്ള കുറെ മീനുകൾ കൂട്ടമായി കഴിഞ്ഞുപോന്നു.

അക്കൂട്ടത്തിൽ ചെറുതും വലുതുമായ മീനുകളും മാത്രമല്ല, പ്രായമേറിയവയും ഉണ്ടായിരുന്നു. ഒരിക്കൽ നല്ല ചുറുചുറുക്കുള്ള ഒരു മീൻ മറ്റുള്ളവരോടായി പറഞ്ഞു: "നമ്മൾ എത്രയോ കാലമായി ഒരേ സ്ഥലത്തു തന്നെ താമസിക്കുന്നു. ഇവിടെ പലതരം ദുർഘടങ്ങളായ കാര്യങ്ങളുണ്ട്. നിറയെ കല്ലിൻ്റെ കൂട്ടങ്ങളാണ്. ഇടയ്ക്ക് വെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ചുഴിയുമുണ്ട് "

അന്നേരം, മറ്റൊരുവൻ പിന്തുണച്ചു: " മാത്രമല്ല, ചൂണ്ടയിട്ട് നമ്മളെ പിടിക്കാൻ വരുന്ന കുട്ടികളും ഒരു ശല്യമാണ് "
എന്നാൽ, ആ കൂട്ടത്തിലെ ഏറ്റവും പ്രായമേറിയവൻ പറഞ്ഞു: "അതെല്ലാം ശരിയാണ്. എങ്കിലും ഈ കാര്യങ്ങളെല്ലാം തരണം ചെയ്യാനുള്ള കഴിവും ദൈവം നമുക്കു തന്നിട്ടുണ്ട് "

എങ്കിലും, കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭൂരിപക്ഷം മീനുകളും തീരുമാനിച്ചതിൻ്റെ ഫലമായി അവരെല്ലാം ഒഴുക്കിനൊപ്പം ചേർന്ന് താഴെ നദിയിലെത്തി.

അന്നേരം, ഒരു മനുഷ്യൻ ചായക്കടയിലെ ഭക്ഷണ അവശിഷ്ടങ്ങൾ നദിയിലെ ഒഴുക്കു കുറഞ്ഞ ഒരിടത്ത് തള്ളുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. അവരെല്ലാം അങ്ങോട്ടു കുതിച്ചു.

ഉടൻ, മുതിർന്ന ഏതാനും മീനുകൾ സംശയം പ്രകടിപ്പിച്ചു: "മനുഷ്യരുടെ ആഹാരം നമ്മൾ എന്തിനു കഴിക്കണം? പ്രകൃതി ഇവിടെ നമുക്ക് പരമ്പരാഗതമായ ആഹാരം കരുതിയിട്ടുണ്ട് "
അപ്പോൾ, മറ്റുള്ള മീനുകളെല്ലാം ആ അവശിഷ്‌ടങ്ങൾ തിന്നാൻ തുടങ്ങി.

അങ്ങനെ, കുറെ ദിവസങ്ങൾ കഴിഞ്ഞു. അതിനൊപ്പം വേറെ തീറ്റി തേടാൻ മീനുകൾ പോയില്ല.
എങ്കിലും പ്രായമേറിയ മീനുകൾ അതൊന്നും തൊട്ടതേയില്ല. ഒരു ദിവസം, ആ മനുഷ്യൻ അവശിഷ്‌ടങ്ങൾ വെള്ളത്തിൽ തള്ളിയിട്ടു പോയി.

മീനുകൾ പതിവുപോലെ ആർത്തിയോടെ വെട്ടിവിഴുങ്ങി. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ അവരെല്ലാം ചത്തുപൊന്തി!
കാരണം, കല്യാണ വിരുന്നിൻ്റെ ആഹാരത്തിൽ ആ മനുഷ്യൻ്റെ ശത്രുക്കൾ വിഷാംശം ചേർത്തതിനാൽ അതെല്ലാം ഇവിടെ ഉപേക്ഷിച്ചതായിരുന്നു.

അപ്പോൾ, ഏതാനും മീനുകൾ മാത്രം അവശേഷിച്ചു. അവർ പറഞ്ഞു: "ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്. ഈ നദീജലം മുഴുവൻ ചിലപ്പോൾ വിഷമാക്കാനുള്ള കഴിവ് ദുഷ്‌ടരായ മനുഷ്യർക്കുണ്ട് "

അവറ്റകൾ തിരികെ പഴയ തോട്ടിലേക്കു നീന്തിപ്പോയി.
ഗുണപാഠം: ആസക്തികൾ മൂലമുള്ള പ്രശ്നങ്ങളെ മറ്റുള്ളവർ ചൂണ്ടിക്കാട്ടിയാലും ചിലർ അവയെ അവഗണിക്കാറുണ്ട്. ദുരിതമാവാം ഫലം!

Written by Binoy Thomas, Malayalam eBooks-1235 Thinmakal- 70, PDF -https://drive.google.com/file/d/1NHeZ1M6Q-jJQxP1hFP-UYsuPY_-pd57w/view?usp=drivesdk


POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories