(1205) ഭൃത്യൻ്റെ ബുദ്ധി!

 ഒരിക്കൽ സിൽബാരിപുരം രാജ്യത്ത് വിക്രമൻ രാജാവ് ഭരിച്ചു വന്നിരുന്ന കാലം. സ്വന്തം തെറ്റ് സമ്മതിക്കാത്ത പ്രകൃതമായിരുന്നു രാജാവിൻ്റേത്. വളരെ പ്രധാനപ്പെട്ട ആളുകൾ ആരെങ്കിലും തെറ്റുകൾ ചൂണ്ടിക്കാട്ടിയാലും അതൊക്കെ എങ്ങനെയെങ്കിലും മറികടക്കാൻ നോക്കുകയും ചെയ്യും.

ഒരു ദിവസം, രാജാവ് രാജ്ഞിയുമായി സംസാരിച്ചിരുന്ന സമയത്ത് അവൾ പറഞ്ഞു -"അങ്ങേയ്ക്ക് വല്ലാത്ത വായ്നാറ്റമുണ്ട്. കൊട്ടാര വൈദ്യനെ കണ്ട് എന്തെങ്കിലും മരുന്നു വാങ്ങണം"

ഉടൻ, മേശപ്പുറത്ത് ഇരിക്കുന്ന ഒരു വടിയെടുത്ത് ഭാര്യയെ തല്ലാൻ തോന്നിയെങ്കിലും രാജാവ് അടക്കം പാലിച്ചു.

അയാൾ പറഞ്ഞു -"വായ്നാറ്റമുള്ളതായി  എനിക്കു തോന്നുന്നില്ല. ഒരു കാര്യം ചെയ്യാം. നമുക്ക് ഇവിടെ നിൽക്കുന്ന മൂന്ന് ഭൃത്യന്മാരോടു ചോദിക്കാം"

രാജാവ് ഒന്നാമത്തെ ഭൃത്യനോടു ചോദിച്ചു - "ഞാൻ ഊതുമ്പോൾ നാറ്റം ഉണ്ടോയെന്ന് നീ പറയുക"

രാജാവ് അവൻ്റെ അടുത്തുവന്ന് ഊതിയപ്പോൾ അവൻ പറഞ്ഞു -" രാജാവേ, നല്ലതുപോലെ ദുർഗന്ധമുണ്ട് "

ഉടൻ, രാജാവിന് ദേഷ്യമായി. മേശപ്പുറത്ത് ഇരുന്ന വടിയെടുത്ത് അവനെ തല്ലിയോടിച്ചു. ഇതുകണ്ട്, മറ്റു രണ്ടു ഭൃത്യന്മാരും ഭയന്നു വിറച്ചു!

രാജാവ് രണ്ടാമനെ വിളിച്ച് ഇതേ പോലെ ചെയ്തു. പക്ഷേ, അവൻ പെട്ടെന്ന് ബുദ്ധി പ്രയോഗിച്ചു - "രാജാവേ, അങ്ങയുടെ വായിൽ നിന്നും സുഗന്ധമാണ് എനിക്കു തോന്നിയത് "

ഉടൻ, രാജാവ് വീണ്ടും വടിയെടുത്തു - "പ്ഫ! എന്നോടു കള്ളം പറയാൻ നീ വളർന്നോ? ആരുടെയെങ്കിലും വായിൽ നിന്നും സുഗന്ധം വരുമോടാ?"

അവനെയും അടിച്ച് ഓടിച്ചു. അപ്പോൾ, മൂന്നാമൻ ആകെ വിഷമത്തിലായി. രാജാവിനോട് താൻ ഇനി എന്തു പറയും?

രാജാവ് മൂന്നാമനെ വിളിച്ച് ഇതേ കാര്യം ചോദിച്ചു. പക്ഷേ, മൂന്നാമൻ വളരെ ബുദ്ധിമാനായിരുന്നു. അവൻ പറഞ്ഞ മറുപടിയിൽ രാജാവ് സംതൃപ്തനായി വെറുതെ വിടുകയും ചെയ്തു!

ചോദ്യം: എന്തു കാര്യം പറഞ്ഞാണ് മൂന്നാമൻ രക്ഷപ്പെട്ടത്?

ഉത്തരം: അവൻ പറഞ്ഞത് - "രാജാവേ, എനിക്ക് ജലദോഷമാകയാൽ മൂക്ക് അടഞ്ഞിരിക്കുകയാണ്. മണമൊന്നും അറിയാൻ പറ്റുന്നില്ല"

Written by Binoy Thomas, Malayalam eBooks-1205-IQ Test Series - 68, PDF-https://drive.google.com/file/d/1E0WCFzVHCT4Q9AM59OJkntI5qDGgeJFP/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories