(1204) കുറുക്കൻകുഞ്ഞും സിംഹ കുട്ടികളും!

 പണ്ട്, സിൽബാരിപുരം കാട്ടിൽ സിംഹവും സിംഹിയും നാലു സിംഹ കുട്ടികളും കഴിഞ്ഞു വരുന്ന കാലം. ഒരു ദിവസം, സിംഹം വേട്ടയ്ക്കിറങ്ങി. അതിനിടയിൽ അവിടെ ഒരു കുറുക്കൻ്റെ മാളത്തിനടുത്തായി സിംഹം പതുങ്ങി നിന്നു.

കുറുക്കനും അതിൻ്റെ കുട്ടിയും കൂടി മാളത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സിംഹം പറന്നു ചാടി!

എന്നാൽ, വലിയ കുറുക്കനെ കിട്ടിയില്ല. പകരം, കുറുക്കൻ്റെ കുഞ്ഞിനെയാണ് കിട്ടിയത്. സിംഹം അതുമായി തൻ്റെ കുടുംബത്തിനു തീറ്റി കൊടുക്കാനായി വന്നു.

അന്നേരം, സിംഹി പറഞ്ഞു -"ഈ കുറുക്കൻകുഞ്ഞിനെ തിന്നരുത്. അത് ഇവിടെ നമ്മുടെ കുട്ടികളുടെ കൂടെ കളിച്ചു വളരട്ടെ!"

സിംഹത്തിനും അത് സമ്മതമായി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുറുക്കൻ കുട്ടിയും സിംഹ കുട്ടികളും നല്ല ചങ്ങാതികളായി.

ഒരു ദിവസം, ഇങ്ങനെ കളിച്ചു കൊണ്ടിരുന്ന സമയത്ത് അതുവഴി ഒരു കാട്ടാന വന്നു. കുറുക്കൻ കുഞ്ഞ് ആനയെ ഭയന്ന് നിലവിളിച്ചു - "കൂട്ടുകാരേ, ആന നമ്മളെ കൊല്ലാൻ വരുന്നേ! എല്ലാവരും ഓടിക്കോളൂ!"

കുറുക്കൻ കുറെ ദൂരം ഓടി ഒരു മാളത്തിൽ ഒളിച്ചു. എന്നാൽ, സിംഹക്കുട്ടികൾ അതൊന്നും കാര്യമാക്കാതെ അവിടെ നിന്നു. സിംഹത്തിൻ്റെ താവളമെന്ന് മനസ്സിലാക്കിയ ആന പേടിച്ച് വേറെ വഴിയിലൂടെ ഓടിപ്പോയി.

കുറെ നേരം കഴിഞ്ഞപ്പോൾ കുറുക്കൻകുട്ടി പേടിച്ച് മടങ്ങിവന്ന സമയത്ത് സിംഹ കുട്ടികൾ അവനെ കളിയാക്കി ആർത്തു ചിരിച്ചു.

കുറുക്കൻ കുട്ടിക്ക് അതു വല്ലാത്ത ഒരു അനുഭവമായി തോന്നി. അവൻ കരഞ്ഞു കൊണ്ട് സിംഹിയുടെ അടുക്കലെത്തി.

"ഒരു വലിയ കാട്ടാന വന്നപ്പോൾ ഞാൻ ഓടി രക്ഷപ്പെട്ടു. അവർ ഞാൻ പറഞ്ഞത് കേൾക്കാതെ അവിടെ നിന്നു. എന്നിട്ട്, അവരെല്ലാം എന്നെ പേടിത്തൊണ്ടനെന്നു പറഞ്ഞ് കളിയാക്കുകയാണ് "

ഉടൻ, സിംഹി പറഞ്ഞു -"അത് അവരുടെ കുഴപ്പമല്ല. നിൻ്റെ കുഴപ്പമാണ്. കാരണം സിംഹങ്ങളെ ആനകൾ പേടിക്കുന്നു. പക്ഷേ, നീ ആനകളെ പേടിക്കുന്നു. നീ ഓടിയതു കണ്ട് അവർ ചിരിച്ചു. അതായത്, നീ ഒരു കുറുക്കൻ കുട്ടിയും അവർ സിംഹ കുട്ടികളും ആയതിനാൽ ഇനി നിൻ്റെ ഇവിടത്ത ചങ്ങാത്തം കൂടുതൽ പ്രശ്നങ്ങൾക്കു കാരണമാകും. അതിനാൽ, ഇപ്പോൾത്തന്നെ, കുറുക്കന്മാരുടെ മാളത്തിലേക്കു മടങ്ങൂ!"

അവൻ അവിടെ നിന്നും മടങ്ങി കുറുക്കന്മാരുടെ താവളത്തിലെത്തി സുഖമായി ജീവിച്ചു.

ആശയം: ഇപ്പോഴത്തെ ചില സാഹചര്യങ്ങളും സന്ദർഭങ്ങളും അവസരങ്ങളും അധികാരങ്ങളും പദവികളും നിങ്ങൾക്ക് ഇണങ്ങുന്നതാണോ? ചിന്തിക്കുക!

Written by Binoy Thomas, Malayalam eBooks-1204 folk tales - 76, PDF-https://drive.google.com/file/d/1-u3pDzZfmgzPLmI8NuO2i1tcVR3ADkTY/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories