(1091) കടമ നിർവഹിച്ച ശിഷ്യൻ!
പണ്ടൊരിക്കൽ, സിൽബാരിപുരം ദേശത്തെ ആശ്രമത്തിൽ ഗുരുവിന് പത്ത് ശിഷ്യന്മാർ ഉണ്ടായിരുന്നു. പഠന സംബന്ധമായി അനേകം കൊച്ചു കൊച്ചു പരീക്ഷണ നിരീക്ഷണങ്ങൾ അദ്ദേഹത്തിൻ്റെ ഒരു പാഠ്യ ശൈലി ആയിരുന്നു. ഒരിക്കൽ, ശിഷ്യന്മാരെ വിളിച്ച് അദ്ദേഹം പറഞ്ഞു -"നാളെ പുലർച്ചെ നിങ്ങൾ പത്തു പേരും ആറ്റു തീരത്തുള്ള മാവിൻചുവട്ടിലേക്കു പോകുക. അവിടെ നിലത്തു വീണ മാമ്പഴങ്ങൾ ധാരാളമുണ്ടാകും. ഓരോ ആളും മൂന്ന് മാമ്പഴം വീതം ഇവിടെ എൻ്റെ മുന്നിൽ എത്തിക്കണം" അടുത്ത പ്രഭാതത്തിൽ അവർ പത്തു പേരും അങ്ങോട്ടു പോയി. രാവിലെ ആയതിനാൽ ആ വലിയ മാവിൻചുവട്ടിൽ ആരും മാങ്ങാ പെറുക്കാൻ എത്തിയിരുന്നില്ല. ശിഷ്യന്മാർ 3 മാമ്പഴം വീതം കയ്യിലെടുത്ത് തിരികെ നടന്നു. ആശ്രമത്തിൻ്റെ അടുക്കലെത്തിയപ്പോൾ അയൽവാസിയായ ഒരു വൃദ്ധ ചോദിച്ചു - "മക്കളെ, ആരാണ് എനിക്ക് ഒരു മാമ്പഴം തരുന്നത്? ഞാൻ ഇന്നലെ അത്താഴം കഴിച്ചില്ല. വല്ലാതെ വിശക്കുന്നു" ഉടൻ, ഒരു ശിഷ്യൻ പറഞ്ഞു -"ഇത് അമ്മച്ചിക്കു തരാൻ പറ്റില്ല. ഗുരുവിനെ ധിക്കരിക്കാൻ പറ്റില്ല" മറ്റുള്ളവരിൽ എട്ടു പേരും അതിനെ പിന്തുണച്ചു - "ശരിയാണ്. മൂന്നു മാങ്ങയിൽ ഒരെണ്ണം പോലും കുറവു വരാൻ പാടില്ല" എന്നാൽ ഒന്ന...