(1088) ഗുഹയിലെ നിധി!
പണ്ട്, സിൽബാരിപുരം ദേശത്ത് ഗുരുവിൻ്റെ ആശ്രമം പ്രശസ്തമായിരുന്നു. എന്നാൽ, ആ ദേശത്ത് പലിശയ്ക്കു പണം കൊടുക്കുന്ന ഒരു ദുരാഗ്രഹി വളർന്നു വന്നു. ക്രമേണ അയാൾ മുതലാളിയായി മാറി.
അയാളുടെ വട്ടിപ്പലിശയ്ക്കു മുന്നിൽ നാട്ടുകാർക്ക് പിടിച്ചു നിൽക്കാനായില്ല. കടം വാങ്ങിയ പലരും സർവ്വതും നഷ്ടമായി ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു പോയി.
ഒടുവിൽ, ചില ആളുകൾ ഗുരുവിൻ്റെ അടുക്കലെത്തി ആവലാതികൾ ബോധിപ്പിച്ചു. അപ്പോൾ ഗുരു പറഞ്ഞു - "അയാളെ ശിക്ഷിക്കാനുള്ള അധികാരമൊന്നും എനിക്കില്ല. എന്നാൽ, അവന് വലിയ സമ്പത്ത് കിട്ടുന്നതും അല്ലെങ്കിൽ നാശം വരുന്നതുമായ ഒരു അവസരം ഞാൻ കൊടുക്കുന്നുണ്ട് "
നാട്ടുകാർ പിരിഞ്ഞു പോയി. അടുത്ത ദിവസം, മുതലാളിയെ ഗുരു ആളയച്ച് ആശ്രമത്തിൽ വരുത്തി കാര്യങ്ങൾ അവതരിപ്പിച്ചു.
അതിൻപ്രകാരം, അതിരാവിലെ ഗുരുവിൻ്റെ അടുക്കൽ മുതലാളി എത്തിച്ചേർന്നു. അവർ കാട്ടിലേക്കു യാത്രയായി. ഒടുവിൽ, ഇരുവരും ഒരു ഗുഹയുടെ മുന്നിലെത്തി. അന്നേരം ഗുരു പറഞ്ഞു -
"ഗുഹയുടെ ഉള്ളിൽ ലോകം ഇതുവരെ കണ്ടില്ലാത്ത രത്നശേഖരമുണ്ട്. പക്ഷേ, നിനക്ക് അതിൽ നിന്നും ഒരെണ്ണം മാത്രം എടുക്കാം. കവാടം ഇപ്പോൾ രാവിലെ കുറച്ചു നേരം മാത്രമേ തുറന്നിരിക്കുകയുള്ളൂ. സൂര്യൻ ഉദിച്ചാൽ ഇത് തനിയെ അടയും. പിന്നെ നാളെ രാവിലെ വീണ്ടും തുറക്കും"
അവൻ അതു സമ്മതിച്ച് ഗുഹയിൽ കയറി. തിളങ്ങുന്ന രത്നങ്ങൾ കണ്ടപ്പോൾ സന്യാസി പറഞ്ഞ വ്യവസ്ഥ അവന് ഉൾക്കൊള്ളാൻ സാധിച്ചില്ല. കാരണം, അനേകം രത്നങ്ങൾ അവിടെ ഉണ്ടായിരുന്നു.
അവൻ പിറുപിറുത്തു - "ഗുരുവിനെ കബളിപ്പിക്കണം. ഇത് മുഴുവൻ സ്വന്തമാക്കണം. ഗുഹ അടഞ്ഞാലും സാരമില്ല. നാളെ രാവിലെ കവാടം മാറുമ്പോൾ ഇറങ്ങിപ്പോകാം"
വേഗത്തിൽ, ഉടുതുണിയിൽ രത്നങ്ങൾ കിഴികെട്ടി. കുറെ നേരം കഴിഞ്ഞപ്പോൾ സൂര്യൻ ഉദിച്ചു. കവാടം അടഞ്ഞു. ഗുരു ഒരു പുഞ്ചിരിയോടെ നടന്നു നീങ്ങി.
ഈ ലോകത്തെ ഏറ്റവും ധനികൻ എന്ന നേട്ടം മനസ്സിലോർത്ത് അവൻ സന്തോഷിച്ചു. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ മുതൽ അസ്വസ്ഥത തുടങ്ങി. വവ്വാലിൻ്റെയും മൂങ്ങയുടെയും കാഷ്ഠങ്ങളും ജീർണ്ണിച്ച മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ പുറന്തള്ളുന്ന വിഷവായു കാരണം ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ പ്രാണവായുവിൻ്റെ കുറവ് മൂലം അവനു ശ്വാസം മുട്ടാൻ തുടങ്ങി. ഉടൻ, ഗുഹാകവാടമായിരുന്ന വലിയ കല്ല് സർവശക്തിയുമെടുത്ത് തള്ളിയെങ്കിലും അത് അല്പം പോലും അനങ്ങിയില്ല.
പിന്നീട്, ചുമയും ശ്വാസതടസ്സവും ഉണ്ടായി ബോധം മറഞ്ഞ് കല്ലിൽ തലയടിച്ചു വീണു! ആ അത്യാഗ്രഹിയുടെ ശല്യം അതോടെ തീർന്നു!
നിങ്ങൾ ചിന്തിക്കുക - അധികാരം, സമ്പത്ത്, പദവി, അംഗീകാരം, അറിവ് എന്നിങ്ങനെ ഉള്ളതെല്ലാം നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കണം. അമിതമായതും ചൂഷണങ്ങളും ദുരുപയോഗവുമെല്ലാം നാശത്തിലേക്കു നയിക്കാം!
Written by Binoy Thomas, Malayalam eBooks-1088 - Thinmakal - 62, PDF-https://drive.google.com/file/d/1JuPufuaVDI-sKCBN75WQreQtzGu1Fg62/view?usp=drivesdk
Comments