(1090) കച്ചവടത്തിലെ ചതി!
സിൽബാരിപുരംദേശത്തിലെ കച്ചവടക്കാരനായിരുന്നു സോമു. കച്ചവടം കൂടുന്നത് അനുസരിച്ച് വേറെ പല സ്ഥലങ്ങളിലേക്കു കൂടി അത് വ്യാപിപ്പിക്കാൻ സോമു തീരുമാനിച്ചു.
അതിനായി കൂടുതൽ പണം ആവശ്യമായി വന്നു. അന്നേരം, കച്ചവടത്തിനായി ഒരു സുഹൃത്തായ ചീരനെ കൂടെ കൂട്ടി. അയാൾ പക്ഷേ, ചതിയനായിരുന്നു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ സോമുവിനെ ചതിച്ച് പണവുമായി അടുത്ത നാട്ടിലേക്കു രക്ഷപെട്ടു.
സോമുവിന് പ്രതികാര ബുദ്ധി ഇരച്ചുകയറി. അയാൾ മുണ്ടിൻ്റെ മടിക്കുത്തിൽ ഒരു കഠാരയും ഒളിപ്പിച്ചിരുന്നു. ചീരനെ കണ്ടു പിടിച്ച് അയാളെ വധിക്കുകയായിരുന്നു അവൻ്റെ ലക്ഷ്യം.
സോമു വെപ്രാളപ്പെട്ട് നടക്കുന്നതിനിടയിൽ ക്ഷീണിതനായി. അവൻ വഴിയിൽ കണ്ട ആൽത്തറയിൽ ഉറങ്ങിപ്പോയി. അടുത്തുള്ള അമ്പലത്തിൽ നിന്നും മടങ്ങിയ ഒരു സന്യാസി സോമുവിൻ്റെ അരികിൽ വിശ്രമിക്കാനായി ഇരുന്നു.
സോമു എണീറ്റപ്പോൾ സന്യാസി പരിചയപ്പെട്ടു. അവൻ്റെ പ്രതികാര ലക്ഷ്യം ഒട്ടും ശമിച്ചിട്ടില്ലായിരുന്നു. അത് കണ്ടിട്ട് സന്യാസി പറഞ്ഞു -"നിനക്ക് നിൻ്റെ സുഹൃത്തിനെ എളുപ്പത്തിൽ വധിക്കാൻ പറ്റും. എന്നാൽ, കോസലപുരം ദേശത്തു നിന്നും രക്ഷപെട്ടു പോരാൻ നിനക്കു സാധിക്കില്ല. ആയുഷ്കാലം മുഴുവൻ ഇരുണ്ട തടവറയിൽ കിടന്നു നശിക്കും. ഇനി നീ തീരുമാനിക്കുക. പ്രതികാരാഗ്നിയിൽ നിങ്ങൾ രണ്ടു പേരും നശിക്കണോ?''
സോമു പല്ലിറുമ്മി ദേഷ്യത്താൽ പലതും പറഞ്ഞു കൊണ്ടിരുന്നു. ക്രമേണ കോപം കെട്ടടങ്ങിയപ്പോൾ നേരം പുലർച്ചയായി. അയാൾ മടിക്കുത്തിലെ കഠാര വലിച്ചെറിഞ്ഞ് വീട്ടിലേക്കു തിരികെ നടന്നു.
ചിന്താവിഷയം- പ്രതികാരം അഗ്നിക്കു സമമാണ്. അത് തീ കൊടുക്കുന്നവരെയും ചുട്ടു ചാമ്പലാക്കും.
Written by Binoy Thomas, Malayalam eBooks-1090, Thinmakal - 63, PDF-https://drive.google.com/file/d/1jj4_aPFl4G8Vh4sdunAs1w52lY9MzLIE/view?usp=drivesdk
Comments