(1085) രാഷ്ട്രീയ രോഗി
ഒരിക്കൽ, കേരളത്തിൽ ഇലക്ഷൻ്റെ പ്രചാരണം തുടങ്ങി. ഒരു പ്രമുഖ നേതാവിനേക്കുറിച്ച് ഏതോ ദിനപത്രം പുകഴ്ത്തി എഴുതിയത് വായിച്ചതിൻ്റെ രത്നച്ചുരുക്കം ഇതാണ് -
നേതാവിൻ്റെ ചിത്രവും അതിനൊപ്പം പാർട്ടി അനുഭാവിയായ ഒരു സാധാരണക്കാരൻ്റെ ചിത്രവും. ആ സാധാരണ മനുഷ്യൻ്റെ അമ്മയ്ക്ക് ഒരു സർജറി ഉടൻ വേണമെന്ന് ഡോക്ടർമാർ കുറിച്ചു. അത് തിരുവനന്തപുരത്തെ പ്രശസ്തമായ ഹോസ്പിറ്റലിൽ ചുരുങ്ങിയ ചെലവിൽ ചെയ്യാൻ പറ്റും. പക്ഷേ, ഏകദേശം ഒന്നു മുതൽ രണ്ടുവർഷം വരെ നീളുന്ന വെയിറ്റിങ്ങ് ലിസ്റ്റിലാണ് രോഗികൾ.
ആ രോഗികൾ ശക്തിയുള്ള മരുന്നുകൾ കഴിച്ച് ദിവസങ്ങൾ നീട്ടി വിടുകയാണ്. കാര്യങ്ങൾ ഈ വിധമെന്ന് ആ മനുഷ്യന് തോന്നിയതിനാൽ അയാൾ ഒരു കുറുക്കുവഴി തേടി.
ആ പ്രമുഖ നേതാവിൻ്റെ വീട്ടിലേക്ക് രാവിലെ എത്തി തിരുവനന്തപുരത്തെ ആശുപത്രി അധികാരികൾക്ക് ഒരു എഴുത്ത് വാങ്ങി. അവിടെ കൊടുത്ത ആഴ്ചയിൽ അയാളുടെ അമ്മയുടെ സർജറി നടന്നു. ആ സ്ത്രീ രക്ഷപ്പെടുകയും ചെയ്തു.
ആ നന്ദി പ്രകടനമാണ് പത്രക്കാർ ഇലക്ഷൻ തന്ത്രമായി പ്രയോഗിച്ചത്. കരുണയുടെ വൻമരം, ആശ്രയമില്ലാത്തവരുടെ അത്താണി, നന്മയുടെ നിറകുടം, സാത്വികൻ, സത്കർമ്മി, പുണ്യപുരുഷൻ, അവതാരം എന്നിങ്ങനെ പത്രത്തിൽ എഴുതി ഇളക്കി മറിച്ചു!
പത്രം വായിക്കുന്നവർക്ക് പെട്ടെന്ന് നോക്കിയാൽ നേതാവിനോട് വളരെ ബഹുമാനം തോന്നുന്നതിൽ യാതൊരു തെറ്റും കാണാൻ പറ്റില്ല. പക്ഷേ, ഇവിടെ വാസ്തവം എന്താണ്?
ഒരു അഴിമതിയും ക്രൂരതയുമാണ് ഈ കാര്യത്തിൽ നടന്നത്. അതായത്, വർഷങ്ങൾ വരുന്ന കാത്തിരിക്കുന്ന ഒരു രോഗിയെ മറികടന്നാണ് ഇവൻ്റെ അമ്മയുടെ സർജറി നടന്നത്. അർഹതതയുള്ള ഏതോ ഒരു രോഗി പിറകിലേക്കു പോയി!
രാഷ്ട്രീയ സ്വാധീനത്താൽ ശുപാർശ കൊണ്ട് നിയമം മറിക്കുന്നു എന്നു ചുരുക്കം!
ചിന്തിക്കുക - പൊതുജന നന്മ എന്നു പറയുന്നത് അധികാരം ഉപയോഗിച്ച് ശുപാർശ ചെയ്യുന്നതല്ല. മറിച്ച്, പ്രജകളുടെ ഉന്നത ഗുണമേന്മയുള്ള ജീവിതം ഉറപ്പുവരുത്തുന്നതിനുള്ള അവസരമായി പൊതുപ്രവർത്തകർ അവരുടെ ജീവിതത്തെ മഹനീയമായി കാണണം!
Written by Binoy Thomas, Malayalam eBooks-1085 - Satire -33, PDF-https://drive.google.com/file/d/1RdKWu4wbXTPpEkFRnQmkbFkE63jyiPAB/view?usp=drivesdk
Comments