(1089) മഴ നനഞ്ഞ കുട!

പണ്ട്, രാമു എന്നൊരാൾ സിൽബാരിപുരം ദേശത്തിലെ ഒരു സാധാരണക്കാരനായി ജീവിച്ച കാലം. അവിടെ മഴക്കാലം പതിവിലേറെ നീണ്ടതായിരുന്നു. മാത്രമല്ല, വേനൽ മഴയും ശക്തമായിരുന്നു. അയാളുടെ കയ്യിൽ എപ്പോഴും വലിയൊരു കാലൻകുടയും കാണുമായിരുന്നു.

ഒരു ദിവസം രാവിലെ ചെറിയ ചാറ്റുമഴ തുടങ്ങി. രാമു കുടയും ചൂടി അമ്പലത്തിലേക്കു പോയി. അവിടെയൊരു കല്യാണത്തിൽ സംബന്ധിക്കാനായിരുന്നു യാത്ര. പിന്നീട് ശക്തമായ വെയിൽ തെളിഞ്ഞു.

കല്യാണ സദ്യയ്ക്ക് ഇരുന്നപ്പോഴാണ് നനഞ്ഞ കുട ഒരു ബാധ്യതയായി അയാൾക്കു തോന്നിയത്. ആളുകൾ തിങ്ങി നിറഞ്ഞതിനു സമീപമുള്ള മേശയിൽ കുട വയ്ക്കാൻ നോക്കി. നടന്നില്ല. മടിയിൽ വയ്ക്കാൻ നോക്കി. പറ്റിയില്ല. ഉടൻ രാമു ഉച്ചത്തിൽ പറഞ്ഞു -"നാശം! ഈ കുട വല്ലാത്ത ശല്യമായല്ലോ!"

അയാൾ കുട മേശക്കാലിൽ ചാരിവച്ചു. ആ മേശയുടെ അടിയിൽ സ്ഥിരമായി തമ്പടിച്ചിരുന്ന ഒരു കൂട്ടം ഉറുമ്പുകൾ കുടയുടെ ശീലയിലേക്ക് കയറിത്തുടങ്ങി. അവറ്റകൾ വരിവരിയായി എല്ലാവരും ശീലമടക്കുകളിൽ വിശ്രമിച്ചു.

കല്യാണ സദ്യ കഴിഞ്ഞ് രാമു കുടയുമായി തിരികെ വീട്ടിലേക്കു നടന്നു. അതിനിടയിൽ വെയിൽ മാറി വീണ്ടും മഴക്കാറ് മാനത്ത് കൂടുകൂട്ടി.

രാമുവിന് ഒരു തടിപ്പാലം കൂടി കടന്നാൽ മാത്രമേ വീട്ടിലേക്കുള്ള വഴിയിൽ കയറാൻ പറ്റൂ. അയാൾ ചെറിയ തടിപ്പാലത്തിലേക്കു കയറിയതും മഴ ചാറാൻ തുടങ്ങി. അന്നേരം കുട നിവർത്തിയപ്പോൾ ഉറുമ്പുകൂട്ടങ്ങൾ മഴ പെയ്തതു പോലെ രാമുവിൻ്റെ മുഖത്തേക്കും ഷർട്ടിലേക്കും തലയിലേക്കും വീണു!

ഉറുമ്പുകൾ കടി തുടങ്ങിയ നിമിഷം, അയാൾ കുട താഴെ വെള്ളത്തിലേക്ക് എറിഞ്ഞു. അയാൾ ദേഹം മുഴുവൻ ചൊറിഞ്ഞു കൊണ്ട് മഴ നനഞ്ഞ് വീട്ടിലേക്ക് ഓടി. അടുത്ത ദിവസം പനി പിടിക്കുകയും ചെയ്തു!

അതേസമയം, തോട്ടിൽ കുളിക്കാൻ വന്ന ഒരു കുട്ടിക്ക് ഈ കുട കിട്ടിയപ്പോൾ അവൻ നിധി പോലെ വീട്ടിലേക്ക് കൊണ്ടുപോയി!

ചിന്താവിഷയം- വർഷങ്ങളായി സ്ഥിരം ഉപകാരം ചെയ്യുന്നവരെ കാര്യമായി ആരും ഓർത്തിരിക്കാറില്ല. എന്നാൽ ഒരു തവണ ഉപകാരം മുടങ്ങിയാൽ ഈ കഥയിലെ കുടയ്ക്കു പറ്റിയ പോലെ ശാപവാക്കുകൾ ഉരുവിട്ട് ദൂരേയ്ക്ക് പഴയതെല്ലാം വലിച്ചെറിയുന്നും സാധാരണമാണ്! ഉപകാരത്തിനു ശേഷം ബന്ധങ്ങൾ പോലും പലർക്കും നനഞ്ഞ കുട പോലെ ബാധ്യതയാണ്! 

Written by Binoy Thomas, Malayalam eBooks-1089-കടപ്പാട് - 32, PDF-https://drive.google.com/file/d/1xflUbuv1PjPLJKpJ6MzaCHHO4Ucc0hLg/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

ചെറുകഥകള്‍