(1224) കുതിരയുടെ അവകാശി!

 ആന്ധ്രയിലെ മര്യാദ രാമണ്ണ എന്ന മര്യാദരാമൻ ന്യായാധിപനായി തുടരുന്ന കാലത്ത് തൻ്റെ ബുദ്ധിയും നിരീക്ഷണ പാടവവും ഉപയോഗിച്ച് നിരവധി കുറ്റങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഒരിക്കൽ, ഒരു വ്യാപാരി കുതിരയുമായി ചന്തയിലേക്കു പോകുകയായിരുന്നു. അയാൾ അതിനെ വല്ലാതെ പണിയെടുപ്പിക്കുമെങ്കിലും കാര്യമായ ആഹാരം കൊടുക്കുകയുമില്ല. അതുകാരണം, കുതിര മെലിഞ്ഞതായിരുന്നു.

അയാൾ പോകുന്നതിനൊപ്പം ഒരു കർഷകൻ്റെ കുതിര ഒപ്പം വന്നു. അതിനെ കണ്ട് വ്യാപാരി പിറുപിറുത്തു - "എങ്ങനെയും ഇവൻ്റെ മിടുക്കൻ കുതിരയെ തട്ടിയെടുക്കണം!"

വ്യാപാരി കുതിരയെ നിർത്തി കർഷകനോടു സംസാരിച്ച് ക്രമേണ ചങ്ങാത്തം ഭാവിച്ചു - "എനിക്ക് നിൻ്റെ കുതിരപ്പുറത്തു കയറി ചന്ത വരെ പോകണമെന്ന് ഒരു ആഗ്രഹം"

കർഷകൻ അതു സമ്മതിച്ചു. വ്യാപാരി ആ കുതിരയുടെ പുറത്ത് കയറാൻ തൻ്റെ യജമാനൻ സമ്മതിച്ചതിനാൽ കുതിര അനുസരിച്ചു. ആ സമയത്ത് സാധുവായ കർഷകൻ മെലിഞ്ഞ കുതിരയെ തലോടി പറഞ്ഞു -"നിനക്ക് തിന്നാൻ കുറച്ച് മുതിര തരാം"

എന്നിട്ട് ആ കുതിരപ്പുറത്ത് കർഷകൻ കയറി ചന്തയിലേക്ക് യാത്രയായി. വ്യാപാരി ചന്തയിൽ ചെന്നപ്പോൾ വലിയ ഒച്ചയിട്ട് കച്ചവട സാധനങ്ങൾ വിളിച്ചു കൂവി ആളുകളുടെ ശ്രദ്ധ തിരിച്ചു.

ആ സമയത്ത് കർഷകൻ കുതിരപ്പുറത്തു നിന്നും ഇറങ്ങി തൻ്റെ കുതിരയെ തരാൻ ആവശ്യപ്പെട്ടപ്പോൾ വ്യാപാരി കുബുദ്ധിയോടെ ഒച്ചയെടുത്തു - "എന്ത്? എൻ്റെ കുതിര നിൻ്റെയാണെന്നോ? ഞാൻ സ്വന്തം കുതിരപ്പുറത്ത് ഇവിടേക്ക് വന്നത് നീ കണ്ടതല്ലേ?"

അന്നേരം ആളുകൾ പറഞ്ഞു -"ഞങ്ങൾ കണ്ടതാണ് ഈ വ്യാപാരി കുതിരപ്പുറത്ത് വന്ന് കച്ചവടക്കാര്യം വിളിച്ചു കൂവുന്നത്!"

ചതിയെന്നു മനസ്സിലായ കർഷകൻ നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ രണ്ടു പേരെയും കുതിരകളെയും മര്യാദരാമൻ്റെ മുന്നിൽ എത്തിച്ചു.

കാര്യങ്ങൾ മനസ്സിലാക്കിയ മര്യാദരാമൻ പറഞ്ഞു -"ഈ രണ്ടു കുതിരകളും രണ്ടാളും ഇവിടെ ഒരു രാത്രി തങ്ങുക. നാളെ രാവിലെ തീരുമാനമാക്കാം"

അടുത്ത ദിവസം രാവിലെ മര്യാദരാമൻ വന്ന് കർഷകനെയും വ്യാപാരിയെയും കൂട്ടി  കുതിരലായത്തിൽ ചെന്നു. രണ്ടു പേരെയും പുറത്തു നിർത്തി. മര്യാദരാമൻ അകത്തു ചെന്ന് രണ്ട് കുതിരകളെയും അഴിച്ചു വിട്ടു! അത് രണ്ടും കുതിച്ചു പാഞ്ഞ് യജമാനന്മാരുടെ പക്കൽ വന്ന് ഉരുമി നിന്നു.

കർഷകനോടു സ്നേഹം കാണിച്ച് നല്ല കുതിര നിന്നപ്പോൾ മെലിഞ്ഞവൻ വ്യാപാരിയുടെ അടുക്കൽ നിന്നു!

മര്യാദരാമൻ ദേഷ്യപ്പെട്ടു - "ഈ കള്ള വ്യാപാരിയെ തുറുങ്കിലടയ്ക്കുക. ക്ഷീണിച്ച കുതിരയെ കർഷകൻ ഇനി സംരക്ഷിക്കട്ടെ!"

Written by Binoy Thomas, Malayalam eBooks-1224-Maryada Raman Stories - 3/ PDF-https://drive.google.com/file/d/1FOo28H5UwyagWd0Co1YesLLRIhBwnPyY/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം