(1210) കയ്യടി!

 സിൽബാരിപുരം ദേശമാകെ ഒരു കാലത്ത് വെള്ളക്കെട്ടുകൾ നിറഞ്ഞ പ്രദേശമായിരുന്നു. അതുകൊണ്ടു തന്നെ അവിടെ കൊതുകുകൾ വല്ലാതെ പെരുകിയ സ്ഥലമാണ്. അതിനാൽ, കൊതുകുശല്യം കാരണം നാട്ടുകാർ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.

കൊതുകുകൾക്കും പ്രത്യേകം സംഘങ്ങൾ ഉണ്ടായിരുന്നു. അത്തരം ഒരു സംഘം നാണുവിൻ്റെ വീടിനു മുന്നിലെ വെള്ളക്കെട്ടിൽ താവളമടിച്ചു.

മുട്ടകൾ വിരിഞ്ഞ് കുഞ്ഞൻകൊതുകുകൾ പുറത്തിറങ്ങാൻ തുടങ്ങിയ സമയമായിരുന്നു അത്. അന്നേരം, അവരുടെ നേതാവ് ഉച്ചത്തിൽ പറഞ്ഞു -"നിങ്ങൾ ആദ്യമായി വേട്ടയ്ക്ക് ഇറങ്ങുകയാണ്. ഈ വീട്ടിലെ ആളുകളുടെ രക്തം കുടിക്കാൻ പോകുമ്പോൾ നല്ലതു പോലെ ശ്രദ്ധിക്കണം. കാരണം അവർ ക്രൂരന്മാരാണ്. നമ്മളെ അവർ ശത്രുക്കളായിട്ടാണു കാണുന്നത്"

അപ്പോൾ ഒരു കൊതുക് പറഞ്ഞു -"ഞാൻ ആദ്യം പോയി കുടിച്ചിട്ടു വരാം. അതുകഴിഞ്ഞ് മറ്റുള്ളവർ വന്നാൽ മതി "

അങ്ങനെ ആ വീട്ടിലേക്ക് ആദ്യമായി കുഞ്ഞൻകൊതുക് പറന്നു കയറി. എന്നാൽ, കുറച്ചു കഴിഞ്ഞ് വളരെ സന്തോഷത്തോടെ അവൻ മടങ്ങി വന്ന് നേതാവിനോടു പറഞ്ഞു -"അങ്ങ് പറഞ്ഞതു തെറ്റാണ്. മനുഷ്യർക്ക് നമ്മളോടു വലിയ സ്നേഹമാണ്. എൻ്റെ മൂളിപ്പാട്ട് കേട്ടയുടൻ, അവരെല്ലാം കൈ കൊട്ടി എന്നെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തത് "

ഉടൻ, നേതാവ് പൊട്ടിച്ചിരിച്ചു - "എടാ, മണ്ടാ, അത് നിന്നെ സ്വാഗതം ചെയ്തതല്ല. നിന്നെ കൊല്ലാനായി പിറകേ നടന്ന് കയ്യടിച്ചതാണ്. അവരുടെ കയ്യിൽ നീ പെടാതിരുന്നത് നിൻ്റെ ഭാഗ്യം!"

അതുകേട്ട്, കുഞ്ഞൻകൊതുകുകൾ എല്ലാവരും ഞെട്ടി!

ആശയം: ചിലർ ഏതു തെറ്റായ കാര്യങ്ങളെയും കയ്യടിച്ച് പ്രോൽസാഹിപ്പിക്കും. ഏതെങ്കിലും കാര്യം സാധിക്കാൻ വേണ്ടി വെറും പുകഴ്ത്തലുകളും മുഖസ്തുതിയും അധരസേവയും പാദസേവയും ഇപ്പോൾ സാധാരണമായിരിക്കുന്നു.

Written by Binoy Thomas, Malayalam eBooks- 1210- Satire -37, PDF-https://drive.google.com/file/d/1jTcBq820sGj7lNLD_2s3ufTA679qCul_/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories