(1209) കുടങ്ങൾ പറഞ്ഞ കഥ!
പണ്ട്, സിൽബാരിപുരം ദേശത്ത് ആശ്രമത്തിലെ ഗുരുജിക്ക് നാല് ശിഷ്യന്മാർ ഉണ്ടായിരുന്നു.പല അവസരങ്ങളിലായി രാജാവും ജന്മിമാരും ഗുരുവിന് സമ്മാനങ്ങൾ നൽകുന്നതു പതിവായിരുന്നു. ഒരു സ്വർണം പൂശിയ കുടവും വെള്ളികുടവും ചെമ്പുകുടവും മൺകുടവും സമ്മാനങ്ങൾക്കിടയിൽ ഇരിപ്പുണ്ടായിരുന്നു.
ഒരു ദിവസം - ആ മുറി വൃത്തിയാക്കാൻ വന്ന 4 ശിഷ്യന്മാർ ഈ കുടങ്ങൾ വൃത്തിയാക്കുന്ന വേളയിൽ കുടങ്ങളേക്കുറിച്ച് ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി. ക്രമേണ പലതും പറഞ്ഞ് ശിഷ്യന്മാർ ദേഷ്യപ്പെടാൻ തുടങ്ങി.
ഇതു കേട്ടുകൊണ്ട് ഗുരു അങ്ങോട്ടു വന്ന് അവരോടു പറഞ്ഞു - ''ഇന്ന് നിങ്ങൾ ദൂരെയുള്ള തടാകത്തിൽ നിന്നും ഈ നാല് കുടങ്ങളിൽ വെള്ളം കൊണ്ടുവരിക. ഇഷ്ടമുള്ള കുടം നിങ്ങൾ നാലു പേർക്കും എടുക്കാം"
ഗുരു പോയപ്പോൾ സ്വർണ്ണം പൂശിയ കുടത്തിനായിരുന്നു നാലു പേരും വാശി പിടിച്ചത്. ഏറ്റവും കരുത്തൻ മറ്റുള്ളവരെ ഭയപ്പെടുത്തി അത് സ്വന്തമാക്കി.
പിന്നെ, വെള്ളിക്കുടം രണ്ടാമൻ പിടിച്ചു വലിച്ച് മേടിച്ചു. മൂന്നാമന് ചെമ്പു കുടവും കിട്ടി. നാലാമൻ നിരാശയോടെ മൺകുടവുമായി നടക്കാൻ തുടങ്ങി.
നടന്ന വഴിയിൽ സ്വർണ്ണക്കുടവും വെള്ളിക്കുടവും ഉണ്ടായിരുന്ന രണ്ടു പേരും അഹങ്കാരത്തിലായിരുന്നു. എന്നാൽ അവർ പോയ വഴിയിൽ മറഞ്ഞിരുന്ന കള്ളന്മാർ ചാടി വീണ് സ്വർണ്ണക്കുടവും വെള്ളിക്കുടവും ശിഷ്യന്മാരുടെ കയ്യിൽ നിന്നും തട്ടിയെടുത്തു. മറ്റുള്ള രണ്ടു പേരെയും പോകാൻ അനുവദിച്ചു.
കുടം പോയ വിഷമത്തിൽ രണ്ടു പേരും ആശ്രമത്തിലേക്കു തിരികെ ഓടി. പക്ഷേ, മറ്റുള്ള രണ്ടു പേരും തടാകത്തിൽ നിന്നും വെള്ളമെടുത്ത് തിരികെ ആശ്രമത്തിലെത്തി.
നാലുപേരെയും ഗുരു വിളിച്ചിട്ട് പറഞ്ഞു -"നിങ്ങൾ രണ്ടു കുടത്തിലെയും വെള്ളം രുചിച്ചു നോക്കൂ!"
ചെമ്പുകുടത്തിലെ വെള്ളത്തിന് ക്ലാവ് പിടിച്ച ചുവ ഉണ്ടായിരുന്നു. അതേസമയം, അവർ പറഞ്ഞു - "മൺകുടത്തിലെ വെള്ളത്തിന് നല്ല രുചിയും തണുപ്പും ഉണ്ട്!"
ഗുരു തുടർന്നു: "വില പിടിച്ചതെല്ലാം മൂല്യമേറിയത് ആകണമെന്നില്ല. ചെറിയ കാര്യങ്ങൾക്കും ചിലപ്പോൾ അമൂല്യമായ വില വരുന്ന കാലം വന്നേക്കാം. അതിനാൽ വലുതിനു പിറകേ വഴക്കിട്ടു നടക്കരുത്!"
Written by Binoy Thomas, Malayalam eBooks-1209-Nanma-56, PDF -https://drive.google.com/file/d/1vYr5WbvZcTnUwpTC4yKpHbTLzr_-QGuz/view?usp=drivesdk
Comments