(1206) എലിയും പുലിയും!

 പണ്ടുകാലത്ത്, സിൽബാരിപുരം രാജ്യമാകെ കാടായിരുന്നു. പിന്നീട്, കാട് വെട്ടിത്തെളിച്ച് ചില സ്ഥലങ്ങളിൽ മാത്രമായി ആളുകൾ താമസിച്ചു തുടങ്ങി.

അവരിൽ, ഒരു ദിവ്യഗുരുവും ഉണ്ടായിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞു പോയപ്പോൾ ഒരു ദിവസം - ഗുരു മരത്തണലിൽ ധ്യാനിക്കുകയായിരുന്നു.

അന്നേരം, ഒരു പരുന്ത് എലിയെ റാഞ്ചിയെടുത്ത്  പറക്കുന്നതിനിടയിൽ എലി ശക്തമായി കുതറിയപ്പോൾ കാലിലെ പിടിവിട്ട് താഴേക്കു പതിച്ചു. ഗുരുവിൻ്റെ മടിയിലാണ് എലി വന്നു വീണത്.

ഗുരു അതിന് ആഹാരം കൊടുത്ത് വളർത്തി. ആശ്രമത്തിലെ നല്ല ജീവിതം എലി ആസ്വദിച്ചു വളരുന്ന കാലം. ഒരു ദിവസം അയലത്തെ പൂച്ച ഈ എലിയെ ഓടിച്ച് പിടിക്കാൻ നോക്കിയപ്പോൾ രക്ഷയ്ക്കായി ഗുരുവിൻ്റെ മുന്നിലേക്ക് അത് ഓടിവന്നു.

ഗുരുവിനോട് എലി പറഞ്ഞു - "ആ പൂച്ച എൻ്റെ ജീവനു ഭീഷണിയാാണ്. ഞാൻ പല തവണ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. അതുകൊണ്ട് പൂച്ചയെ പേടിച്ചുള്ള ഈ ജീവിതംതന്നെ എനിക്കു മടുത്തിരിക്കുന്നു. എന്നെ ഒരു പൂച്ചയായാക്കി മാറ്റണം"

ഗുരു ഒരു മന്ത്രം ചൊല്ലിയ നിമിഷത്തിൽ എലി പൂച്ചയായി മാറി. പിന്നീട് അയലത്തെ പൂച്ചയെ പേടിക്കേണ്ടി വന്നില്ല. എന്നാൽ, കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ രാത്രിയിൽ ഒരു പുലി കാട്ടിൽ നിന്നും നാട്ടിലിറങ്ങി. അത് ആശ്രമ പരിസരത്ത് എത്തി. പൂച്ചയായി മാറിയ എലിയെ തിന്നാൻ പുലി ഓടിച്ചപ്പോൾ വീണ്ടും പൂച്ച ഗുരുവിൻ്റെ അടുക്കൽ അഭയം പ്രാപിച്ചു.

ഗുരുവിനെ കണ്ടയുടൻ പുലി ഭയപ്പെട്ട് കാട്ടിലേക്കു തിരികെ പോയി. എന്നാൽ, പൂച്ച നിലവിളിച്ചു - "ആ പുലി എന്നെ തിന്നാൻ വീണ്ടും വന്നേക്കാം. അതിനാൽ എന്നെ ഒരു പുലിയാക്കി മാറ്റിയാലും"

ഉടൻ, അവൻ പുലിയായി മാറി! പുലിയാണെങ്കിലും ആരെയും ഉപദ്രവിക്കാതെ ശാന്തനായി ആശ്രമത്തിൽ കഴിഞ്ഞു. എങ്കിലും നാട്ടുകാർ പുലിയെ കാണുമ്പോൾ പറയും - "ഇവൻ വെറും എലി മാത്രമാണ്. പിന്നെ പൂച്ചയും പുലിയുമൊക്കെ ആയത് ഗുരുവിൻ്റെ ശക്തി മൂലമാണ്. പുലിയുടെ ആകൃതിയുള്ള എലി വെറും പേടിത്തൊണ്ടൻ മാത്രം"

ഇങ്ങനെയുള്ള സംസാരങ്ങൾ പല അവസരങ്ങളിലായി പുലി കേട്ടപ്പോൾ അവൻ ദേഷ്യം കൊണ്ട് പിറുപിറുത്തു - "എലിയായ എന്നെ പൂച്ചയും പുലിയും ആക്കിയെങ്കിലും ഇപ്പോഴുള്ള നാണക്കേടിനു കാരണം ഗുരുവാണ്. അത്ഭുത ഗുരുവിനെ കൊന്ന് ഞാൻ ഏറ്റവും വലിയ ശക്തിമാൻ എന്ന് നാട്ടുകാർക്കു മുന്നിൽ തെളിയിക്കും"

നാട്ടുകാർ ഗുരുവിനെ കാണാൻ വന്ന ഒരു ദിവസം. എല്ലാവരും കാൺകെ ചാടി വീഴാനുള്ള പുലിയുടെ ഭാവം കണ്ടപ്പോൾ ഗുരു ജാഗ്രത പാലിച്ചു. അവൻ ചാടിയ നിമിഷത്തിൽത്തന്നെ ഗുരു വീണ്ടും എലിയാക്കി മാറ്റി!

ഗുരു കോപിച്ചു - "മേലിൽ, ഈ ആശ്രമ പരിസരത്തു കണ്ടു പോകരുത്!"

ആളുകൾ ആർത്തുചിരിച്ചു! എലി പേടിച്ച് ഓടി ചെന്നത് അയലത്തെ പൂച്ചയുടെ മുന്നിലായിരുന്നു. അവൻ ആ പൂച്ചയുടെ ആഹാരമായി മാറി!

ആശയം: മെച്ചപ്പെട്ട രീതിയിൽ ഇന്ന് നാം ജീവിക്കുന്നതിൻ്റെ പിന്നിൽ അനേകം രൂപമാറ്റങ്ങളും പരിണാമങ്ങളും ഉണ്ടായിരിക്കാം. അതു മറക്കാൻ പാടില്ല!

Written by Binoy Thomas, Malayalam eBooks-1206- folk tales -77, PDF-https://drive.google.com/file/d/1wM36dwtKYf9w3UXV9ZJwNqpC3U9Ug-sQ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

അറബിക്കഥകള്‍ -1

പഞ്ചതന്ത്രം കഥകള്‍ -1

(665) അംഗിവാക്യം, അംഗവാക്യം