(1246) ഈശ്വര വാദി!
ഒരിക്കൽ, സിൽബാരിപുരം ദേശത്ത്, നിരീശ്വരവാദിയായ ഒരു പണ്ഡിതൻ ഉണ്ടായിരുന്നു. എവിടെയെങ്കിലും പ്രാർഥനകളോ പൂജകളോ ഹോമങ്ങളോ നടന്ന കാര്യം കേട്ടാൽ അയാൾ അതിനെ പുഛിച്ചു സംസാരിക്കുന്നതും പതിവായിരുന്നു.
ഒരു ദിവസം ഈ പണ്ഡിതൻ തൻ്റെ യാത്രാവേളയിൽ ആൽമരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു. അന്നേരം, സമീപത്തുള്ള അമ്പലത്തിൽ നിന്നും മടങ്ങുകയായിരുന്ന ഗുരുവിനെ കണ്ടപ്പോൾ പണ്ഡിതന് അമർഷം തോന്നി.
അയാൾ ഗുരുവിനോടു ചോദിച്ചു: "ഭക്തിയോഗത്തിൽ മുങ്ങി നിൽക്കുന്ന താങ്കൾ എങ്ങനെയാണ് ശിഷ്യന്മാർക്ക് ശരിയായ ദിശ പകർന്നു കൊടുക്കുന്നത്?"
ഗുരു പറഞ്ഞു: "ദൈവവിശ്വാസം ഒരു ശിഷ്യനെയും നശിപ്പിക്കില്ല"
പണ്ഡിതൻ തുടർന്നു: "പക്ഷേ, താങ്കൾ ഇല്ലാത്ത ദൈവത്തിൻ്റെ പേര് പറഞ്ഞ് ശിഷ്യരെ തെറ്റിദ്ധരിപ്പിച്ച് ഭയപ്പെടുത്തുകയാണ് "
ഗുരു മറുപടിയായി പറഞ്ഞു: "ദൈവം ഇല്ലെന്ന് താങ്കളോട് ആരാണു പറഞ്ഞത്?"
അപ്പോൾ പണ്ഡിതൻ മറുചോദ്യം എറിഞ്ഞു: "ദൈവം ഉണ്ടെന്ന് ആരാണ് പറഞ്ഞത്?"
ഗുരു അല്പം ആലോചിച്ചിട്ടു പറഞ്ഞു: "ദൈവം ഇല്ലെന്ന് താങ്കൾ വിശ്വസിക്കുന്ന പോലെ ദൈവം ഉണ്ടെന്ന് വിശ്വസിക്കാനുള്ള തുല്യ അവകാശം എനിക്കുമുണ്ട് "
പക്ഷേ, പണ്ഡിതന് തോൽക്കാനുള്ള മനസ്സ് ഇല്ലായിരുന്നു: "താങ്കൾ എന്നെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?"
ഗുരു പറഞ്ഞു: "ഇല്ല"
പണ്ഡിതൻ പൊട്ടിച്ചിരിച്ചു: "കാണാത്ത ദൈവത്തെക്കുറിച്ച് താങ്കൾ എങ്ങനെയാണ് ശിഷ്യന്മാരോടു പറയുന്നത്?"
ഉടൻ, ഗുരു ചോദിച്ചു: "താങ്കൾ ശ്വസിക്കുന്ന വായുവിൽ പ്രാണവായുവിനെ (ഓക്സിജൻ) കണ്ടിട്ടാണോ നിങ്ങൾ ശ്വസിക്കുന്നത്?"
പണ്ഡിതൻ പരിഹാസത്തോടെ പറഞ്ഞു: "അതെങ്ങനെ നമ്മുടെ കണ്ണിന് കാണാനാകും? പക്ഷേ ഓക്സിജൻ ഉണ്ടെന്ന് നമുക്ക് അറിയാമല്ലോ"
ഗുരു പറഞ്ഞു: "അതു തന്നെയാണ് എനിക്കും പറയാനുള്ളത്. ദൈവം ഉണ്ടെന്ന് എനിക്കും അറിയാമല്ലോ. വായുവിലെ പ്രാണവായുവിനെ തിരിച്ചറിയാനും വേർതിരിക്കാനുമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കാര്യത്തിൽ തനിക്കു തെളിവ് നൽകാനാകും. എന്നാൽ, ദൈവത്തെ നേരിൽ കാണാനുള്ള വിദ്യ ഇതു വരെയും കണ്ടുപിടിക്കാത്തതിനാൽ തെളിവ് തരാനായില്ല. എന്നു കരുതി ദൈവമില്ല എന്നല്ല അതിൻ്റെ അർത്ഥം. 250 വർഷങ്ങൾക്കു മുൻപ് ഓക്സിജനെയും ആർക്കും അറിയില്ലായിരുന്നല്ലോ"
പണ്ഡിതൻ യാതൊന്നും പറയാതെ ദേഷ്യത്തോടെ അവിടം വിട്ടു പോയി.
Written by Binoy Thomas, Malayalam eBooks - 35, PDF -https://drive.google.com/file/d/1lCDHlpstqy2iLUt-m92EtIC3lDlwA1Nu/view?usp=drivesdk