(1245) കറവക്കാരൻ!
പണ്ട് സിൽബാരിപുരം ദേശമാകെ മനോഹരമായ അനേകം ഗ്രാമങ്ങൾ ചേർന്നതായിരുന്നു. അവിടെയുള്ള പുഷ്‌കരൻ നല്ലൊരു കറവക്കാരനാണ്. എന്നാൽ സ്വന്തമായി ഒരു ആടോ പശുവോ ഒന്നും അയാൾക്കില്ല.
അയലത്തെ മുതലാളിക്ക് വലിയ ഗോശാലയുണ്ട്. ഏതാണ്ട്, ആ ഗ്രാമത്തിലെ പാലിൻ്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഈ ഒരു ഗോശാല ധാരാളമായിരുന്നു.
അവിടെ മുതലാളിക്ക് വേറെ ഒരുപാട് സേവകന്മാർ ഉണ്ടായിരുന്നെങ്കിലും പുഷ്കരൻ്റെ കൈപ്പുണ്യം നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. അങ്ങനെ ആത്മാർഥമായി ജോലി ചെയ്തു വരുന്ന സമയത്ത് ഒരു ദിവസം പുഷ്‌കരനു പനി പിടിച്ചു.
പണി ചെയ്യാൻ പറ്റാത്ത വിധം കിടപ്പിലാകയാൽ ഗോശാലയിലേക്ക് ഒരാഴ്ച വരാൻ പറ്റിയില്ല. അതിനു ശേഷം അയാൾ ഗോശാലയിലേക്ക് ചെന്നപ്പോൾ മുതലാളി ഗർജ്ജിച്ചു: "നീ എങ്ങോട്ടാ? നിനക്ക് തോന്നുമ്പോൾ വന്നു ജോലി ചെയ്യാൻ ഇതെന്താ സത്രമാണോ?"
ഉടൻ, പുഷ്‌കരൻ വിറച്ചു കൊണ്ട് പറഞ്ഞു: "മുതലാളീ, എന്നോടു പൊറുക്കണം. പനി കാരണം ഒന്ന് എണീറ്റ് നിൽക്കാൻ പോലും പറ്റില്ലായിരുന്നു. ഞാൻ ഭാര്യയെ വിട്ട് തറവാട്ടിൽ ഈ വിവരം അറിയിച്ചിരുന്നു"
മുതലാളി അലറി!: "പ്‌ഫ! നീ എന്നോടു ന്യായം പറയാൻ വളർന്നോടാ? ഇനി ഒരു നിമിഷം പോലും ഈ തറവാട്ടിൽ നിന്നെ കണ്ടു പോകരുത്!"
അയാൾ കരഞ്ഞുകൊണ്ട് വീട്ടിലെത്തി ഭാര്യയോടു വിവരം ധരിപ്പിച്ചു. അവൾ സമാധാനിപ്പിച്ചു: "ചേട്ടന് ആകെ അറിയാവുന്ന പണി പശുക്കറവയാണ്. വേറെ ഏതെങ്കിലും തറവാട്ടിലൊക്കെ ഈ പണി തിരക്കണം"
അങ്ങനെ, കുറെ അകലെയുള്ള ഒരു തറവാട്ടിൽ കയറിച്ചെന്നപ്പോൾ അവിടത്തെ വൃത്തിഹീനമായ കാലിത്തൊഴുത്തും രോഗം പിടിച്ച കന്നുകാലികളെയും കണ്ടപ്പോൾ പുഷ്‌കരനു വിഷമം തോന്നി.
"യജമാനനേ, എനിക്ക് കൂലിയൊന്നും തരേണ്ട. ഞാൻ ഈ തൊഴുത്തും പരിസരവും ഒന്നു വൃത്തിയാക്കട്ടെ?"
ഒരു ദിവസം മുഴുവൻ മിന്നൽ വേഗത്തിൽ പണികൾ ചെയ്തിട്ട് പണിക്കൂലി ചോദിക്കാതെ നടന്ന പുഷ്‌കരനെ തറവാട്ടു കാരണവർ തിരികെ വിളിച്ചു: "ഇത്രയും ആത്മാർഥതയുള്ള ഒരു കറവക്കാരനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല. അതിനാൽ നിനക്ക് തൊഴുത്തിലെ ഒരു പശുക്കിടാവിനെ കൊണ്ടുപോകാം"
അങ്ങനെ, പിന്നെയുള്ള കുറെ മാസങ്ങൾ പലയിടങ്ങളിൽ കറവക്കാരനായി പോയി ജീവിച്ച സമയത്ത് ആ പശുക്കിടാവ് വലുതായി. പിന്നീട് അതിൻ്റെ കറവക്കാരനായി. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്വന്തം കാലിത്തൊഴുത്ത് അനേകം പശുക്കൾ നിറഞ്ഞ ആ നാട്ടിലെ വലിയ ഗോശാലയായി മാറി. അതേസമയം, പുഷ്‌കരനെ പറഞ്ഞു വിട്ട മുതലാളിയുടെ ഗോശാല അടച്ചുപൂട്ടി! മുതലാളിയുടെ സമ്പത്തെല്ലാം മക്കൾ ധൂർത്തടിച്ച് അയാൾ ദാരിദ്ര്യത്തിലായി.
ഒരിക്കൽ, അയാൾ പുഷ്‌കരൻ്റെ മുന്നിൽ വന്ന് ക്ഷമ ചോദിച്ചപ്പോൾ പുഷ്‌കരൻ പറഞ്ഞു: "ഒരുപാടു വർഷങ്ങൾ ഞാൻ താങ്കളുടെ കാലിത്തൊഴുത്തിൽ പണിയെടുത്തത് ഓർക്കാതെ താൻ എന്നെ പറഞ്ഞു വിട്ടു. എന്നാൽ, എൻ്റെ ഉയർച്ചയിൽ എനിക്കു തന്നോടു കടപ്പാടുണ്ട്. അന്ന് എന്നെ പുറത്താക്കിയില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും നിൻ്റെ കറവക്കാരനായി ഒടുങ്ങുമായിരുന്നു"
ഗുണപാഠം: നന്ദിയുടെയും കടപ്പാടിൻ്റെയും നിരാസത്താൽ അനേകം ആളുകൾ വിഷമിക്കാറുണ്ട്. എന്നാൽ, ചിലതൊക്കെ മറ്റെന്തോ നല്ലതു വരാനുള്ള നിയോഗങ്ങളാവാം!
Written by Binoy Thomas, Malayalam eBooks - 1245, കടപ്പാട് - 35, PDF -https://drive.google.com/file/d/1XFsBVdXqbrbcvU7fG281ymaPw_SPLd6R/view?usp=drivesdk