(1244) സന്തോഷത്തിൻ്റെ കുപ്പായം !

 ഒരിക്കൽ, സിൽബാരിപുരം ദേശത്തെ ആശ്രമത്തിൽ ഏതാനും യുവാക്കൾ പരിശീലനത്തിനായി ഗുരുവിൻ്റെ അടുക്കലെത്തി. ഒരു മാസത്തെ കാലയളവിൽ അവരുടെ പലതരം പ്രശ്‌നങ്ങൾ തീർത്ത് ദൂരെ ദിക്കിലേക്ക് ജോലിക്കു പോകുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം.

അവരുടെ സംഘത്തിൽ കുമാരൻ എന്നു പേരുള്ള ഒരുവൻ വളരെ ദുഃഖിതനായിരുന്നു. ഗുരു അവനെ വിളിച്ച് കാര്യം തിരക്കി. അവൻ പറഞ്ഞു: "ഗുരുജീ, എനിക്ക് ഒന്നിലും സന്തോഷം കണ്ടെത്താനാകുന്നില്ല. ഏതു കാര്യം നോക്കിയാലും എന്നേക്കാൾ മുന്നിൽ അനേകം പേരുണ്ട്. ഞാൻ ഏറ്റവും പിറകിലായി കഴിവു കെട്ടവനായി തോന്നുകയാണ്"

ഗുരു പറഞ്ഞു: "ഈ ലോകത്ത് അനേകം ആളുകൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അവരിൽ ഏറ്റവും ആനന്ദിക്കുന്ന ആളിൻ്റെ വസ്‌ത്രം നീ ധരിച്ചാൽ നിനക്കും അതേ ആനന്ദം കിട്ടും. അതിനാൽ നീ അടുത്ത ദിവസം രാവിലെ കൊട്ടാര വീഥിയിലൂടെ നടന്ന് ആ വസ്ത്രം കരസ്ഥമാക്കണം"

ശിഷ്യൻ അടുത്ത പ്രഭാതത്തിൽ വഴിയിലൂടെ നടന്നു. ആദ്യം കണ്ടത് കൊട്ടാര പണ്ഡിതനെ ആയിരുന്നു. കുമാരൻ അദ്ദേഹത്തോടു ചോദിച്ചു: "അങ്ങ് സന്തോഷത്തിലാണോ ജീവിക്കുന്നത്?"

പണ്ഡിതൻ പറഞ്ഞു: "ഞാൻ സന്തോഷവാനല്ല, കാരണം കൊട്ടാര തർക്കങ്ങളിൽ ഞാൻ തോറ്റാൽ കൊട്ടാരത്തിൽ നിന്നും എന്നെ രാജാവ് പുറത്താക്കും"

പിന്നീട്, വന്ന കച്ചവടക്കാരനോടു അതേ ചോദ്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: "ചന്തയിൽ എൻ്റെ കടയുടെ സമീപം മറ്റൊരു പുതിയ കട വന്നതിനാൽ കച്ചവടം കുറഞ്ഞ് എൻ്റെ സന്തോഷമെല്ലാം പോയി"

പിന്നീട് വന്ന ഭടനെ കണ്ടപ്പോൾ അയാൾ പറഞ്ഞു: "എപ്പോൾ യുദ്ധം വന്നാലും എനിക്ക് മരണഭീതിയുണ്ട്"

പിന്നെ, കടത്തുകാരനെ കണ്ടു. അയാൾ വിഷമത്തോടെ പറഞ്ഞു: "വളരെ പഴയ വള്ളമാണ് എൻ്റെ കടത്തുവള്ളം. അത് ആൾക്കാരുമായി മുങ്ങാൻ സാധ്യതയുണ്ട്"

അടുത്തതു കണ്ടത് ഒരു ചായക്കടക്കാരനെ ആയിരുന്നു. അയാൾ പറഞ്ഞു: "കഴിഞ്ഞ മാസം വന്നതു പോലെ ഭക്ഷ്യവിഷബാധ എപ്പോഴാണ് ചായക്കടയിൽ  വീണ്ടും വരുന്നതെന്ന് ഓർത്ത് എനിക്കു സമാധാനമില്ല"

പിന്നെയും അനേകം ആളുകളെ കണ്ടെങ്കിലും ആരും സന്തോഷമായി ജീവിക്കാത്തതിനാൽ അവരുടെ വസ്‌ത്രം മേടിക്കാനും പറ്റിയില്ല. അങ്ങനെ കുമാരൻ നിരാശയോടെ ഒരു മരത്തിൻ്റെ ചുവട്ടിൽ വിശ്രമിച്ചു.

അന്നേരം, ഒരു കർഷകൻ പശുവിനെ പുല്ലു തീറ്റിക്കാനായി അവിടെ നടക്കുന്നതു കണ്ടു. അയാളുടെ ചുണ്ടിൽ ഒരു മൂളിപ്പാട്ടും ഉണ്ടായിരുന്നു.

അയാളോട് കുമാരൻ ചോദിച്ചു: "നിങ്ങൾ പാട്ടുപാടുന്നുണ്ടല്ലോ. നല്ല സന്തോഷത്തിലാണെന്നു തോന്നുന്നു?"

അയാൾ പുഞ്ചിരിയോടെ പറഞ്ഞു: "അതെ. ഞാൻ സന്തോഷത്തിലാണ്. എൻ്റെ പശുവിന് എല്ലാ ദിവസവും നല്ലതു പോലെ പാൽ കറവയുണ്ട്. അതിനാൽ നല്ല തീറ്റിയും ഞാൻ കൊടുക്കും. നല്ല അനുസരണമുള്ള പശുവാണ്"

ഉടൻ, കുമാരന് ഏറെ സന്തോഷം തോന്നി. പക്ഷേ, അതോടൊപ്പം ഒരു ആശയക്കുഴപ്പമുണ്ടായി. അയാൾ ഉടുപ്പ് ധരിച്ചിട്ടില്ല. ഒരു മുണ്ടു പോലും ഇല്ല. വെറും കീറിയ ഒരു തോർത്ത് മാത്രമാണ് ആ കർഷകൻ ഉടുത്തിരിക്കുന്നത്.

എങ്കിലും കുമാരൻ പ്രതീക്ഷയോടെ ചോദിച്ചു: "താങ്കളുടെ ഒരു ഉടുപ്പ് എനിക്കു തരുമോ?"

അന്നേരം, കർഷകൻ പൊട്ടിച്ചിരിച്ചു: "ഞാൻ ഇതുവരെയും ഉടുപ്പ് ധരിച്ചിട്ടില്ല. മിക്കവാറും ഒരു തോർത്ത് മാത്രമേ എനിക്കുള്ളൂ. വളരെ വിശേഷപ്പെട്ട ദിവസമെങ്കിൽ ഒരു മുണ്ട് ഉടുക്കും"

വീണ്ടും നിരാശയോടെ കുമാരൻ തിരികെ ഗുരുവിൻ്റെ അടുക്കലെത്തി കാര്യങ്ങൾ വിശദീകരിച്ചു.

അപ്പോൾ ഗുരു കുമാരനെ ഉപദേശിച്ചു: "ഏറ്റവും ലളിതമായി ജീവിക്കുന്നവരും സന്തോഷിക്കുന്നുണ്ട്. എന്നാൽ, പുറമേ നോക്കിയാൽ നേട്ടങ്ങളും പദവികളും ബഹളങ്ങളും ഉള്ളവർ സന്തോഷത്തിലെന്നും വിചാരിക്കാൻ പറ്റില്ല. നിനക്ക് മുന്നിലും പിറകിലുമായി അനേകം ആളുകൾ വരികയും പോകുകയും ചെയ്തേക്കാം. നിൻ്റെ സ്വന്തം സന്തോഷം മാത്രം ശ്രദ്ധിക്കുക!"

Written by Binoy Thomas, Malayalam eBooks - 1244-happiness - 39, PDF -https://drive.google.com/file/d/1GoQxiwvtZPc5VeB0l-LWQa3hdP8eFliK/view?usp=drivesdk

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories